Asianet News MalayalamAsianet News Malayalam

സുമലതയ്ക്ക് പിന്തുണയുമായി ബിജെപി ; മാണ്ഡ്യയിൽ സ്ഥാനാർത്ഥിയെ നിർത്തില്ല

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മാണ്ഡ്യയിൽ സുമലതയുടെ എതിരാളി. സുമലതക്കെതിരെ ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.ബിജെപി സുമലതയെ പിന്തുണയ്ക്കുന്നതോടെ ജെ‍ഡിഎസ് വിരുദ്ധ വോട്ടുകൾ പൂർണ്ണമായും സുമലതയ്ക്ക് ലഭിക്കും. 

bjp declares support for sumalatha in mandya loksabha seat
Author
Delhi, First Published Mar 23, 2019, 9:03 PM IST

ദില്ലി: കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. ദില്ലിയിൽ ഇന്ന് വൈകിട്ട് നടന്ന വാർത്ത സമ്മേളനത്തിൽ ബിജെപി പാർലമെന്‍ററി ബോർഡ് സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡയാണ് പിന്തുണ പ്രഖ്യാപിച്ചത് .അന്തരിച്ച കോണ്‍ഗ്രസ് എംപി എം എച്ച് അംബരീഷിന്റെ ഭാര്യയും മുൻ സിനിമാ നടിയുമായ സുമലത കോൺഗ്രസ് - ജെ‍ഡിഎസ് സഖ്യത്തെ വെല്ലുവിളിച്ചാണ് മാണ്ഡ്യയിൽ മത്സരിക്കുന്നത്.

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മാണ്ഡ്യയിൽ സുമലതയുടെ എതിരാളി. സുമലതക്കെതിരെ ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാണ്ഡ്യയിൽ കോൺഗ്രസ് റിബലായി മത്സരിക്കുന്ന സുമലതയ്ക്ക് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയുമുണ്ട്. മാണ്ഡ്യയിൽ കാര്യമായ വേരോട്ടമില്ലാത്ത ബിജെപി സ്ഥാനാർത്ഥിയെ നിർത്താതെ സുമലതയെ പിന്തുണയ്ക്കുന്നതോടെ ജെ‍ഡിഎസ് വിരുദ്ധ വോട്ടുകൾ പൂർണ്ണമായും സുമലതയ്ക്ക് ലഭിക്കും. 

കർണ്ണാടകയിലെ 21 ലോകസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച ബിജെപി മാണ്ഡ്യയടക്കം ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. അപ്പോൾ തന്നെ ഇത് സുമലതയെ പിന്തുണയ്ക്കാൻ വേണ്ടിയാണെന്ന് റിപ്പോ‍ർട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം കൂടി വരുന്നതോടെ മാണ്ഡ്യയിൽ പോര് സുമലതയും നിഖിൽ കുമാരസ്വാമിയും തമ്മിലായിരിക്കുമെന്ന് വ്യക്തമാകുകയാണ്. 

താൻ ബിജെപിയിൽ ചേരില്ല എന്ന് നേരത്തെ തന്നെ സുമലത വ്യക്തമാക്കിയിരുന്നു. ഇരുപത് വര്‍ഷത്തിലധികമായി കോണ്‍ഗ്രസും ജനതാദളും ബദ്ധവൈരികളായി കഴിയുന്ന പ്രദേശമാണ് മാണ്ഡ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം വന്നതും നിഖിലിന് സീറ്റ് നല്കിയതും ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ കര്‍ഷക, സമുദായ സംഘടനകളും സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios