Asianet News MalayalamAsianet News Malayalam

ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടെന്ന് എ ഗ്രൂപ്പ്; മുല്ലപ്പള്ളിക്കും വേണുഗോപാലിനും മത്സരിക്കാന്‍ സമ്മര്‍ദ്ദം

തൃശ്ശൂരില്‍ ടിഎന്‍ പ്രതാപന്‍റേയും വയനാട് സീറ്റില്‍ വിവി പ്രകാശന്‍റേയും പേരുകള്‍ക്ക് മുന്‍തൂക്കം. 

A Group want oomen chandy to continue in kerala politics
Author
Delhi, First Published Mar 10, 2019, 12:48 PM IST

ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. ഇടുക്കിയിലോ പത്തനംതിട്ടയിലോ ഉമ്മന്‍ചാണ്ടി മത്സരിക്കണം എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെങ്കിലും എ ഗ്രൂപ്പില്‍ വിരുദ്ധവികാരമാണുള്ളത്. ഉമ്മന്‍ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കരുതെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്നുമാണ് എ ഗ്രൂപ്പിലെ ശക്തമായ അഭിപ്രായം. 

പുതുപ്പള്ളി എംഎല്‍എ എന്ന നിലയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. അപൂര്‍വ്വമായ ഈ റെക്കോര്‍ഡ്  അദ്ദേഹം വിട്ടു കൊടുക്കരുതെന്ന് എ ഗ്രൂപ്പിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എംഎല്‍എയായി തുടരണം എന്ന വികാരമാണ് ഉമ്മന്‍ചാണ്ടിയും പങ്കുവയ്ക്കുന്നത് എന്നാണ് സൂചന. എന്നാല്‍ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിട്ടുവീഴ്ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് തയ്യാറല്ല. ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ ഒരോ സീറ്റിലും ജയം ഉറപ്പിക്കുക എന്നതാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും എതിര്‍ത്താലും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്ന പക്ഷം അദ്ദേഹം മത്സരിക്കേണ്ടി വന്നേക്കും എന്നാണ് സൂചന.

സംഘടനയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരത്തിനില്ലെന്ന നിലപാട് എടുത്ത കെസി വേണുഗോപാലിനെ മത്സരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് കേരളനേതൃത്വം നടത്തുന്നത്. ആലപ്പുഴയില്‍ കെസി ഇറങ്ങിയാല്‍ മാത്രമേ വിജയം ഉറപ്പിക്കാനാവൂ എന്നതാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാര്യം. 

വടകരയില്‍ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ദില്ലിയിലെ ചര്‍ച്ചകളിലും ഉണ്ടായത്. എന്നാല്‍ മത്സരിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോൾ തൃശ്ശൂര്‍ സീറ്റില്‍ ഡിസിസി പ്രസിഡന്‍റ് ടിഎന്‍ പ്രതാപനും, വയനാട് സീറ്റില്‍ മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശനും ആണ് നിലവില്‍ മുന്‍തൂക്കം.   

Follow Us:
Download App:
  • android
  • ios