Asianet News MalayalamAsianet News Malayalam

മോദിയുടെ കയ്യിൽ ഇന്ത്യ ഭദ്രം: മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് മോദിയുടെ നേട്ടമെന്ന് ബിജെപി

മോദിയുടെ കയ്യിൽ ഇന്ത്യ ഭദ്രമെന്നും മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് വഴി ഇന്ത്യ നേടിയത് വന്‍ നയതന്ത്രവിജയമെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‍ലി പറഞ്ഞു.

BJP credits Modi's leadership as UN designates Masood Azhar global terrorist
Author
New Delhi, First Published May 1, 2019, 10:47 PM IST

ദില്ലി: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമെന്ന് ബിജെപി. മോദിയുടെ കയ്യിൽ ഇന്ത്യ ഭദ്രമെന്നും മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് വഴി ഇന്ത്യ നേടിയത് വന്‍ നയതന്ത്രവിജയമെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‍ലി പറഞ്ഞു. ഇന്ത്യയുടെ നിലപാട് നിതീകരിച്ചു. മസൂദ് അസർ ഇപ്പോൾ ആഗോള ഭീകരനാണ്. ഇന്ത്യ സുരക്ഷിതമായ കൈകളിലാണെന്നും അരുൺ ജെയ്റ്റ്‍ലി കൂട്ടിച്ചേർത്തു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര വിജയമാണ്. മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബിജെപി മുദ്രാവാക്യം മുഴക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി ഉയർത്തുന്ന മുദ്രാവാക്യം ​ദേശീയതയാണെന്നും അരുൺ ജെയ്റ്റ്‍ലി പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ഭീകരതയ്ക്കെതിരെ ഇന്ത്യ നേടിയ വന്‍ നയതന്ത്രവിജയമാണിതെന്നും പാകിസ്ഥാന്റെ മുഖം വെളിച്ചത്തായെന്നും കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കർ പറഞ്ഞു. കഠിന പരിശ്രമത്തിലൂടെ ഭീകരതയ്ക്കെതിരെ ഇന്ത്യൻ ഭരണാധികാരികൾ നേടിയെടുത്ത വിജയമാണിതെന്നായിരുന്നു ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് പരാമർശിച്ചത്.

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള പിന്തുണയിലും സംരക്ഷണയിലും ഇന്ത്യയെ പതിറ്റാണ്ടുകളായി വേട്ടയാടുന്ന ഭീകരന്‍ മസൂദ് അസഹറിനെ യുഎന്നിന്റെ രക്ഷാ സമിതിയാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരകരില്‍ ഒരാളാണ് അസര്‍. അസഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ തുടക്കമിട്ടത് പത്ത് വര്‍ഷം മുന്‍പാണ്. 
 
ഇന്ത്യയുടെ നിരന്തരമായ നയതന്ത്ര ഇടപെടലുകളുടേയും അന്താരാഷ്ട്ര തലത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്‍റേയും ഫലമായി നാല് തവണ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സുരക്ഷാ സമിതിയില്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും. എല്ലാ തവണയും തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന അതു പരാജയപ്പെടുത്തിയിരുന്നു.  ഉറി-പുല്‍വാമാ ആക്രമണങ്ങള്‍ക്ക് ശേഷവും മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്ന നയമാണ് ചൈന പിന്തുടര്‍ന്നത്. 

മാർച്ച് 13ന് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്നുള്ള പ്രമേയം യുഎന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നം പറഞ്ഞാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ ചൈന വീറ്റോ ചെയ്തിരുന്നു. എന്നാൽ പുതിയ തെളിവുകള്‍ ഇന്ത്യ കൈമാറിയപ്പോള്‍ ചൈന എതിര്‍പ്പ് പിന്‍വലിക്കുകയായിരുന്നു. പാകിസ്ഥാനും തീരുമാനത്തിന് വഴങ്ങേണ്ടി വന്നു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ജയ്ഷെ തലവനെതിരെ പാകിസ്ഥാന് ഇന്ത്യ തെളിവുകള്‍ കൈമാറിയിരുന്നു. ഇതിൽ നിയമ നടപടിയെടുക്കാൻ പുതിയ സാഹചര്യത്തിൽ പാകിസ്ഥാന് മേൽ സമ്മര്‍ദ്ദമേറുമെന്നാണ് വിലയിരുത്തുന്നത്.  

Follow Us:
Download App:
  • android
  • ios