Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസിന്‍റെ പട്ടികയില്‍ നാല് എംഎല്‍എമാര്‍: വേണു​ഗോപാൽ മത്സരിച്ചേക്കില്ല

പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് പരിഗണിക്കുന്നു.സാധ്യതാ പട്ടികയുമായി നേതാക്കള്‍ ദില്ലിക്ക്. വിഡി സതീശനേയും  മുന്‍കെപിസിസി അധ്യക്ഷന്‍മാരേയും ദില്ലിക്ക് വിളിപ്പിച്ചു. 

congress leader made chance list of candidates high command to make final decision
Author
Thiruvananthapuram, First Published Mar 9, 2019, 2:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടിക തയ്യാറാക്കി നേതാക്കള്‍ ദില്ലിയിലേക്ക് പോകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ ഇനി ദില്ലിയിലാവും നടക്കുക. കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചിരുന്ന് നടത്തിയ ചര്‍ച്ചയിലാണ് സാധ്യത പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായത്. 

എറണാകുളം, പത്തനംതിട്ട സീറ്റുകളില്‍ സിറ്റിംഗ് എം പിമാരുടെ പേരുകള്‍ക്കൊപ്പം മറ്റ് പേരുകള്‍ കൂടി നിര്‍ദേശിച്ചതാണ് സാധ്യത പട്ടികയിലെ പ്രധാനമാറ്റം. എറണാകുളത്ത് കെ വി തോമസിനൊപ്പം എംഎല്‍എ ഹൈബി ഈഡന്‍റേയും പത്തനംതിട്ടയില്‍ ആൻറോ ആൻറണിക്കൊപ്പം പി ജെ കുര്യൻറേയും പേരുകള്‍ പരിഗണിക്കുന്നുണ്ട് . ഉമ്മൻചാണ്ടി മല്‍സരിക്കാൻ തയാറായാൽ പത്തനംതിട്ടയോ ഇടുക്കിയോ നല്‍കാനും നീക്കമുണ്ട് . 
മല്‍സരത്തിനില്ലെന്ന നിലപാടെടുത്ത കെസി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍റ് എടുക്കും. 

സംഘടന ചുമതല ഉള്ളതിനാല്‍ മല്‍സരിക്കാൻ താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചുണ്ട്. എന്നാല്‍ ആലപ്പുഴയില്‍ ശക്തമായ മല്‍സരം നടക്കുമെന്നതിനാല്‍ കെസി വേണുഗോപാല്‍ തന്നെ രംഗത്തിറങ്ങണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. കെ സി വേണുഗോപാല്‍ ഇല്ലെങ്കില്‍ വിഎം സുധീരനെ പരിഗണിച്ചേക്കും. മല്‍സരത്തിനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി തുടരുന്നുണ്ടെങ്കിലും ഹൈക്കമാന്‍റ് നിര്‍ദേശിച്ചാൽ അദ്ദേഹവും രംഗത്തിറങ്ങും. മുല്ലപ്പള്ളി ഇല്ലെങ്കില്‍ ടി.സിദ്ധീഖ്, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.  

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ പരിഗണിക്കുമ്പോൾ ചാലക്കുടിയില്‍ ബെന്നി ബഹനാന്‍, ടി എൻ പ്രതാപൻ എന്നിവരുടെ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത്. ,തൃശൂരില്‍ വിഎം സുധീരൻ,ടി എന്‍ പ്രതാപൻ എന്നിവരെ പരി​ഗണിക്കുന്നു. പാലക്കാട് - ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനൊപ്പം പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും പട്ടികയിലുണ്ട്. 

ആലത്തൂരില്‍ രമ്യ ഹരിദാസ്, കെഎ തുളസി, സുനില്‍ ലാലൂർ എന്നിവരുടെ പേരുകളാണ് ഉൾപ്പെടുത്തിയത് എന്നാണ് സൂചന. കാസര്‍കോഡ് സുബ്ബയ്യ റായ്, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കാണ് സാധ്യത. ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയെ കൂടാതെ ഡീൻ കുര്യാക്കോസ് ,ജോസഫ് വാഴയ്ക്കൻ പട്ടികയിലുണ്ട്. കണ്ണൂരില്‍ കെ സുധാകരന്റെ പേരാണ് പരി​ഗണിക്കുന്നത്. വയനാട് സീറ്റിലേക്ക് ഷാനിമോൾ ഉസ്മാനൊപ്പം ടി.സിദ്ധീഖിനേയും പാർട്ടി പരി​ഗണിക്കുന്നു. വനിതാ സ്ഥാനാർത്ഥികളായി ഷാനിമോൾ ഉസ്മാനും രമ്യാ ഹരിദാസും കെഎ തുളസിയുമാണ് ഇപ്പോൾ പട്ടികയിലുള്ളത്. 

ഇപ്പോൾ തയ്യാറാക്കിയ സാധ്യത പട്ടികയുമായി നേതാക്കള്‍ നാളെ ദില്ലിക്ക് പോകും. തിങ്കളാഴ്ചത്തെ സ്ക്രീനിം​ഗ് കമ്മിറ്റിക്ക് ശേഷം തിര‍ഞ്ഞെടുപ്പ് കമ്മറ്റിക്ക് പട്ടിക കൈമാറും.15-ാം തിയതിയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. പട്ടികയിൽ യുവാക്കളും വനിതകളും വേണമെന്ന് ഹൈക്കമാൻഡ് നിർദേശിക്കുന്ന പക്ഷം അതിനനുസരിച്ചുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയറിയാൻ ഹൈക്കമാൻഡ് സ്വന്തം നിലയിൽ നടത്തിയ സർവേയുടെ ഫലവും അന്തിമപട്ടികയെ സ്വാധീനിച്ചേക്കും. 

Follow Us:
Download App:
  • android
  • ios