Asianet News MalayalamAsianet News Malayalam

തമിഴ്‍നാട്ടിൽ നാടകീയ നീക്കങ്ങൾ; കനിമൊഴിയുടെയും ദിനകരന്‍റെയും ഓഫീസുകളിൽ തെരച്ചിൽ

കണക്കിൽപ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാർത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണിൽ നിന്ന് പിടിച്ചതിനെത്തുടർന്ന് തമിഴ്‍നാട്ടിലെ വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി മണിക്കൂറുകൾക്കകമാണ് തെരച്ചിൽ.

drama before polls in tamilnadu raids in opposition leaders house
Author
Chennai, First Published Apr 16, 2019, 10:40 PM IST

ചെന്നൈ: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ വീട്ടുകളിലും പാർട്ടി ഓഫീസുകളിലും തെരച്ചിൽ. ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിലും ടിടിവി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകം ഓഫീസിലും ഡിഎംകെ ജനറൽ സെക്രട്ടറി ഗീതാ ജീവന്‍റെ വസതിയിലും പരിശോധനക്കായി ഉദ്യോഗസ്ഥർ എത്തി. അമ്മ മക്കൾ മുന്നേറ്റ കഴകം ഓഫിസിൽ തിരച്ചിൽ നടത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രവർത്തകർ തടഞ്ഞു. 

കണക്കിൽപ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാർത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണിൽ നിന്ന് പിടിച്ചതിനെത്തുടർന്ന് തമിഴ്‍നാട്ടിലെ വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി മണിക്കൂറുകൾക്കകമാണ് റെയ്ഡുകൾ. കണക്കിൽപ്പെടാത്ത പണം വോട്ടർമാർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടർന്നാണ് റെയ്‍ഡെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലയിംഗ് സ്ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്‍റെ പത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് കനിമൊഴിയുടെ വീട്ടിൽ റെയ്‍ഡ് നടത്തിയത്. സാധാരണ നടപടിക്രമമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ എത്തിയത്. എട്ടര മണിയോടെ തെര‍ച്ചിലിനെത്തിയ ഒരു സംഘം ഉദ്യോഗസ്ഥർ  രണ്ടര മണിക്കൂറിന് ശേഷം തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി.

തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ലെന്നും ഇത് ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും കനിമൊഴി പ്രതികരിച്ചു. ബിജെപിക്കെതിരെ നിൽക്കുന്നത് കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും നരേന്ദ്രമോദിക്കായി ഒത്തുകളിക്കുകയാണെന്നും കനിമൊഴി ആരോപിച്ചു. സമൻസില്ലാതെയായിരുന്നു ആദ്യം ഉദ്യോഗസ്ഥർ എത്തിയത് തന്നെ. സമൻസുമായി വന്നാൽ മാത്രമേ തെരച്ചിൽ നടത്താനാവൂ എന്ന് കനിമൊഴി നിലപാടെടുത്തതിന് ശേഷം ഉദ്യോഗസ്ഥ‌ർ സമൻസുമായി വന്നാണ് തെരച്ചിൽ നടത്തിയത്.

ഇത് ഡിഎംകെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമാണെന്നും രാഷ്ട്രീയപകപോക്കലാണെന്നും  ഡിഎംകെ ആരോപിക്കുന്നു. ''ബിജെപിയുടെ സംസ്ഥാനപ്രസിഡന്‍റും കനിമൊഴിയുടെ എതിർസ്ഥാനാർത്ഥിയുമായ തമിഴിസൈ സൗന്ദർ രാജൻ നിരവധി കോടി രൂപ സ്വന്തം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്‍ഡുകൾ നടത്തുന്നില്ല? തെരഞ്ഞെടുപ്പ് കമ്മീഷനിൽ അടിയന്തരമായി മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഡിഎംകെയെ താറടിച്ച് കാണിക്കാൻ ഉപയോഗിക്കുകയാണ്.'' ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിൻ ആരോപിച്ചു. 

ഏപ്രിൽ 18-നാണ് തമിഴ്‍നാട്ടിൽ തെരഞ്ഞെടുപ്പ്. അടുത്ത ദിവസം നിശ്ശബ്ദപ്രചാരണമായതിനാൽ ഡിഎംകെ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ പരസ്യമായി പ്രതികരണം നടത്താനാകില്ല. കനിമൊഴിക്കും പ്രതികരിക്കാനാകില്ല. പാർട്ടികളുടെ പ്രധാന, താര പ്രചാരകർക്കാർക്കും ഇതേക്കുറിച്ച് മാധ്യമങ്ങളിലൂടെപ്പോലും പ്രതികരിക്കാനുമാകില്ല.

Follow Us:
Download App:
  • android
  • ios