Asianet News MalayalamAsianet News Malayalam

മോദിക്ക് നൽകിയ ക്ലീൻ ചിറ്റ്: തെരഞ്ഞെടുപ്പ് കമ്മീഷനിൽ സംഭവിക്കുന്നതെന്ത് ?

 ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്രവും അധികാരവും ഈ നിയമം നല്‍കുന്നു

17th Lok Sabha election Narendra Modi get 9 clean chit
Author
Thiruvananthapuram, First Published May 18, 2019, 8:43 PM IST

രണ്ട് മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയ അതിന്‍റെ അവസാന ലാപ്പിലെത്തി നിൽക്കുമ്പോൾ അവശേഷിക്കുന്നത് എന്തൊക്കെയാണ് ? കോടികൾ ചെലവിട്ട് നടന്ന പ്രചാരണങ്ങളും വർഗീയത അടക്കം നിറഞ്ഞു നിന്ന ചർച്ചകളും കോടിക്കണക്കിന് മനുഷ്യരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള ഭഗീരഥ പ്രയത്നവും എല്ലാം കഴിഞ്ഞ് വിധി പ്രഖ്യാപനത്തിലേക്ക് എത്തി നിൽക്കുമ്പോൾ ബാക്കിയാവുന്ന നിർണായക ഘടകങ്ങൾ എന്തൊക്കെയാണ് ? 

ഈയൊരു ചോദ്യത്തെ അഭിമുഖീകരിക്കുമ്പോൾ ഒരു ജനായത്ത രാഷ്ട്രമെന്ന നിലയിൽ നാം ചെന്നു നിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം തെരഞ്ഞെടുപ്പ് കമീഷനാണ്.  ജനാധിപത്യത്തിന്‍റെ ഏറ്റവും നിർണായക ഘടകമായി കരുതുന്ന ഭരണഘടനാപരമായ അധികാരങ്ങളുള്ള സവിശേഷ സംവിധാനം. ആ അടിസ്ഥാന ഘടകം നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത. ഇലക്രോണിക് വോട്ടിംഗ് മെഷീന്‍റെ വിശ്വാസ്യത മുതൽ ആരംഭിച്ച ചർച്ചകൾ ഒടുവിൽ ചെന്ന് നിൽക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിക്കപ്പെട്ടു എന്ന ആരോപണങ്ങളിലാണ്. പാർട്ടികളുടെ ഭാഗത്ത്‌ നിന്നും തെരഞ്ഞെടുപ്പ് വേളകളിൽ പതിവായി ഉയരാറുള്ള ആരോപണങ്ങളിൽ നിന്നും ഇത്തവണത്തെ സാഹചര്യങ്ങളെ വ്യത്യസ്തമാക്കുന്നത്  കമ്മീഷനകത്ത് നിന്ന് തന്നെ ഉയരുന്ന വിയോജിപ്പുകളുടെയും വിമർശനങ്ങളുടെയും പേരിലാണ്. ഒരു കമീഷൻ അംഗം തന്നെ തന്‍റെ വിമർശങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. 

17 -ാം ലോകസഭാ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമ്പത് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഉയര്‍ന്ന ആരോപണപ്രത്യാരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലും ചേരിതിരിവുണ്ടാക്കിയത്.  മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവു സഹിതമുള്ള ആരോപണങ്ങൾ പരിശോധിച്ച ശേഷം കമീഷൻ നൽകിയ ക്ലീൻ ചിറ്റ് ആണ് ഇതിനിടയാക്കിയത്. ക്ലീൻ ചിറ്റ് നൽകിയതിനെതിരായ കമീഷൻ അംഗത്തിന്‍റെ വിയോജിപ്പ് മിനിട്‍സിൽ രേഖപ്പെടുത്താത്തതാണ് കമ്മീഷണർ അശോക് ലവാസയെ പരസ്യ വിമർശനത്തിലെത്തിച്ചത്. 

തുടർന്ന് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയെ കുറ്റപ്പെടുത്തിക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ തന്നെ രംഗത്തെത്തുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍.  ഈ  വിവാദം ഒഴിവാക്കാമായിരുന്നെന്നും ഒരു വിഷയത്തിൽ ഏകാഭിപ്രായമുണ്ടാകണമെന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.  എന്നാല്‍ ഏകപക്ഷീയമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുന്നതെന്ന നിലപാടില്‍ നിന്നും അശോക് ലവാസ പിന്‍മാറാന്‍ തയ്യാറല്ല. 

പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളിൽ ക്ലീൻ ചിറ്റ് നല്കുന്നതിൽ ലവാസയ്ക്ക് വിയോജിപ്പ്‌ ഉണ്ടായിരുന്നു. പ്രധാനമായും രണ്ട് പരാതികളിലാണ് അശോക് ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഒന്ന് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമർശത്തിൽ. രണ്ട്, പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ.‌

ഇതിന്‍റെ ശരിതെറ്റുകളെ കുറിച്ച് അറിയുന്നതിനു മുമ്പ് എന്തൊക്കെയാണ് പെരുമാറ്റ ചട്ടങ്ങൾ എന്നറിയണം. 

നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിപ്പിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്രവും അധികാരവും ഈ നിയമം നല്‍കുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും അവരുടെ പോളിസികളെയും പ്രവര്‍ത്തന മികവിനെയും ആരോഗ്യകരമായ രീതിയില്‍ വിമര്‍ശിക്കാം. എന്നാല്‍ അതിര് വിട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കും. ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയില്‍ ഒന്നും തന്നെ തെരഞ്ഞെടുപ്പില്‍ വോട്ട് കരസ്ഥമാക്കാന്‍ വേണ്ടി ചെയ്യരുത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ, കൃത്യമായ വിവരങ്ങളില്ലാതെ വിമര്‍ശിക്കാനോ അനുവദിക്കുന്നതല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റ ചട്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇതേ സമയം തന്നെ ഭരണ കക്ഷിയ്ക്ക് കമ്മീഷന്‍ ചുമത്തിയ അധിക നിയന്ത്രണങ്ങളെയും പരിശോധിക്കേണ്ടതുണ്ട്. 
 മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ഭരണപാര്‍ട്ടിക്ക് കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. 1979 മുതലാണ് അധികാരത്തിലുള്ള പാര്‍ട്ടികള്‍ക്ക് മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അധികാര പാര്‍ട്ടികള്‍ക്ക് ബാധകമാണ്. അവയില്‍ പ്രധാനപ്പെട്ടവ.

1. സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ പൊതു മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല.

2. എംപിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഒരിക്കലും പ്രചരണ പരിപാടികള്‍ക്കോ പാര്‍ട്ടി പരിപാടികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാരിന്‍റെ ഒരു കാര്യങ്ങളും പ്രചരണത്തിന് ഉപയോഗിക്കാനും പാടില്ല.

3. മന്ത്രിമാരും മറ്റ് അധികാരികളോ ഒരു തരത്തിലുമുള്ള പ്രഖ്യാപനങ്ങളോ സാമ്പത്തികമായ ഗ്രാന്‍ഡുകളോ ഉറപ്പുകളോ നല്‍കാന്‍ പാടുള്ളതല്ല.

4. പൊതുവിടങ്ങള്‍ മറ്റ് പാര്‍ട്ടികാര്‍ക്ക് കൂടി ഉപയോഗിക്കാന്‍ തരത്തില്‍ വേണം ക്രമീകരിക്കാന്‍. അധികാര പാര്‍ട്ടി ഒരിക്കലും ഏകപക്ഷീയമായി അവരുടെ അധികാരം ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ പാടില്ല.

ഇതിനൊക്കെ പുറമേ മതവും സൈന്യത്തെയും പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പലതവണ എടുത്ത് പറഞ്ഞു. 

മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വന്ന പരാതികള്‍:

1. രാഹുല്‍ ഗാന്ധി മുസ്ലിം ഭൂരിപക്ഷ മേഖലയിലേക്ക് ഒളിച്ചോടി

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത് രാഹുല്‍ ഗാന്ധി ഹിന്ദു മേഖലയില്‍ നിന്ന് മുസ്ലിം ഭൂരിപക്ഷ കേന്ദ്രത്തിലേക്ക് ഒളിച്ചോടിയെന്നായിരുന്നു. ഏപ്രില്‍ ഒന്നിനായിരുന്നു മോദിയുടെ ഈ വിവാദ പ്രസംഗം. ഹിന്ദു മേഖലയില്‍ മത്സരിക്കാന്‍ ഭയക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം കേന്ദ്രങ്ങളിലേക്ക് ഓടുകയാണെന്നും മോദി രാഹുലിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ചു. രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മോദിയുടെ പ്രസ്താവന.

2. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സീറ്റുകള്‍ കണ്ടെത്താന്‍ കോണ്‍ഗ്രസിന് മൈക്രോസ്‌കോപ്പ്

ഏപ്രില്‍ ആറിനായിരുന്നു രണ്ടാമത്തെ വിവാദ പ്രസംഗം. മഹാരാഷ്ട്രയിലെ നന്ദേദില്‍ മോദി പ്രസംഗിച്ചത്, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സീറ്റുകള്‍ കോണ്‍ഗ്രസ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് കണ്ടുപിടിച്ചെന്നായിരുന്നു. ഇതും രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ചായിരുന്നു.

3/4.  സൈനികര്‍ക്കാകട്ടെ കന്നിവോട്ട് 

ഏപ്രില്‍ ഒമ്പതിനായിരുന്നു അടുത്ത പരാമര്‍ശം. ഇത്തവണ രാഹുലിനെയും മുസ്ലിംങ്ങളെയും വിട്ട മോദി സൈനികരെയാണ് കൂട്ടുപിടിച്ചത്. കന്നിവോട്ടര്‍മാര്‍, പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബാലാകോട്ട് പ്രത്യാക്രമണത്തില്‍ പങ്കാളികളായ ജവാന്‍മാര്‍ക്കും വേണ്ടി ആദ്യ വോട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മോദിയുടെ പ്രസംഗം.  മഹാരാഷ്ട്രയിലെ ലാത്തൂരിലും കര്‍ണാടകയിലെ ചിത്രദുര്‍ഗയിലും മോദി കന്നിവോട്ടര്‍മാരോട് സൈനികര്‍ക്കായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. 

5. അഭിനന്ദനെ വിട്ടില്ലായിരുന്നെങ്കില്‍ കശാപ്പിന്‍റെ രാത്രിയായേനെ

ഏപ്രില്‍ 21 ന് മോദി വീണ്ടും സൈന്യത്തെയും സര്‍ജിക്കല്‍ സ്ട്രൈക്കിനെയും പ്രചാരണത്തിനായി ഉപയോഗിച്ചു. ഇത്തവണ പാകിസ്ഥാനെതിരെയായിരുന്നു മോദിയുടെ പ്രസംഗം. മോദി പന്ത്രണ്ട് മിസൈലുകള്‍ റെഡിയാക്കിവച്ചു. അഭിനന്ദന്‍റെ മടങ്ങിവരവിന് എന്തെങ്കിലും തടസം നേരിട്ടാല്‍ അത് കശാപ്പിന്‍റെ രാത്രിയായേനേ. ബാലാകോട്ട് അക്രമണത്തിനിടെ വിമാനം തകര്‍ന്ന് പാക് അധിനിവേശ കാശ്മീര്‍ വീണ നമ്മുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ വിടില്ലെന്ന് പാകിസ്താനെ താക്കീത് ചെയ്‌തെന്ന് മോദി അവകാശപ്പെട്ടു. ഗുജറാത്തിലെ പഠാനിലായിരുന്നു ഈ പ്രസ്ഥാവന. തന്‍റെ താക്കീതിന് ശേഷമാണ് പാകിസ്ഥാന്‍ അഭിനന്ദനെ വിട്ടയച്ചതെന്നും ഇല്ലായിരുന്നെങ്കില്‍ അന്ന് കശാപ്പിന്‍റെ രാത്രിയാകുമായിരുന്നുവെന്നും മോദി പ്രസംഗിച്ചു. 

6. ആണവായുധങ്ങള്‍ ദീപാവലിക്കുള്ളതല്ല

ഏപ്രില്‍ 21ന് തന്നെ അടുത്ത പരാമര്‍ശവുമായി മോദി രംഗത്തെത്തി. ഇത്തവണ രാജസ്ഥാനിലെ ബാര്‍മറിലവായിരുന്നു.  എല്ലാ ദിവസവും അവര്‍ പറയുന്നു അവരുടെ കൈയില്‍ അണുബോംബ് ഉണ്ടെന്ന്. നമ്മള്‍ അതുകൊണ്ട് എന്താണ് ചെയ്യുന്നത്.  നമ്മളെന്താ ആണവായുധങ്ങള്‍ ദീപാവലിക്ക് വേണ്ടി വെച്ചിരിക്കുവാണോ ? എന്നായിരുന്നു മോദിയുടെ ചോദ്യം.

7. പോളിങ് ദിനത്തില്‍ റോഡ്‌ഷോ

പോളിങ് ദിനത്തില്‍ റോഡ് ഷോ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പെരുമാറ്റ ചട്ടമുണ്ടായിട്ടും ഏപ്രില്‍ 23 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട് ചെയ്ത ശേഷം മോദി റോഡ് ഷോ നടത്തി. ലോകസ്ഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുന്നേയുണ്ടായിരുന്നൊള്ളൂ. 

