Asianet News MalayalamAsianet News Malayalam

16 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം: പൊന്നാനിയില്‍ പിവി അന്‍വര്‍

പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും

cpim declared candidates for loksabha polls
Author
Thiruvananthapuram, First Published Mar 9, 2019, 11:16 AM IST

തിരുവനന്തപുരം: പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരേയും പാര്‍ട്ടി ഇക്കുറി മത്സരിപ്പിക്കുന്നുണ്ട്. എകെജി സെന്‍ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 

സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും - കാസർ​കോട് - കെപി സതീഷ് ചന്ദ്രൻ, കണ്ണൂർ - പികെ ശ്രീമതി,വടകര- പി ജയരാജൻ,
കോഴിക്കോട്-എ.പ്രദീപ് കുമാർ,മലപ്പുറം-വിപി സാനു (എസ്എഫ്ഐ),ആലത്തൂർ - പികെ ബിജു,പാലക്കാട് -എംബി രാജേഷ്, ചാലക്കുടി-ഇന്നസെന്റ്,എറണാകുളം- പി രാജീവ്,കോട്ടയം- വിഎൻ വാസവൻ, ആലപ്പുഴ- അഡ്വ.എ.എം.ആരിഫ്,പത്തനംതിട്ട- വീണാ ജോർജ്,
കൊല്ലം- കെഎൻ ബാല​ഗോപാൽ,ആറ്റിങ്ങൽ ഡോ എ സമ്പത്ത്. ഇടുക്കിയിലും പൊന്നാനിയിലും സ്വതന്ത്ര  സ്ഥാനാർത്ഥികൾ
ഇടുക്കിയിൽ ജോയ്സ് ജോർജ്,പൊന്നാനിയില്‍ പിവി അൻവർ 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ആദ്യമായല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുന്‍കാലങ്ങളിലും എംഎല്‍എമാര്‍ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എയായ എംഎ ബേബി മത്സരിച്ചിട്ടുണ്ട്. 2009-ല്‍ യുഡിഎഫ് നാല് എംഎല്‍എമാരെ മത്സരിപ്പിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം വളരെ പ്രധാനമാണെന്ന് കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ അംഗബലം പാര്‍ലമെന്‍റില്‍ വര്‍ധിക്കണം. ദേശീയരാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഇടതുപക്ഷത്തിന്‍റെ ശക്തി കൂട്ടണം. ദില്ലിയില്‍ ഒരു മതേതര സര്‍ക്കാര്‍ വരണം. അതിന് ഇടതുപക്ഷത്തിന് പരമാവധി സീറ്റുകള്‍ ലഭിക്കണം. യുഡിഎഫിന് ഒറ്റസീറ്റ് മാത്രം ലഭിച്ച 2004-ല്‍ ദില്ലിയില്‍ ബിജെപിയെ തള്ളി ഒരു മതേതര സര്‍ക്കാരിനെ കൊണ്ടു വരാന്‍ സാധിച്ചത് ഇടതുപക്ഷത്തിന് ശക്തമായ സാന്നിധ്യം പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നത് കൊണ്ടായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

പി കരുണാകരൻ ഒഴികെ സിപിഎമ്മിന്റെ എംപിമാരെല്ലാം മത്സര രംഗത്തുണ്ട് . പൊന്നാനിയിൽ പിവി അൻവര്‍, ആലപ്പുഴയിൽ എഎം ആരിഫ് ,പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്, കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ തുടങ്ങി നാല് എംഎൽഎമാര്‍ മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ കോട്ടയത്തും പി ജയരാജൻ വടകരയിലും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് എറണാകുളം മണ്ഡലത്തിലും കെഎൻ ബാലഗോപാൽ കൊല്ലത്തും മത്സരത്തിനുണ്ടാകും.

നെടുമങ്ങാട് എംഎൽഎ സി ദിവാകരനും അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും അടക്കം രണ്ട് എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് സിപിഐ സ്ഥാനാർത്ഥി പട്ടിക. മറ്റ് ഘടക കക്ഷികൾക്കൊന്നും ഇത്തവണ സീറ്റില്ല. 

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ:

തിരുവനന്തപുരം -സി ദിവാകരൻ (സിപിഐ)
ആറ്റിങ്ങൽ - എ സമ്പത്ത് 
കൊല്ലം-  കെഎൻ ബാലഗോപാൽ 
പത്തനംതിട്ട - വീണ ജോര്‍ജ്ജ് 
മാവേലിക്കര -ചിറ്റയം ഗോപകുമാർ (സിപിഐ)
ആലപ്പുഴ - എഎം ആരിഫ് 
ഇടുക്കി - ജോയിസ് ജോര്‍ജ്ജ് 
കോട്ടയം - വിഎൻ വാസവൻ 
എറണാകുളം - പി രാജീവ് 
ചാലക്കുടി - ഇന്നസെന്റ് 
തൃശൂർ  - രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ - പി കെ ബിജു
പാലക്കാട് -  എംബി രാജേഷ് 
പൊന്നാനി - പിവി അൻവര്‍ 
മലപ്പുറം -  വി പി സാനു
കോഴിക്കോട് - എ പ്രദീപ് കുമാര്‍
വടകര -  പി ജയരാജൻ 
വയനാട് -   പിപി സുനീർ (സിപിഐ)
കണ്ണൂര്‍ - പികെ ശ്രീമതി 
കാസര്‍കോട് -  കെപി സതീഷ് ചന്ദ്രൻ 

മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് ഇടത് മുന്നണി തീരുമാനം. ശബരിമല വിഷയത്തിൽ നഷ്ടപ്പെടാൻ ഇടയുള്ള വോട്ടുകൾ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാൻ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയിൽ പ്രകടമാണ്. ഏറ്റവും ഒടുവിൽ നടന്ന കാസര്‍കോട്ടെ ഇരട്ട കൊലപാതകം അടക്കം പാര്‍ട്ടിക്കെതിരായ പ്രചരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സിപിഎം ചെറുക്കുക.

 കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകരയിൽ മത്സരത്തിനിറങ്ങുന്നതോടെ വടക്കൻ ജില്ലകളിലെ പാര്‍ട്ടി സംവിധാനം മുഴുവൻ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ സജ്ജരായി രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. പി ജയരാജന്‍റെ വരവ് അക്രമ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച സജീവമാക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിലും എങ്കിലും എൽജെഡിയുടെ വരവോടെ മണ്ഡലം ഭദ്രമാണെന്ന് വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios