Asianet News MalayalamAsianet News Malayalam

പശ്ചിമബംഗാളിൽ ബിജെപി റാലിയിൽ സംഘർഷം: വാക്പോരുമായി അമിത് ഷായും മമതയും

ബംഗാളിൽ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ ആര് തകർത്തു എന്നതിനെച്ചൊല്ലിയാണ് വാക്പോര്. അക്രമത്തിന് ഉത്തരവാദി ആരെന്നതിൽ ഇരു പാർട്ടികളും കൊമ്പുകോർക്കുകയാണ്. 

BJP Trinamool Battle After Iconic Statue Vandalised In Kolkata
Author
Kolkata, First Published May 15, 2019, 1:44 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇന്നലെ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെയുണ്ടായ അക്രമത്തിൽ കൊമ്പുകോർത്ത് ബിജെപിയും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. സിആർപിഎഫ് ഉള്ളതുകൊണ്ടാണ് ജീവനും കൊണ്ട് തിരിച്ചെത്തിയതെന്ന് അമിത് ഷാ പറഞ്ഞപ്പോൾ, ബിജെപി പ്രവർത്തകരാണ് അക്രമം തുടങ്ങിവച്ചതെന്ന് ആരോപിച്ച് വിഡിയോ സഹിതം തെളിവുമായി പരാതി നൽകിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്.

അമിത് ഷാ റാലി നടത്തിയ അതേ പാതയിലൂടെ റാലി നടത്തുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. കൊൽക്കത്ത സർവകലാശാലയുടെ പരിസരത്ത് നിന്ന് തുടങ്ങി, വിദ്യാസാഗർ കോളേജ് വഴി കോളേജ് സ്ട്രീറ്റ് വരെയാകും മമതാ ബാന‍ർജിയുടെ മറുപടി റാലി. 

ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്നും ആ ആരോപണം ബിജെപിക്ക് മേൽ കെട്ടിവയ്ക്കുകയാണ് തൃണമൂൽ എന്നും അമിത് ഷാ ആരോപിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ യോഗി ആദിത്യനാഥിനെ പ്രചാരണത്തിൽ നിന്ന് വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ അക്രമം അഴിച്ചു വിട്ട മമതാ ബാനർജിക്കെതിരെ വിലക്ക് ഏർപ്പെടുത്താത്തതെന്താണെന്നും അമിത് ഷാ ചോദിച്ചു. 

''ഇത് വെറും അക്രമമായിരുന്നില്ല. ഇവിടെ രാഷ്ട്രപതി ഭരണം വേണ്ട, ജനങ്ങൾ തന്നെ ഇവരുടെ ഭരണം അവസാനിപ്പിക്കും. ദേശവ്യാപകമായി ബിജെപി റാലികൾ നടത്തുന്നു. എന്നാൽ പശ്ചിമബംഗാളിൽ മാത്രം അക്രമമുണ്ടാകുന്നു. എന്തുകൊണ്ട്? തൃണമൂലാണ് കാരണം'', അമിത് ഷാ ആരോപിച്ചു. 

'ജയ് ശ്രീറാം' എന്ന് വിളിച്ച് റാലി നടത്തുമെന്നും മമത എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും വെല്ലുവിളിച്ചുകൊണ്ട് അമിത് ഷാ നടത്തിയ 'സേവ് റിപ്പബ്ലിക്' റാലി ഇന്നലെ അക്രമാസക്തമായിരുന്നു. രാമന്‍റെയും ഹനുമാന്‍റെയും വേഷങ്ങൾ ധരിച്ച പ്രവർത്തകർ കാവി ബലൂണുകളുമായി കൊൽക്കത്തയിൽ റാലിയിൽ അണി നിരന്നു. കൊൽക്കത്ത നഗരമധ്യത്തിൽ ഇരുപാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി. വഴിയരികിൽ നിരവധി സ്ഥാപനങ്ങളും ബോ‍ർഡുകളും തകർക്കപ്പെട്ടു. ബംഗാളിൽ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമയും തകർക്കപ്പെട്ടു. 

പ്രതിഷേധസൂചകമായി സാമൂഹ്യമാധ്യമങ്ങളിൽ ഇന്ന് ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി മാറ്റാനാണ് തൃണമൂൽ പ്രവർത്തകരോട് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, ബിജെപി രാവിലെ ദില്ലിയിൽ പ്രതിഷേധപ്രകടനം നടത്തി. ജനാധിപത്യത്തെ കൊല്ലാൻ ശ്രമിക്കുകയാണ് മമതയെന്നാണ് ബിജെപിയുടെ ആരോപണം. 

Follow Us:
Download App:
  • android
  • ios