Asianet News MalayalamAsianet News Malayalam

ബിജെപി വിട്ട ദളിത് എംപി സാവിത്രി ബായ് ഫുലെ കോൺഗ്രസിൽ ചേർന്നു

ബിജെപി ദളിത് വിരുദ്ധ പാർട്ടിയാണ്. സവർണരുടെ മാത്രം പാർട്ടിയാണ് - ഗുരുതരമായ ആരോപണങ്ങളുന്നയിച്ചാണ് സാവിത്രി ഭായ് ഫുലെ ബിജെപി വിട്ടത്. 

ex bjp mp from bareich joins congress savitry bai phule with rahul gandhi
Author
New Delhi, First Published Mar 2, 2019, 10:56 PM IST

ദില്ലി: ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുൻ എംപി സാവിത്രി ഭായ് ഫുലെ കോൺഗ്രസിൽ ചേർന്നു. ദില്ലിയിൽ എഐസിസി ഓഫീസിൽ വച്ച് നടന്ന ചടങ്ങിലാണ് സാവിത്രി ബായ് ഫുലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവരും അംഗത്വം സ്വീകരിക്കുമ്പോൾ സാവിത്രി ബായിക്കൊപ്പമുണ്ടായിരുന്നു. ബറെയ്‍ച് മണ്ഡലത്തിലെ ബിജെപി എംപിയായിരുന്നു സാവിത്രി ഭായ് ഫുലെ.

ഉത്തർപ്രദേശിലെ എസ്‍പി നേതാവ് രാകേഷ് സച്ചനും ഇന്ന് കോൺഗ്രസിൽ ചേർന്നു. എസ്‍പി - ബിഎസ്‍പി സഖ്യം കോൺഗ്രസിനെക്കൂടാതെ മത്സരിക്കുന്ന ഉത്തർപ്രദേശിൽ എസ്‍‍പിയിൽ നിന്നും ബിജെപിയിൽ നിന്നും ഓരോ നേതാക്കളെ സ്വന്തം ക്യാംപിലെത്തിക്കാനായത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്‍സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 സീറ്റുകളുള്ള ഉത്തർപ്രദേശ് പിടിച്ചാൽ ഭരണം പിടിക്കാം. 

ഈ കണക്കുകൂട്ടലിലാണ് ദളിത്, യാദവ്, ഒബിസി വോട്ടു ബാങ്കുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് മുന്നോട്ടു പോകുന്നത്. ബിജെപി ദളിത് വിരുദ്ധരുടെയും സവർണരുടെയും പാർട്ടിയാണെന്ന് ആരോപിച്ച് പാർട്ടി വിട്ട സാവിത്രി ബായ് ഫുലെയെ ഒപ്പം നി‍ർത്തുന്നത് ദളിത് വോട്ടുകളെ ഒപ്പമെത്തിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധി സ്ഥാനമേറ്റെടുത്ത ശേഷം പാർട്ടിയിലെത്തുന്ന പ്രമുഖ നേതാക്കൾ കൂടിയാണ് സാവിത്രി ഭായ് ഫുലെയും രാകേഷ് സച്ചനും.

Follow Us:
Download App:
  • android
  • ios