Asianet News MalayalamAsianet News Malayalam

രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം; ഇടത് സ്ഥാനാര്‍ത്ഥിയെ പിൻവലിക്കണമെന്ന് വിഎം സുധീരൻ

ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം കണക്കിലെടുത്ത് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ ഇടതുപക്ഷം തയ്യാറാകണം. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം കേരളത്തിന് പുരോഗതി ഉണ്ടാക്കുമെന്നും വിഎം സുധീരൻ തിരുവനന്തപുരത്ത് പറഞ്ഞു.

congress leader vm sudheeran request cpi to withdraw their candidate from wayanad
Author
Thiruvananthapuram, First Published Mar 31, 2019, 1:52 PM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിൽ  പിപി സുനീറിനെ പിൻവലിക്കാൻ സിപിഐ തയ്യാറാവണമെന്ന്  കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന കാര്യത്തിൽ എൽ ഡി എഫ് എത്രയും പെട്ടെന്ന്  ഉചിതമായ തീരുമാനമെടുക്കണം. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം കണക്കിലെടുത്ത് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ ഇടതുപക്ഷം തയ്യാറാകണം. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം കേരളത്തിന് പുരോഗതി ഉണ്ടാക്കുമെന്നും വിഎം സുധീരൻ തിരുവനന്തപുരത്ത് പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാകാൻ തീരുമാനിച്ച സാഹചര്യത്തിൽ നിലവിലെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ ഇടത് മുന്നണി തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹനാനും അഭിപ്രയപ്പെട്ടു. കേരളത്തിന് കിട്ടിയ ദേശീയ അംഗീകാരമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്നും ഇതോടെ കേരളത്തിലെ എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും വിജയമുറപ്പിച്ചെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

എന്നാൽ രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകുമെന്നും മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. രാഹുലിനെ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം  കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎമ്മും കോൺഗ്രസും പരസ്പരം മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് സഖ്യ സാധ്യതകൾ പരിശോധിക്കുമെന്നുമായിരുന്നു കോൺഗ്രസ് വക്താവ് പിസി ചാക്കോയുടെ പ്രതികരണം 

Follow Us:
Download App:
  • android
  • ios