Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് എ പ്രദീപ് കുമാർ എംഎൽഎ മത്സരിക്കും

കോഴിക്കോട്ടുകാരുടെ രണ്ട് പ്രിയപ്പെട്ട ജനകീയർ നേർക്കുനേർ വരികയാണ് - 'രാഘവേട്ടനും പ്രദീപേട്ടനും'. ആര് ജയിക്കും? കണ്ടറിയണം. 

a pradeep kumar will contest from kozhikode loksabha constituency
Author
Kozhikode, First Published Mar 6, 2019, 1:01 PM IST

തിരുവനന്തപുരം: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എ പ്രദീപ് കുമാർ ഇടതുമുന്നണി സ്ഥാനാർഥി. കോഴിക്കോട്ടെ ലോക്‍സഭാ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് എ പ്രദീപ് കുമാറിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്‍റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 

കോഴിക്കോട് മണ്ഡലത്തിൽ രംഗത്തിറക്കാവുന്ന ഏറ്റവും ജനകീയനായ സ്ഥാനാർഥി തന്നെയാണ് എ പ്രദീപ് കുമാർ. നിലവിൽ കോഴിക്കോട് നോർത്ത് എംഎൽഎയാണ് എ പ്രദീപ് കുമാർ. നാട്ടുകാർ സ്നേഹത്തോടെ 'പ്രദീപേട്ടൻ' എന്ന് വിളിക്കുന്ന എ പ്രദീപ് കുമാർ ജനപ്രിയപദ്ധതികൾ നിരവധി മണ്ഡലത്തിൽ നടപ്പാക്കിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ്, മെഡിക്കൽ കോളേജ് ക്യാംപസ് സ്കൂളുകളടക്കം സർക്കാർ വിദ്യാലയങ്ങളെ മികവിലേക്ക് ഉയർത്തിയത് മുതൽ നിരവധി നേട്ടങ്ങളുണ്ട് പ്രദീപ് കുമാറിന് ഉയർത്തിക്കാട്ടാൻ.

സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് മുൻപ് എൽഡിഎഫിന്‍റെ ആദ്യപ്രചാരണയാത്ര കോഴിക്കോട്ട് നയിച്ചത് എ പ്രദീപ് കുമാറാണ്. 'കോഴിക്കോട് മോചന യാത്ര' എന്ന ആ പ്രചാരണയാത്രയ്ക്ക് കോഴിക്കോട്ട് ഉടനീളം മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

ജനകീയനായ എം പി എം കെ രാഘവനെയാണ് പ്രദീപ് കുമാർ മണ്ഡലത്തിൽ നേരിടുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനമടക്കം നിരവധി പദ്ധതികൾ ഉയർത്തിക്കാട്ടാനുണ്ട് എം കെ രാഘവനും. 

മൂന്നാമങ്കത്തിനാണ് എം കെ രാഘവൻ മണ്ഡലത്തിൽ ഇറങ്ങുന്നത്. ആദ്യതവണ നിസ്സാരവോട്ടിന് ജയിച്ച രാഘവൻ പക്ഷേ, രണ്ടാം വരവിൽ ഭൂരിപക്ഷം പതിനായിരം കടത്തി. ആദ്യമെതിരിട്ടത് ഡിവൈഎഫ്ഐ ദേശീയപ്രസിഡന്‍റ് മുഹമ്മദ് റിയാസിനെയാണ്, രണ്ടാമത് എൽഡിഎഫ് കൺവീനറായ എ വിജയരാഘവനെയും. 

കോഴിക്കോട്ടുകാരുടെ രണ്ട് പ്രിയപ്പെട്ട ജനകീയർ നേർക്കുനേർ വരികയാണ് - 'രാഘവേട്ടനും പ്രദീപേട്ടനും'. ആര് ജയിക്കും? കണ്ടറിയണം. 

Follow Us:
Download App:
  • android
  • ios