Asianet News MalayalamAsianet News Malayalam

ആദ്യം മല്യ, ഇപ്പോള്‍ നീരവ് മോദി; വമ്പന്മാര്‍ കോടികളും തട്ടി മുങ്ങുമ്പോള്‍ നോക്കുകുത്തിയായി സര്‍ക്കാര്‍

Vijay Malya and Nirav Modi
Author
First Published Feb 15, 2018, 2:32 PM IST

ദില്ലി: വിജയ് മല്ല്യ മുങ്ങിയതിന് ശേഷവും ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തില്ലെന്നതിന് തെളിവാണ് നീരവ് മോദിയുടെ കുംഭകോണം. ഹോളിവുഡില്‍ വരെ വന്‍ സ്വാധീനം ഉണ്ടായിരുന്ന നീരവ് മോദിയും പൊതുപണം കൊള്ളയടിച്ച് ആഡംബരത്തിന് ഉപയോഗിച്ചതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്.

രത്നവ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ച നീരവ് മോദി, ബെല്‍ജിയത്തിലെ ആന്റ് വര്‍പ്പിലാണ് വളര്‍ന്നത്. വാര്‍ട്ടണ്‍ ബിസിനസ് സ്കൂളില്‍ ചേര്‍ന്ന മോദി ഒരു വര്‍ഷത്തിനകം പഠനം ഉപേക്ഷിച്ച് മുംബൈയില്‍ സ്വന്തം രത്നവ്യാപാര കമ്പനി രൂപീകരിച്ചു. അമേരിക്കയിലെ ആഡംബര കേന്ദ്രങ്ങളിലും മോദി രത്ന ഷോറൂമുകള്‍ തുറന്നു. ഹോളിവുഡ് നടിമാര്‍ നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി. ഡക്കോറ ജോണ്‍സണും കേറ്റ് വിന്‍സ്‍ലറ്റും നവോമി വാട്ട്സും അടുത്തിടെ പ്രിയങ്കാ ചോപ്രയും നീരവ് മോദിയുടെ രത്നാഭരണവുമായി റാംപുകളില്‍ നിറഞ്ഞു. ഹോങ്കോങ്ങിലും മക്കാവുവിലുമൊക്കെ മോദി ഷോറും തുറന്നു. മുംബൈയിലെ പ്രശസ്തമായ റിതം ഹൗസ്, 36 കോടി നല്കി നീരവ് മോദി സ്വന്തമാക്കിയിരുന്നു. പൊതുമേഖലാ ബാങ്കുകളെ കളിപ്പിച്ച് സ്വന്തമാക്കിയ പണം കൊണ്ടാണെന്നാണ് ഇതെല്ലാം നടത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ബാങ്കുകളുടെ കിട്ടാക്കടം കൂടിയത് യു.പി.എ ഭരണകാലത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. 2011ല്‍ തുടങ്ങിയതാണെങ്കിലും നീരവ് മോദിയുടെ തട്ടിപ്പ് നിര്‍ബാധം തുടര്‍ന്നു എന്നത് കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയാണ്. വിജയ് മല്ല്യ രാജ്യം വിട്ടത് വലിയ വിവാദമായതിനു ശേഷവും ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ സര്‍ക്കാര്‍ അനങ്ങിയില്ല എന്നതും വ്യക്തമാകുകയാണ്. വരുമാനം കുറയുമെന്ന് ചൂണ്ടിക്കാട്ടി ഇടത്തരക്കാര്‍ക്ക് ആദായനികുതിയില്‍ ഒരിളവും പ്രഖ്യാപിക്കാന്‍ തയ്യാറാകാത്ത ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലിയുടെ ധനകാര്യ മന്താലയവും ഇത്തരം തട്ടിപ്പുകള്‍ അറിയാതെ പോകുന്നു.

Follow Us:
Download App:
  • android
  • ios