Asianet News MalayalamAsianet News Malayalam

മധ്യകേരളത്തില്‍ ഇടതുപക്ഷം കരുത്തുകാട്ടും; അഞ്ചില്‍ മൂന്ന് സീറ്റും എല്‍ഡിഎഫിനെന്ന് സര്‍വേ ഫലം

ആലത്തൂർ, ചാലക്കുടി, ഇടുക്കി സീറ്റുകളിലാകും ചെങ്കൊടി പാറുകയെന്നാണ് പ്രവചനം. എറണാകുളത്ത് ഹൈബിയിലൂടെ ഗംഭീര വിജയം നേടുന്ന യുഡിഎഫ് തൃശൂര്‍ പിടിച്ചെടുക്കുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു

asianet news survey 2019 on central kerala
Author
Kochi, First Published Apr 14, 2019, 9:53 PM IST

കൊച്ചി: അഞ്ച് സീറ്റുകളുള്ള മധ്യകേരളത്തിൽ ഇടതുപക്ഷം മൂന്നിടത്ത് വിജയം സ്വന്തമാക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-AZ റിസർച് പാർട്ണേർസിന്റെ സർവ്വേയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. ആലത്തൂർ, ചാലക്കുടി, ഇടുക്കി സീറ്റുകളിലാകും ചെങ്കൊടി പാറുകയെന്നാണ് പ്രവചനം. എറണാകുളത്ത് ഹൈബിയിലൂടെ ഗംഭീര വിജയം നേടുന്ന യുഡിഎഫ് തൃശൂര്‍ പിടിച്ചെടുക്കുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ആലത്തൂരിൽ ബിജുവിന് ഹാട്രിക് വിജയമെന്ന് സർവേ

മധ്യകേരളത്തിലെ അഞ്ച് സീറ്റുകളിൽ വിജയം ആർക്കൊപ്പം എന്നാണ് ഇനി അറിയാൻ പോകുന്നത്. ആലത്തൂരിൽ സിറ്റിങ് എംപി പികെ ബിജുവിനെ തോൽപ്പിക്കാൻ രമ്യയ്ക്ക് സാധിക്കില്ലെന്ന് സർവേ. 41 ശതമാനം പേരും ബിജുവിന് ജയം പ്രവചിക്കുന്നു. 39 ശതമാനം പേർ അഭിപ്രായപ്പെട്ടത് രമ്യ ഹരിദാസ് വിജയിക്കട്ടെയെന്നാണ്. എൻഡിഎ സ്ഥാനാർത്ഥി ടിവി ബാബുവിന് 17 ശതമാനം പേർ വിജയം പ്രവചിക്കുന്നു.

ഇടുക്കി ജോയ്‌സ് ജോർജ്ജിനൊപ്പം തന്നെയെന്ന് സർവേ

ഇടുക്കി ജോയ്‌സ് ജോർജ്ജിനൊപ്പം തന്നെയെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു. 38 ശതമാനം പേർ ജോയ്സ് വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. 37 ശതമാനം പേർ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വിജയിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 

ചാലക്കുടി കോൺഗ്രസ് തിരിച്ചുപിടിക്കില്ല; ഇന്നസെന്‍റ് പാര്‍ലമെന്‍റിലെത്തുമെന്ന് സര്‍വേ

ചാലക്കുടി കോൺഗ്രസ് തിരിച്ചുപിടിക്കില്ലെന്നാണ് അഭിപ്രായ സർവേയിലെ ഫലം. സിറ്റിങ് എംപിയായ ഇടത് സ്ഥാനാർത്ഥി ഇന്നസെന്റ് തന്നെ വിജയിക്കും. 38 ശതമാനം ഇന്നസെന്റിനും 36 ശതമാനം യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാനും 19 ശതമാനം ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനും വിജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

തൃശ്ശൂരിന്റെ മനസ് ടിഎൻ പ്രതാപനൊപ്പം

തൃശൂരിന്റെ മനസ് ടിഎൻ പ്രതാപനൊപ്പം എന്നാണ് സർവേ ഫലം. 36 ശതമാനം കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 32 ശതമാനം പേരാണ് ഇടത് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 26 ശതമാനം പേർ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന അഭിപ്രായക്കാരാണ്.

എറണാകുളത്ത് ഹൈബി ഈഡന് വൻ വിജയമെന്ന് സർവേ

എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡന് വൻ വിജയമെന്ന് സർവേ ഫലം. 43 ശതമാനം പേരാണ് ഹൈബി ഈഡന് വിജയം പ്രവചിക്കുന്നത്. 32 ശതമാനം പേർ സിപിഎം സ്ഥാനാർത്ഥി പി.രാജീവ് ജയിക്കുമെന്ന് അഭിപ്രായപ്പെടുന്നു. എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം ജയിക്കുമെന്ന് 20 ശതമാനം പേർ ജയിക്കുമെന്ന് പ്രവചിക്കുന്നു.

Follow Us:
Download App:
  • android
  • ios