Asianet News MalayalamAsianet News Malayalam

സംരംഭക നിക്ഷേപങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു സ്റ്റാര്‍ട്ട്അപ്പ് 2016 മീറ്റ്

teccircle startup
Author
First Published Jun 16, 2016, 2:05 PM IST

കൊച്ചി: സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുടേയും സ്റ്റാര്‍ട്ട്അപ്പ് നിക്ഷേപകരുടേയും ശാക്തീകരണം ലക്ഷ്യമിട്ടു സംഘടിപ്പിച്ച ടെക്‌സര്‍ക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് 2016നു വന്‍ പ്രതികരണം. കൊച്ചി ലെമെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ രാജ്യത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളുടെ മേധാവികള്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഇന്‍ഡിഗോനേഷനായിരുന്നു പരിപാടിയുടെ സ്റ്റൈല്‍പാര്‍ട്ണര്‍.

സ്റ്റാര്‍ട്ടപ് രംഗത്തെ മൂല്യ നിര്‍ണയ രീതികള്‍, പിച്ചിങ് രീതികള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപ പ്രവണതകള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ പാനല്‍ ചര്‍ച്ചകള്‍ നടന്നു. പുത്തന്‍ ആശയങ്ങളുടെ കലവറയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലുള്ള വിദ്യാര്‍ഥികളെന്നും ഈ ആശയങ്ങള്‍ നട്ടുവളര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഐടി മിഷന്‍ ചെയര്‍മാന്‍ എം. ശിവശങ്കര്‍ പറഞ്ഞു.

മികവ് അളക്കുന്നതിന്റെ നിരവധി കടമ്പകള്‍ കടന്ന് 300 വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും നടത്തുന്ന ശാസ്ത്ര - പ്രവ‍ൃത്തിപരിചയ മേളയില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതിശയിപ്പിക്കുന്ന ചിന്തകളും ആശയങ്ങളുമാണ് ഇവരുടെ കൈകളില്‍ വിരിയുന്നത്. സ്റ്റാര്‍ട്ട്അപ്പുകളെ ഇത്തരം ആശയങ്ങളോടു ചേര്‍ത്താല്‍ വിപ്ലവകരമായ മാറ്റമാകം ഈ മേഖലയില്‍ വരിക. ഐടി, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്കു ശോഭനമായ ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios