Asianet News MalayalamAsianet News Malayalam

ശത്രുഘ്‌നന്‍ സിൻഹയുടെ സീറ്റിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മത്സരിച്ചേക്കും

ശത്രുഘ്‌നന്‍ സിൻഹയുടെ സീറ്റിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മത്സരിച്ചേക്കും

BJP likely to replace Shatrughan Sinha for Patna Sahib
Author
Patna, First Published Mar 17, 2019, 4:01 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാര്‍ട്ടി നേതൃത്വത്തേയും നിരന്തരം വിമര്‍ശിക്കുന്ന ശത്രുഘ്‌നന്‍  സിൻഹയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടന്ന് ബിജെപി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബീഹാറിലെ പട്ന സഹിബ്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ശത്രുഘ്‍നന്‍ സിന്‍ഹ. ഇത്തവണ ശത്രുഘ്‌നന്‍ സിന്‍ഹയെ ഒഴിവാക്കി പട്‌ന സാഹിബ് സീറ്റ്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് നല്‍കാനാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്ത ബിജെപിയുടെ ദേശീയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പട്ന സഹിബ്‍ മണ്ഡലത്തിലെ സീറ്റ് സംബന്ധിച്ച വിഷയത്തിൽ രവിശങ്കര്‍ പ്രസാദിന്റെ പേര് ചർച്ചയായത്. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് നേതൃത്വവുമായി ഭിന്നതയിലായ സിന്‍ഹയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കാനിടയില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. അതേസമയം കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ പട്‌ന സാഹിബില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. 

പാര്‍ട്ടി നേതൃത്വവുമായി അകൽച്ചയിൽ കഴിയുന്ന ‌ശത്രുഘ്‌നന്‍ സിൻഹ അടുത്ത കാലത്തായി പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത് വൻ ചർച്ചയായിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമബംഗാളില്‍ മമതാബാനര്‍ജി നേതൃത്വം നല്‍കിയ മെഗാറാലിയിലും സിന്‍ഹ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം പുതിയതും കൂടുതൽ നല്ലതുമായ നേതാക്കൾക്ക് നരേന്ദ്ര മോദി വഴിമാറിക്കൊടുക്കണ്ട സമയമാണിതെന്ന് ശത്രുഘ്നൻ സിൻഹ പറഞ്ഞിരുന്നു. നോട്ടുനിരോധനം ബിജെപി തീരുമാനം ആയിരുന്നില്ലെന്നും മോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ യുവാക്കളും കര്‍ഷകരും തൊഴില്‍രഹിതരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
 

Follow Us:
Download App:
  • android
  • ios