Asianet News MalayalamAsianet News Malayalam

വമ്പന്‍ വിലക്കുറവുമായി കിഴക്കമ്പലത്ത് ട്വന്റി20 ഫുഡ് സെക്യൂരിറ്റി ബസാര്‍

twenty20 food security bazar in kizhakkambalam
Author
First Published Nov 17, 2017, 11:20 AM IST

കൊച്ചി: ജനകീയ കൂട്ടായ്‌മയായ ട്വന്റി20 കിഴക്കമ്പലത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റ് നിലവില്‍ വരുന്നു. നവംബര്‍ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി മാര്‍ക്കറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. 10000 ചതുരശ്ര അടിയില്‍ രൂപകല്പന ചെയ്തിട്ടുള്ള ട്വന്റി20 ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റില്‍ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്.
   
കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ട്വന്‍റി20 മാര്‍ക്കറ്റിലൂടെ വില്‍ക്കുകയും അതുവഴി കര്‍ഷകര്‍ക്ക് ന്യായമായ വിലയും ലഭ്യമാക്കുന്നു. കര്‍ണ്ണാടക, തമിഴ്നാട് എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്കറ്റിലേയ്ക്ക് ആവശ്യമായ പച്ചകറികളും മറ്റു അവശ്യസാധങ്ങളും എത്തിയ്ക്കും. കര്‍ശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധങ്ങള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളില്‍ ഇനിയും വില കുറയും.

കിഴക്കമ്പലത്തെ 62000 വരുന്ന ജനങ്ങള്‍ ഈ മാര്‍ക്കറ്റിന്റെ ഉപഭോക്താക്കളാണ്. 500 ഓളം വരുന്ന ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ആറു വയസ്സില്‍ താഴെയുള്ള 1500 ഓളം കുട്ടികള്‍ക്കും പാല്‍, മുട്ട തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നുറോളം കുടുംബങ്ങള്‍ക്കും റോഡിന്റെ വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയ 1050 കുടുംബങ്ങള്‍ക്കും പച്ചകറിയും പലവ്യഞ്ജനങ്ങളും പൂര്‍ണ്ണമായും സൗജന്യമായി നല്‍കി വരുന്നു.

നിത്യോപയോഗ സാധങ്ങളുടെ വിലവര്‍ധനവ് ജനങ്ങളുടെ ജീവിതത്തിന് ദുസ്സഹമാക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് നിലവില്‍ വരുന്നതോടെ വെറും 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിത ചിലവുകള്‍ നടത്താന്‍ സാധിക്കുംڈ എന്ന് ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്സ് ഗാര്‍മെന്‍റ്സ് മാനേജിങ്ങ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു.
പച്ചക്കറി പലവ്യഞ്ജനങ്ങള്‍ ബേക്കറി പലഹാരങ്ങള്‍ ഒരു വീടിനാവശ്യമായ മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്നിവ മാര്‍ക്കറ്റില്‍ ലഭ്യമാണ്. 2020 ഓടെ കിഴക്കമ്പലം പഞ്ചായത്തിനെ ഇന്ത്യയിലെ ഏറ്റവും നല്ല ഒരു മാതൃക പഞ്ചായത്തായി ഉയര്‍ത്തുക എന്നതാണ് ട്വന്റി20 യുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios