Asianet News MalayalamAsianet News Malayalam

തരൂരിന് വേണ്ടിയുള്ള പ്രചാരണത്തിലെ മെല്ലെപ്പോക്ക്: അതൃപ്തി തുറന്ന് പറഞ്ഞ് മുല്ലപ്പള്ളി

തിരുവനന്തപുരത്തെ പ്രചാരണപ്രവർത്തനങ്ങളിൽ പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ന്യൂനതകൾ ചൂണ്ടിക്കാട്ടാനാണ് അങ്ങോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ന് തരൂരിന്‍റെ പ്രചാരണത്തിൽ മുല്ലപ്പള്ളി പങ്കെടുക്കുന്നുണ്ട്. 

campaign for sasi tharoor issues are there says mullappally
Author
Wayanad, First Published Apr 13, 2019, 12:15 PM IST

കൽപ്പറ്റ: മണ്ഡലത്തിൽ തന്‍റെ പ്രചാരണത്തിന് പാർട്ടി സജീവമല്ലെന്ന പരാതി ഹൈക്കമാന്‍റിന് മുന്നിൽ ശശി തരൂർ ഉയർത്തിയതോടെ ധൃതി പിടിച്ച് പ്രചാരണപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. ജില്ലാ നേതൃത്വമല്ല, കെപിസിസിയിലെ ഉന്നതർ തന്നെയാണ് തിരുവനന്തപുരത്തെ പ്രചാരണപ്രവർ‍ത്തനങ്ങൾ ഊർജിതമാക്കാനുള്ള നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പാലായിൽ വച്ച് നടന്ന അനൗദ്യോഗിക യോഗത്തിൽ എ കെ ആന്‍റണി തിരുവനന്തപുരത്ത് ഒരു തരത്തിലുള്ള അലംഭാവവും പാടില്ലെന്ന കർശനനിർദേശമാണ് നൽകിയിരിക്കുന്നത്.

ഇതിനിടെയാണ് കെപിസിസി പ്രസിഡന്‍റ് തന്നെ അതൃപ്തി തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. ഇന്ന് തരൂരിന്‍റെ പ്രചാരണയോഗത്തിൽ പങ്കെടുക്കാനിരിക്കെ തിരുവനന്തപുരത്തെ പ്രചാരണത്തെക്കുറിച്ച് തനിക്ക് പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി പറയുന്നു. ''അതുകൊണ്ടാണ് അവിടത്തെ പ്രചാരണത്തിലെ ന്യൂനതകൾ വിലയിരുത്താൻ അങ്ങോട്ട് പോകുന്നത്. കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം കൃത്യമായ നിർദേശങ്ങൾ ജില്ലാ നേതൃത്വത്തിന് നൽകും. പ്രശ്നങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു തരത്തിലും തിരുവനന്തപുരത്തെ സീറ്റ് വിട്ടുകൊടുക്കാൻ യുഡിഎഫിന് കഴിയില്ല'', മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുല്ലപ്പള്ളിയുമായി ഞങ്ങളുടെ റീജ്യണൽ ഹെഡ് ഷാജഹാൻ നടത്തിയ അഭിമുഖം:

ഹൈക്കമാൻഡിന് മുന്നിൽ തരൂർ പരാതി ഉന്നയിച്ചതോടെ ജില്ലാ നേതൃത്വം തിരുത്തൽ നടപടി തുടങ്ങിയിട്ടുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും മറ്റും നിവൃത്തികെട്ട് പരസ്യപ്പെടുത്തിയ മെല്ലെപ്പോക്ക് പിന്നീട് കൂടുതൽ പ്രാദേശിക നേതാക്കൾ ശരിവയ്ക്കുകയും വാർത്തകൾ വരികയും ചെയ്തപ്പോഴാണ് കെപിസിസി നേതൃത്വം ഇടപെടുന്നത്. എഐസിസി അടക്കം വിഷയത്തിൽ വാളെടുത്ത്, ജില്ലാ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. 

പ്രചാരണസമിതി ചുമതലയുള്ള വി എസ് ശിവകുമാര്‍, തമ്പാനൂർ രവി, ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനല്‍ അടക്കമുള്ള നേതാക്കള്‍ ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. പരാതി ഉയര്‍ന്നതോടെ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ പ്രശ്നത്തിലിടപെട്ടു. എഐസിസി നിരീക്ഷകരെ നിയോഗിച്ചു. ഇതോടെ മെല്ലെപ്പോക്ക് വിട്ട് നേതാക്കളും പ്രവർത്തകരും സജീവമായി. ഇതുവരെ നോട്ടീസ് വിതരണം പോലും നടക്കാത്ത മേഖലകളുണ്ട്. അവിടേക്ക് പ്രവർത്തകരെ അയച്ചു. സ്ക്വാഡ് പ്രവർത്തനവും സജീവമാക്കി.

കഴിഞ്ഞ തവണ തരൂർ പിന്നിലായ സെൻട്രൽ, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അവിടങ്ങളിലാണ് ഇപ്പോൾ തരൂർ സജീവപ്രചാരണം നടത്തുന്നതും. 

Follow Us:
Download App:
  • android
  • ios