Asianet News MalayalamAsianet News Malayalam

സൂക്ഷിക്കണം...!!! നിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ നിസ്സാരക്കാരല്ല

things to remember about savings bank accounts
Author
First Published Nov 20, 2017, 6:38 PM IST

ശമ്പളം വാങ്ങാന്‍ മുതല്‍ പണം സൂക്ഷിച്ചുവെയ്ക്കാന്‍ വരെയുള്ള പല കാരണങ്ങള്‍ക്കാണ് പലരും ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത്. നിക്ഷേപമെന്ന നിലയില്‍ പലപ്പോഴും സേവിങ്സ് അക്കൗണ്ടുകള്‍ നല്ല ഒരു തെരഞ്ഞെടുപ്പല്ല. ചില ബാങ്കുകള്‍ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ആറ് ശതമാനം പലിശ നല്‍കാറുണ്ടെങ്കിലും മിക്കവാറും ബാങ്കുകളെല്ലാം വെറും 3.5 ശതമാനം മാത്രം പലിശയേ നല്‍കുന്നുള്ളൂ. എന്നു കരുതി സേവിങ്സ് അക്കൗണ്ടുകളെ നിസ്സാരമായി കാണരുത്.

ഒന്നിലധികം അക്കൗണ്ടുകള്‍
പല കാരണങ്ങള്‍ കൊണ്ട് പലര്‍ക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാവും. ജോലി മാറുന്നതോ താമസ സ്ഥലം മാറുന്നതോ അതുമല്ലെങ്കില്‍ ഏതെങ്കിലും ബാങ്കുകളുടെ പ്രത്യേക ഓഫറുകളില്‍ ആകൃഷ്ടരായി അക്കൗണ്ട് തുറക്കുന്നതോ ഒക്കെ ആവാം. എന്നാല്‍ അവയില്‍ എല്ലാം മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറും. പല അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും നിങ്ങളുടെ പ്രധാന ആവശ്യങ്ങളെല്ലാം നടത്താന്‍ സ്ഥിരമായി ഒരു അക്കൗണ്ട് നിലനിര്‍ത്തുന്നതാണ് നല്ലത്. ഇടപാടുകള്‍ ഇതില്‍ നിന്ന് തന്നെ നടത്തണം.

സര്‍വ്വീസ് ചാര്‍ജ്ജുകള്‍
പല അക്കൗണ്ടുകള്‍ പല ബാങ്കുകളില്‍ ഉണ്ടെങ്കില്‍ എല്ലാത്തിലും മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ അത്യാവശ്യം നല്ലൊരു തുക തന്നെ വേണ്ടി വരും.  ഇതൊരു ബാധ്യതയാവാതിരിക്കാന്‍ വേണമെങ്കില്‍ ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാം. എന്നാല്‍ മറ്റ് സേവനങ്ങള്‍ക്ക് ഓരോ ബാങ്കും ഈടാക്കുന്ന ചാര്‍ജ്ജുകളും നിങ്ങള്‍ അറിഞ്ഞിരിക്കണം. ചില ബാങ്കുകള്‍ ഫണ്ട് ട്രാന്‍സ്ഫര്‍, ഡി.ഡി, ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയ്ക്കൊന്നും അധിക ചാര്‍ജ്ജ് ഈടാക്കാറില്ല.

പണം അടയ്ക്കാന്‍
ലോണുകളുണ്ടെങ്കില്‍ അതിന്റ മാസതവണ അടയ്ക്കാന്‍ മിക്കവറും ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വൈദ്യുതിയും ഫോണും അടക്കം നിങ്ങള്‍ ദൈനംദിന ജീവിതത്തില്‍ അടയ്ക്കേണ്ടി വരുന്ന ബില്ലുകള്‍ ബാങ്ക് അക്കൗണ്ട് വഴി എളുപ്പത്തില്‍ അടയ്ക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ബില്ലടയ്ക്കുന്നതിന് പല ബാങ്കുകളും ബോണസ് പോയിന്റുകള്‍ നല്‍കാറുണ്ട്. കൃത്യമായി ബില്ലുകള്‍ അടയ്ക്കാന്‍ മറന്നു പോകുന്നവര്‍ക്കും ബാങ്കുകള്‍ സഹായിയാകും. ബില്ലുകള്‍ സമയാസമയങ്ങളില്‍ കൃത്യമായി അടയ്ക്കുന്നതിനുള്ള സ്റ്റാന്റിങ് ഇന്‍സ്ട്രക്ഷനുകള്‍ ബാങ്കുകള്‍ക്ക് നല്‍കാന്‍ കഴിയും. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ പോലും അറിയാതെ ബില്‍ തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടും.

ഇന്‍വെസ്റ്റ്മെന്റുകള്‍
എല്ലാത്തരം ഇന്‍വെസ്റ്റ്മെന്റുകള്‍ക്കും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണെന്ന് പറയേണ്ടതില്ലല്ലോ. സ്ഥിര നിക്ഷേപവും റിക്കറിങ് നിക്ഷേപവും പോലുള്ള സാധാരണ നിക്ഷേപ പദ്ധതികള്‍ക്കാണെങ്കിലും ഡീ മാറ്റ് അക്കൗണ്ട് വഴി നടത്തുന്ന മ്യൂച്വല്‍ ഫണ്ട് പോലുള്ളവയ്ക്കും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. ചില ബാങ്കുകള്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ ഏറെ നാളായി ഉപയോഗിക്കാതെ കിടക്കുന്ന പണം സ്ഥിര നിക്ഷേപമായി കണക്കാക്കി ഉയര്‍ന്ന പലിശ നല്‍കാറുണ്ട്.

ആദായ നികുതി ഇളവ്
സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് സെക്ഷന്‍ 80TTA പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. പരമാവധി 10,000 രൂപ വരെ ഇത്തരത്തില്‍ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും. ബാങ്കുകളിലെയും പോസ്റ്റ് ഓഫീസുകളിലെയും അക്കൗണ്ടുകള്‍ക്ക് ഒരുപോലെ ഇത് ലഭ്യമാവും.

Follow Us:
Download App:
  • android
  • ios