കല്ല്യാണവും കണ്‍ഫ്യൂഷനും 'ഗുരുവായൂര്‍ അമ്പലനടയില്‍' ചിരി ഉത്സവം - റിവ്യൂ

ഒരു പ്രേമ പരാജയത്തിന് ശേഷം അഞ്ച് കൊല്ലത്തോളം വിവാഹത്തെക്കുറിച്ച് ആലോചിക്കാത്ത വിനുവിന്‍റെ വിവാഹം ഉറപ്പിച്ചയിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. 

Guruvayoor Ambalanadayil Review  Laughter Festival  prithviraj basil joseph movie vvk

ല്ല്യാണവും കണ്‍ഫ്യൂഷനും അതിനെ തുടര്‍ന്നുള്ള പുലിവാലും മലയാളത്തിലെ ചിരിപ്പടങ്ങളില്‍ ഒരു കാലത്തെ സ്ഥിരം ചേരുവയായിരുന്നു. ആ ട്രാക്കിലേക്ക് വീണ്ടും തീയറ്ററില്‍ ചിരി ഉത്സവം തീര്‍ക്കാന്‍ തക്കവണ്ണത്തിലാണ് 'ഗുരുവായൂര്‍ അമ്പലനടയില്‍'  എന്ന ചിത്രവും സംവിധായകന്‍ വിപിന്‍ ദാസ് ഒരുക്കിയിരിക്കുന്നത്. പുതിയ കാലത്തിന്‍റെ മാറ്റവും രസവും എല്ലാം ഇടകലര്‍ത്തി രണ്ട് മണിക്കൂര്‍ പത്ത് മിനുട്ട് തീയറ്ററില്‍ പ്രേക്ഷകന് ചിരിക്കാനുള്ള വക നല്‍കുന്നുണ്ട് 'ഗുരുവായൂര്‍ അമ്പലനടയില്‍'.

ഒരു പ്രേമ പരാജയത്തിന് ശേഷം അഞ്ച് കൊല്ലത്തോളം വിവാഹത്തെക്കുറിച്ച് ആലോചിക്കാത്ത വിനുവിന്‍റെ വിവാഹം ഉറപ്പിച്ചയിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. വിനുവിന് വധുവിനെക്കാള്‍ പ്രിയപ്പെട്ടവനാണ് വധുവിന്‍റെ സഹോദരന്‍ ആനന്ദ്. ഇരുവരുടെയും റാപ്പോയിലാണ് ചിത്രം ആരംഭിക്കുന്നത് തന്നെ. എന്നാല്‍ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ഈ വിവാഹം നടക്കുമോ ഇല്ലയോ എന്ന രീതിയിലേക്ക് എത്തിക്കുന്നു, ഈ കഥാതന്തുവില്‍ നിന്നാണ് രസകരമായ ഒരു ചിത്രത്തിലേക്ക്  'ഗുരുവായൂര്‍ അമ്പലനടയില്‍' വളരുന്നത്. 

ജയ ജയ ജയ ഹേ പൊലെ ഒരു ഹിറ്റ് ഒരുക്കിയ വിപിന്‍ ദാസില്‍ നിന്നും മറ്റൊരു പടം എന്നതില്‍ നിന്ന് തന്നെ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് ചിത്രം നല്‍കുന്നുണ്ട്. സിറ്റുവേഷന്‍ കോമഡി അടുത്തകാലത്ത് നന്നായി ഉപയോഗിച്ചിരിക്കുന്ന ഒരു ചിത്രം കൂടിയാണ് 'ഗുരുവായൂര്‍ അമ്പലനടയില്‍'. കുഞ്ഞിരാമായാണം പോലുള്ള കോമഡി വിജയ ചിത്രങ്ങളുടെ രചിതാവായ ദീപു പ്രദീപിന്‍റെ എഴുത്ത് തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല് എന്ന് പറയാം. 

അഭിനേതാക്കളിലേക്ക് വന്നാല്‍ കുറേക്കാലത്തിന് ശേഷമാണ് ഒരു കോമഡി റോളിലേക്ക് പൃഥ്വിരാജ് തിരിച്ചുവരുന്നത്. അതിനാല്‍ തന്നെ താരത്തെ നന്നായി തന്നെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയാം. സിനിമയുടെ മീറ്ററിന് അനുസരിച്ച് തന്നെ സ്ക്രീനില്‍ പൃഥ്വിയുടെ ആനന്ദന്‍ ഗംഭീരമാക്കുന്നുണ്ട്. ബേസില്‍ തോമസും തന്നെ ഏല്‍പ്പിച്ച വിനു രാമചന്ദ്രന്‍ എന്ന റോളിനെ നന്നായി തന്നെ ചെയ്തിട്ടുണ്ട്. 

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‍വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ബൈജു തുടങ്ങിയ താരനിര ചിത്രത്തിന്‍റെ മൊത്തത്തിലുള്ള അന്തരീക്ഷത്തിന് ചേര്‍ന്ന രീതിയില്‍ ഗംഭീരമാക്കിയിട്ടുണ്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ഹൃസ്വമാണെങ്കില്‍ രസകരമാണ് ഈ റോള്‍.

അങ്കിത് മേനോന്‍റെ സംഗീതം ചിത്രത്തിന് ചേര്‍ന്ന രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇതിനകം വൈറലായ കൃഷ്ണ ഗാനത്തിനും, കെ കല്ല്യാണത്തിനും പുറമേ ചിത്രത്തിലുള്ള പാട്ടുകള്‍ പടത്തിന്‍റെ ഒഴുക്കിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. ചിത്രത്തിന്‍റെ മറ്റ് സാങ്കേതിക വശങ്ങളും ഗംഭീരമായി തന്നെ അനുഭവപ്പെടുന്നുണ്ട്. 

മലയാളിയുടെ രസകരമായ സിനിമ അനുഭവങ്ങളില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന 90കളിലെ കണ്‍ഫ്യൂഷന്‍ കോമഡി ഫോര്‍മാറ്റിലുള്ള ഒരു ചിത്രമായി തോന്നാമെങ്കില്‍ കെട്ടിലും മട്ടിലും പ്രകടനത്തിലും ഫ്രഷ്നസ് ഫീല്‍ ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂര്‍ അമ്പലനടയില്‍'. പൃഥ്വിരാജ് ഗുരുവായൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ സ്വഭാവികമായി മനസില്‍ വരുന്ന 'നന്ദനം' റഫറന്‍സ് ഒക്കെ ഗംഭീരമായി തന്നെ ചിത്രത്തിലുണ്ട്. 

മലയാള ബോക്സോഫീസില്‍ പുത്തന്‍ ഉണര്‍വ് നേടിയ 2024 ല്‍ മറ്റൊരു കോമഡി ഫാമിലി ചിത്രം കൂടി വിജയവഴിയിലേക്ക് എത്തുകയാണ്. ഇത് 'ഗുരുവായൂര്‍ അമ്പലനടയില്‍' ചിരി ഉത്സവമായി പ്രേക്ഷകന് അനുഭവപ്പെടും. 

'900 കല്ല്യാണ പന്തലുകള്‍ റെഡി' : 'ഗുരുവായൂര്‍ അമ്പലനടയില്‍' വന്‍ റിലീസ്

റിലീസിന് മണിക്കൂറുകള്‍ മാത്രം 'തീപ്പൊരി' സര്‍പ്രൈസ് നല്‍കി 'ഗുരുവായൂരമ്പല നടയില്‍'

Latest Videos
Follow Us:
Download App:
  • android
  • ios