Asianet News MalayalamAsianet News Malayalam

എംആര്‍പിയേക്കാള്‍ വില കൂട്ടുന്നവര്‍ക്കെതിരെ കേസെടുക്കും; സപ്ലൈകോ വില കുറച്ചു

state government to charge against those who charge above mrp
Author
First Published Jul 7, 2017, 4:56 PM IST

തിരുവനന്തപുരം: പരമാവധി വില്‍പ്പന വിലയേക്കാള്‍ (എം.ആര്‍.പി) പൊതു വിപണയില്‍ സാധനങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കിയാല്‍ കേസെടുക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേ സമയം സപ്ലൈകോയില്‍ 52 സാധനങ്ങളുടെ വില കുറച്ചു. എന്നാല്‍ ജി.എസ്.ടിയില്‍ നികുതി ഒഴിവാക്കിയിട്ടുള്ള അരിയ്ക്ക് സംസ്ഥാനത്ത് ഇന്ന് വില കൂട്ടി. 

ചരക്ക് സേവന നികുതിയുടെ മറവില്‍ പൊതുവിപണിയില്‍ വില ഉയര്‍ത്തിയതോടെയാണ് വ്യാപാരികളെ നിയന്ത്രിക്കാന്‍ 52 ഇനങ്ങളുടെ വില സപ്ലൈകോ കുറച്ചത്. ജി.എസ്.ടിയിലെ നികുതി ഇളവ് നടപ്പാക്കിയതോടെ ഭക്ഷണവസ്തുക്കള്‍, സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയ്‌ക്കാണ് വില കുറഞ്ഞത്. പയര്‍ വര്‍ഗങ്ങളുടെ  വില ഒരു രൂപ മുതല്‍ ആറു രൂപ വരെ കുറഞ്ഞു. കടുകിന് രണ്ടു രൂപയാണ് കുറവ്. നികുതി നിരക്ക് ഉയര്‍ന്നെങ്കിലും മല്ലി, മുളക് എന്നിവയ്‌ക്ക് വില ഉയര്‍ത്തിയില്ല. ജീരകത്തിനും വില വ്യത്യാസമില്ല. എന്നാല്‍ പഞ്ചസാരയുടെ വില 50 പൈസ കൂടിയിട്ടുണ്ട്. നികുതി ബാധമല്ലെങ്കിലും വിവിധ ഇനം അരിക്ക് 50 പൈസ മുതല്‍ മൂന്നര രൂപ വരെയാണ് പൊതു വിപണിയില്‍ വില വര്‍ധിച്ചത്. എഫ്.സി.ഐ വഴി നല്‍കുന്ന അരിക്ക് വില വ്യത്യാസം വന്നിട്ടില്ല. പൊതുവിപണിയില്‍ വിലവര്‍ധന തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന ശക്തമാക്കും.

വില വര്‍ദ്ധന നിയന്ത്രിക്കാനായി വിപണിയില്‍ ഇടപെടാന്‍ സപ്ലൈകോയ്‌ക്ക് കൂടുതല്‍ സഹായം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ജി.എസ്.ടി മൂലം പൊതുവിതരണ ശൃംഖലയിലെ മണ്ണെണ്ണ വിലയുണ്ടായ വര്‍ധന ഒഴിവാക്കാന്‍ നടപടിയെടുക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാ തിയറ്ററുകളിലെ ടിക്കറ്റ് ചാര്‍ജും കുറച്ചിട്ടുണ്ട്. സ്വകാര്യ തിയറ്ററുകളും നിരക്ക് കുറച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Follow Us:
Download App:
  • android
  • ios