Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ വീണ്ടും കള്ളവോട്ട്; 9 ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമടക്കം 10 പേര്‍ക്കെതിരെ കേസ്

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലും കള്ളവോട്ട് നടന്നതായി സ്ഥിരീകരണം. 9 ലീഗുകാർക്കും ഒരു സിപിഎം പ്രവര്‍ത്തകനും എതിരെ കേസ്.

case against muslim league and cpm worker for fake voting
Author
Kannur, First Published May 10, 2019, 3:20 PM IST

കണ്ണൂർ:  കണ്ണൂർ ലോക്സഭാ മണ്ഡലത്തില്‍ കൂടുതല്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് സിപിഎം പ്രവർത്തകന് കള്ള വോട്ട് ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് കേസ് എടുക്കാൻ  ചീഫ് ഇലക്ട്രൽ ഓഫീസര്‍ നിർദേശം നല്‍കി. കണ്ണൂർ പാമ്പുരുത്തിയിൽ ഒമ്പത് ലീഗുകാര്‍ക്കും ധര്‍മ്മടത്ത് ഒരു സിപിഎം പ്രവര്‍ത്തകനും എതിരെയാണ് കേസെടുക്കുക. ഇതോടെ കള്ള വോട്ടിൽ 17 പേർക്കെതിരെ കേസ് ആകും.

പാമ്പുരുത്തിയിലും ധർമ്മടത്തുമായി 13 കള്ളവോട്ട് കള്ളവോട്ട് നടന്നതായി തെളിഞ്ഞെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. പാമ്പുരുത്തി മാപ്പിള എ. യു. പി സ്‌കൂളിലും ധർമ്മടത്ത് ബൂത്ത് നമ്പർ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയിൽ ഒമ്പതു പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകൾ ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. ധർമ്മടത്ത് ഒരു കള്ളവോട്ടാണ് നടന്നത്. 

കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171 സി, ഡി. എഫ് പ്രകാരം ക്രിമിനൽ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്‌സർവർ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടർ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 അനുസരിച്ച് ഇവർക്കെതിരെയും ക്രിമനൽ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരെ അവരുടെ വകുപ്പുകൾ അച്ചടക്ക നടപടിയെടുക്കാനും ശുപാർശ ചെയ്യും.

എൽ. ഡി. എഫ് സ്ഥാനാർത്ഥി പി. കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാർത്ഥി കെ. സുധാകരന്റേയും പോളിംഗ് ഏജന്റുമാരാണ് ചീഫ് ഇലക്ടറൽ ഓഫീസർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം നടത്തി ചീഫ് ഇലക്ട്രൽ ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകി.

പോളിംഗ് സ്‌റ്റേഷനിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുൾ സലാം, മർഷദ്, ഉനിയാസ് കെ. പി, എന്നിവർ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുൾ സലാം, സാദിഖ് കെ. പി, ഷമൽ, മുബഷിർ എന്നിവർ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കളക്ടർ സ്ഥിരീകരിച്ചത്. ഇവരെ വിളിച്ചു വരുത്തി തെളിവെടുത്തിരുന്നു. ഈ പോളിംഗ് സ്‌റ്റേഷനിലെ 1249 വോട്ടുകളിൽ 1036 എണ്ണം പോൾ ചെയ്തിരുന്നു. കള്ളവോട്ടു നടക്കുന്ന വേളയിൽ പോളിംഗ് ഏജന്റ് എതിർപ്പറിയിച്ചെങ്കിലും പ്രിസൈഡിംഗ് ഓഫീസർ ശക്തമായി ഇടപെടാൻ തയ്യാറായില്ലെന്ന് വ്യക്തമായിട്ടുണ്ട്. 

ധർമ്മടത്ത് ബൂത്ത് നമ്പർ 52ൽ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. യു. ഡി. എഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെ പോളിംഗ് ഏജന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ പരിശോധന നടത്തിയത്. വീഡിയോ പരിശോധനയിൽ ബൂത്ത് നമ്പർ 47ലെ വോട്ടർ ആയ സയൂജ് 52ൽ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാൾ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫി കെ. പിയുടെ പങ്ക് അന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെടുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. ഇവിടത്തെ ഉദ്യോഗസ്ഥർ, പോളിംഗ് ഏജന്റുമാർ എന്നിവരുടെ പങ്കും അന്വേഷിക്കും.

Follow Us:
Download App:
  • android
  • ios