Asianet News MalayalamAsianet News Malayalam

ശശി തരൂരിന്‍റെ പ്രചാരണം ഉഷാറാക്കാന്‍ എഐസിസി നിയോഗിച്ചത് മുന്‍ ബിജെപി എംപിയെ

2014ല്‍ കേന്ദ്ര മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് പഠോലെ ലോക്സഭയിലേക്ക് ജയിച്ച് കയറിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ നയങ്ങളെ വിമര്‍ശിച്ച് അദ്ദേഹം 2017ല്‍ പാര്‍ട്ടി വിട്ടു

about Former bjp mp Nana Patole special-observer-by-aicc-is-appointed-in-trivandrum
Author
Thiruvananthapuram, First Published Apr 13, 2019, 3:47 PM IST

തിരുവനന്തപുരം: ശശി തരൂരിന്‍റെ പരാതികള്‍ക്കൊടുവില്‍ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാന്‍ എഐസിസി നിയോഗിച്ചത് മുന്‍ ബിജെപി എംപിയെ തന്നെ. എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷകനായി തിരുവനന്തപുരത്തേക്ക് എത്തുന്നത് നാനാ പഠോലെ ആണ്.

നിലവില്‍ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട മണ്ഡലമായ നാഗ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് നാനാ പഠോലെ. 2014ല്‍ കേന്ദ്ര മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് പഠോലെ ലോക്സഭയിലേക്ക് ജയിച്ച് കയറിയത്.

എന്നാല്‍, പ്രധാനമന്ത്രിയുടെ നയങ്ങളെ വിമര്‍ശിച്ച് അദ്ദേഹം 2017ല്‍ പാര്‍ട്ടി വിട്ടു. പിന്നീട്, 2018 ജനുവരിയിലാണ് കോണ്‍ഗ്രസിലേക്ക് അദ്ദേഹം എത്തുന്നത്. ഇപ്പോള്‍ ഹെെക്കമാന്‍ഡിന്‍റെ അടക്കം വിശ്വസ്തനാണ് നാനാ പഠോലെ. നിതിന്‍ ഗഡ്കരി എന്ന ബിജെപിയുടെ കരുത്തനെ അട്ടിമറിക്കാന്‍ നാഗ്പൂരില്‍ കോണ്‍ഗ്രസ് നിയോഗിച്ചത് പഠോലെയെയാണ്.

ഇപ്പോള്‍ കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍ ശശി തരൂരിന്‍റെ വിജയത്തിന് വേണ്ടിയും പഠോലെയെ തന്നെ നിരീക്ഷനായി എഐസിസി ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് പ്രചാരണം സജീവമാക്കാൻ പാർട്ടി ഘടകം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് എഐസിസി പ്രത്യേക നിരീക്ഷകനെ നിയോഗിച്ചത്.

മൂന്ന് മുന്നണികൾക്കുമിടയിൽ അഭിമാനപ്പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് എന്ത് വില കൊടുത്തും ശശി തരൂരിനെ മൂന്നാം വട്ടവും ജയിപ്പിക്കണമെന്ന് തന്നെയാണ് കോൺഗ്രസ് ഹൈക്കമാന്‍റിന്‍റെ കർശനനിർദേശം. ജില്ലാ നേതൃത്വമല്ല, കെപിസിസിയിലെ ഉന്നതർ തന്നെയാണ് തിരുവനന്തപുരത്തെ പ്രചാരണപ്രവർ‍ത്തനങ്ങൾ ഊർജിതമാക്കാനുള്ള നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഇതിനിടെയാണ് എഐസിസി നിരീക്ഷകനെ നിയോഗിക്കുന്നത്. ബിജെപിയിൽ നിന്ന് വന്ന നേതാവായതിനാൽ ആ ക്യാംപിലെ തന്ത്രങ്ങളെന്താകാം എന്ന് മുൻകൂട്ടി കണക്കിലെടുത്ത് മറുതന്ത്രം മെനയാനാണ് പഠോലെയെ ഇവിടെ ഇറക്കിയിരിക്കുന്നതും. 

Follow Us:
Download App:
  • android
  • ios