8. 40 സൈനികര്‍ക്ക് പകരം 42 ഭീകരരെ വധിച്ചു

ഏപ്രില്‍ 25 ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ മോദി വീണ്ടും പ്രചാരണത്തിനായി സൈന്യത്തെ കൂട്ടു പിടിച്ചു. പുല്‍വാമയില്‍ പാക് ഭീകരര്‍ 40 സൈനികരെ കൊലപ്പെടുത്തി. എന്നാല്‍ തിരിച്ചടിച്ച നമ്മള്‍ ബാലാകോട്ടില്‍ 42 ഭീകരരെ വധിച്ചെന്ന് മോദി അവകാശപ്പെട്ടു. ഇന്ത്യ ബാലാക്കോട്ടില്‍ സൈനീകാക്രമണം നടത്തിയതിന് പുറകേ 300 ഓളം ഭീകരരെ വധിച്ചെന്നായിരുന്നു ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഏപ്രില്‍ 25 ന് മോദി പ്രസംഗിച്ചപ്പോള്‍ അത് 42 ഭീകരരായി കുറഞ്ഞു.

9. രാജീവ് മരിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായി

മെയ് 4 ന് മോദി തന്‍റെ ആരോപണത്തിലെ അവസാന ആയുധവും ഉപയോഗിച്ചു. അത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ചായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ വച്ച് മോദി, രാജീവ് ഗാന്ധി മരിക്കുമ്പോള്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നെന്ന് ആരോപിച്ചു. പിതാവിനെ അക്രമിച്ചു കൊണ്ട് രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം.  ഉപജാപക വൃന്ദമാണ് നിങ്ങളുടെ അച്ഛനെ മിസ്റ്റര്‍ ക്ലീന്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നും മോദി ആരോപണമുന്നയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഈ അഭിപ്രായ ഭിന്നതയ്ക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്ലീന്‍ ചിറ്റ് കിട്ടിയ പ്രധാനമന്ത്രി എന്ന അത്യപൂര്‍വ്വ നേട്ടത്തിനുടമയായി നരേന്ദ്ര മോദ മാറിയെന്നതും കാണണം. ഒമ്പത് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷന്‍ വിലക്കിയ ഒട്ടുമിക്ക കാര്യങ്ങളും മോദി പ്രചാരണത്തിനിടെ ലംഘിച്ചുവെന്നാണ് പരാതി ഉയർന്നത്. എന്നാല്‍ ഇതിലൊന്നിലും നിയമലംഘനമില്ലെന്ന വിചിത്രവാദം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂപപ്പെടുകയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്ന വിമർശനം ഉയരുകയും ചെയ്തത്.

ഇന്ത്യയെ പോലെ വൈവിധ്യപൂര്‍ണ്ണമായ ജനവിഭാഗങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് അതിന്‍റെ ഭരണഘടനാപരമായ നിലനില്‍പ്പ്, തെരഞ്ഞെടുപ്പ് കമ്മീഷനെ പോലുള്ള സ്ഥാപനങ്ങളിലൂടെയാണ് സാധ്യമാകുന്നത്. കോടതി, സൈന്യം, റിസര്‍വ്വ് ബാങ്ക് എന്നിവയെ പോലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനും അതിന്‍റെതായ ഭരണഘടനാ ചുമതല നിര്‍വ്വഹിക്കേണ്ടതുണ്ട്. അതിന് പാര്‍ട്ടി രാഷ്ട്രീയത്തിന്‍റെ പിടിയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ പോലുള്ള പൊതു സ്ഥാപനങ്ങളെ സ്വതന്ത്രമാക്കേണ്ടത് അനിവാര്യതയാണ്. സ്വന്തം അധികാരത്തെ ഭരണപാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ പോലുള്ള സ്ഥാപനങ്ങള്‍ ബലിയര്‍പ്പിക്കുമ്പോള്‍ ഇല്ലാതാകുന്നത് നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് സംവിധാനമാണ്. തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ലാതാകുകയെന്നാല്‍ രാജ്യത്തിന്‍റെ ഭരണഘടനാപരമായ നിലനില്‍പ്പ് തന്നെ ഇല്ലാതായെന്നര്‍ത്ഥം. 

Follow Us:
Download App:
  • android
  • ios