Asianet News MalayalamAsianet News Malayalam

ഒരു രഹസ്യവും ചോരാതെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നത് ഇങ്ങനെയാണ്

Union Budget2017 here is how union budget is prepared
Author
First Published Jan 28, 2017, 1:55 PM IST

ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലാണ് സാധാരണയായി ബജറ്റ് അവതരണം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് ഫെബ്രുവരി ഒന്ന് ആക്കി മാറ്റി. പൊതു, റെയില്‍ ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്നെന്ന പ്രത്യേകതയും ഉണ്ട്. ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയ അത്യന്തം സൂക്ഷമതയോടെയും രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ടുമാണ്. ഒരു രഹസ്യവും പുറത്തുപോകാതിരിക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ പ്രത്യേക പ്രസിലാണ് ബജറ്റ് രേഖകള്‍ അച്ചടിക്കുന്നത് പോലും. ബജറ്റ് തയ്യാറാക്കാനുള്ള നടപടികള്‍ എങ്ങനെയെന്ന് നോക്കാം...

റെയില്‍ ബജറ്റും കേന്ദ്ര ബജറ്റും ഒരുമിച്ച് അവതരിപ്പിക്കാന്‍ സെപ്തംബറിലാണ് കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാല്‍ ബജറ്റ് നേരത്തെയാക്കണമെന്ന തീരുമാനം നേരത്തെ എടുത്തിരുന്നതിനാല്‍ ധനകാര്യ മന്ത്രാലയം നേരത്തെ തന്നെ പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നു. ചെലവുകള്‍ കണക്കാക്കാന്‍ വിവിധ മന്ത്രാലയങ്ങില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യ പണി.

വ്യവസായികള്‍, സാമ്പത്തിക വിദഗ്ദര്‍, കാര്‍ഷിക രംഗത്ത് നിന്നുള്ളവര്‍, സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ തുടങ്ങിയവരുമായുള്ള ബജറ്റ് പൂര്‍വ്വ ചര്‍ച്ചകളാണ് അടുത്ത ഘട്ടം. സാധാരണ ഗതിയില്‍ ഡിസംബറിലും ജനുവരി ആദ്യത്തിലും നടക്കുന്ന ഈ പരിപാടി ഇത്തവണ നവംബറില്‍ തന്നെ തുടങ്ങിയിരുന്നു.

പ്രാധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും ഉപദേശങ്ങള്‍ തേടിയുമാണ് ബജറ്റ് തയ്യാറാക്കലിന്റെ ഓരോ ഘട്ടവും കടന്നു പോകുന്നത്.

നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക രംഗത്ത് അനുഭവപ്പെടുന്ന ക്ഷീണം അതിജീവിക്കാന്‍ പൊതുമേഖലയെ കൂടുതല്‍ പരിഗണിക്കുന്ന ബജറ്റാവും ഇത്തവണത്തേതെന്നാണ് സൂചന

അതീവ സുരക്ഷയിലാണ് ബജറ്റ് രേഖകള്‍ അച്ചടിക്കുന്നത്. ധനകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് ബ്ലോക്കിന്റെ താഴെ നിലയിലുള്ള പ്രത്യേക പ്രസിലാണ് അച്ചടി. ഇന്റലിജന്‍സ് ബ്യൂറോ ഉദ്ദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. ഡിസംബര്‍ മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ധനകാര്യ മന്ത്രാലയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ബജറ്റ് സംബന്ധമായ ജോലികളില്‍ ഏര്‍പ്പെടുന്ന ഉദ്ദ്യോഗസ്ഥരെ അച്ചടി ജോലികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കില്ല. മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് മാത്രമാണ് വീട്ടില്‍ പോകാന്‍ പോലും അനുവാദമുള്ളത്.

ബജറ്റ് അവതരിപ്പിക്കപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്നുള്ള 20 ഉദ്ദ്യോഗസ്ഥരെ ധനകാര്യ മന്ത്രാലയത്തിലെത്തിക്കും. ഇവരാണ് ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ പ്രസ് റിലീസുകള്‍ തയ്യാറാക്കുന്നത്. ബജറ്റ് അവതരണം കഴിയുന്നത് വരെ ഇവരെയും പിന്നീട് പുറത്തുവിടില്ല.

ബജറ്റ് അവതരണ ദിവസം പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് 10 മിനിറ്റ് മുമ്പാണ് ബജറ്റിന്റെ സംക്ഷിപ്ത രൂപം കേന്ദ്ര മന്ത്രിമാര്‍ക്ക് ലഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios