Asianet News MalayalamAsianet News Malayalam

യൂബര്‍ ഈറ്റ്സ് വില്‍പ്പനയ്ക്ക്!: വാങ്ങാന്‍ പോകുന്നത് സ്വിഗ്ഗിയോ സൊമാറ്റോയോ?

യൂബര്‍ ഈറ്റ്സിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഫുഡ് സെലിവറി കമ്പനിയായ സ്വിഗ്ഗിയും ഗുരുഗ്രാം ആസ്ഥാനമായ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുമാണ് രംഗത്തുള്ളത്. ഇരു കമ്പനികളും ഇത് സംബന്ധിച്ച് യൂബറുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് ദേശീയ മാധ്യമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

uber eats India for sale: zomato and swiggy in competition
Author
Chennai, First Published Feb 23, 2019, 4:01 PM IST

ചെന്നൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ യൂബര്‍ ഈറ്റ്സ് അവരുടെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്സ് ഇന്ത്യ വില്‍ക്കുന്നു. അമേരിക്കന്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ യൂബറിന്‍റെ ഉപകമ്പനിയാണ് യൂബര്‍ ഈറ്റ്സ്. യൂബറിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായാണ് ഈ നടപടി.

യൂബര്‍ ഈറ്റ്സിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഫുഡ് സെലിവറി കമ്പനിയായ സ്വിഗ്ഗിയും ഗുരുഗ്രാം ആസ്ഥാനമായ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുമാണ് രംഗത്തുള്ളത്. ഇരു കമ്പനികളും ഇത് സംബന്ധിച്ച് യൂബറുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് ദേശീയ മാധ്യമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിപണിയില്‍ യൂബര്‍ ഈറ്റ്സ് ഇന്ത്യയുടെ മുഖ്യ എതിരാളികളാണ് സ്വിഗ്ഗിയും സൊമാറ്റോയും. 

ദിവസവും 1.5 മുതല്‍ 2.5 ലക്ഷം ഡെലിവറികളാണ് യൂബര്‍ ഈറ്റ്സ് നടത്തിവരുന്നത്. യൂബര്‍ ഈറ്റ്സ് ഇന്ത്യയ്ക്ക് ഏകദേശം 5,000 ലക്ഷം ഡോളര്‍ വിപണി മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. ആകെ വില്‍പ്പനയുടെ രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരുമിത്. എന്നാല്‍, യൂബര്‍ ഈറ്റ്സിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സ്വിഗ്ഗിയോ സൊമാറ്റോയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

യൂബര്‍ 2018 ല്‍ 180 കോടി ഡോളര്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. യൂബര്‍ ഈറ്റ്സ് കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയില്‍ പ്രതിമാസം 150 മുതല്‍ 200 ലക്ഷം ഡോളറിന്‍റെ വരെ നഷ്ടം നേരിട്ടിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് കടക്കുന്ന യൂബറിന് യൂബര്‍ ഈറ്റ്സ് ഇന്ത്യയുടെ വില്‍പ്പനയിലൂടെ കമ്പനിയുടെ നഷ്ടം കുറയ്ക്കാനാകും. ഇത് പ്രാഥമിക ഓഹരി വില്‍പ്പനയില്‍ യൂബറിന്‍റെ മൂല്യം ഉയര്‍ത്തും.

സൊമാറ്റോയും സ്വിഗ്ഗിയും 300 മുതല്‍ 400 ലക്ഷം ഡോളര്‍ വരെ നഷ്ടത്തിലാണെന്നാണ് കണക്കുകകള്‍. കസ്റ്റമേഴ്സിന് ഡിസ്കൗണ്ട് നല്‍കുന്നതും വിതരണം നടത്തുന്നവര്‍ക്ക് ഇന്‍സെന്‍റീവ് നല്‍കുന്നതുമാണ് നഷ്ടക്കണക്ക് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.  
 

Follow Us:
Download App:
  • android
  • ios