Asianet News MalayalamAsianet News Malayalam

പ്രളയം പ്രചാരണ വിഷയമാക്കിയപ്പോള്‍ ചാലക്കുടിയിലെ ഇടത് കോട്ടകളിലും യുഡിഎഫ് കാറ്റ്

യുഡിഎഫിന്‍റെ പരമ്പരാഗത ഭൂരിപക്ഷ വോട്ടുകളിലും ചോർച്ചയുണ്ടായില്ല.പ്രളയ സമയത്ത് മണ്ഡലത്തിൽ ഇന്നസെന്‍റിന്‍റെ അസാന്നിദ്ധ്യം ശക്തമായ പ്രചാരണവിഷയമാക്കിയതും ഫലം കണ്ടു

flood was the main campaign in chalakkudi benni behanan wins easily over innocent
Author
Chalakudy, First Published May 24, 2019, 6:35 AM IST

ചാലക്കുടി: സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിനൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും, പ്രളയം പ്രചാരണ വിഷയമായതുമാണ് ചാലക്കുടിയിൽ രണ്ടാം വട്ടവും ഇന്നസെന്‍റിനെ ഇറക്കി മണ്ഡലം നിലനിർത്താനുള്ള എൽഡിഎഫ് ശ്രമം പാളാൻ കാരണം. എൽഡിഎഫ് സ്വതന്ത്രനിൽ നിന്ന് ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇന്നസെന്‍റിനെ ഒന്നേകാൾ ലക്ഷത്തിലധികം വോട്ടുകൾക്ക് മലർത്തിയടിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ വിജയം ഉറപ്പിച്ചത്. യാക്കോബായ സഭയും, ട്വന്‍റി ട്വന്‍റിയും ഉയർത്തിയ വെല്ലുവിളികളും മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റത്തെ ബാധിച്ചില്ല.

ചാലക്കുടിയിലെ ഇടത് കോട്ടകളിൽ പോലും യുഡിഎഫ് കാറ്റ് ഇക്കുറി ആഞ്ഞ് വീശി.യുഡിഎഫ് അനുകൂല മണ്ഡലമെന്ന് പറയുമ്പോഴും പ്രചാരണസമയത്ത് ശക്തമായ പോരാട്ടമാണ് ബെന്നി ബെഹനാനും ഇന്നസെന്‍റും തമ്മിൽ നടന്നത്. കഴിഞ്ഞ വർഷം 13,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഇന്നസെന്‍റ് പിടിച്ചെടുത്ത മണ്ഡലത്തിൽ 1,32,274 വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷം നേടാനായത് യുഡിഎഫ് കൺവീനർ എന്ന നിലയിലും ബെന്നി ബെഹനാന് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇടത് മണ്ഡലമായ കൊടുങ്ങല്ലൂരും,കയ്പമംഗലത്തും,ചാലക്കുടിയിലും അപ്രതീക്ഷിതമായി ലഭിച്ച മുന്നേറ്റമാണ് യുഡിഎഫിനെ വലിയ വിജയത്തിലേക്കെത്തിച്ചത്. കൊടുങ്ങല്ലൂർ മുതൽ പെരുമ്പാവൂർ വരെയുള്ള മേഖലകളിലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും, തുണച്ചു. 

യുഡിഎഫിന്‍റെ പരമ്പരാഗത ഭൂരിപക്ഷ വോട്ടുകളിലും ചോർച്ചയുണ്ടായില്ല. ഇടത് സ്ഥാനാർത്ഥിയെ പിന്തുണച്ച യാക്കോബായ സഭ നിലപാട്, സഭ അംഗമായ ബെന്നി ബെഹനാന്‍റെ വോട്ടുകളെ ബാധിച്ചില്ല. പ്രളയ സമയത്ത് മണ്ഡലത്തിൽ ഇന്നസെന്‍റിന്‍റെ അസാന്നിദ്ധ്യം ശക്തമായ പ്രചാരണവിഷയമാക്കിയതും ഫലം കണ്ടു. യുഡിഎഫ് മണ്ഡലമായ ആലുവ,പെരുമ്പാവൂർ കൂടാതെ കൊടുങ്ങല്ലൂരും,കൈപ്പമംഗലവും,ചാലക്കൂടിയിലും നേടിയ മികച്ച മുന്നേറ്റം പ്രളയം പുനരധിവാസത്തിൽ സംഭവിച്ച വീഴ്ചകൾക്കെതിരായ വിധിയെഴുത്തിന് തെളിവായി. കഴിഞ്ഞ തവണ ഇന്നസെന്‍റിന് അരലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയ ചാലക്കുടിയിൽ ഇക്കുറി ഇന്നസെന്‍റ് 20,000 അധികം വോട്ടിന് പിന്നിൽ പോയി. 

മണ്ഡലത്തിൽ ബെന്നി ബെഹനാനെതിരെ പരസ്യനിലപാടെടുത്ത് ട്വന്‍റി ട്വന്‍റി പഞ്ചായത്ത് ഉയർത്തിയ വെല്ലുവിളിയും ഏശിയില്ല. ട്വന്‍റി ട്വന്‍റി ഉൾപ്പെടുന്ന കുന്നത്തുനാട് മണ്ഡലത്തിൽ 17,000 അധികം വോട്ടിന്‍റെ ഭൂരിപക്ഷം ഉറപ്പിക്കാൻ ബെന്നി ബെഹനാനായി.ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ച സമയം പ്രചാരണത്തിൽ നിന്ന് ബെന്നി ബെഹനാൻ മാറി നിന്നതും യുഡിഎപ് മുന്നേറ്റത്തിന് തടസ്സമായില്ല. ശബരിമല പ്രചാരണവിഷയമാക്കിയിട്ടും ഒരു മണ്ഡലത്തിലും ബിജെപിക്ക് 30,000 ന് അടുത്ത് പോലും വോട്ട് നേടാനായില്ല. കഴിഞ്ഞ വർഷത്തേക്കാൾ അരലക്ഷത്തിനടുത്ത് വോട്ട് കൂടുതൽ നേടാനായതാണ് മാത്രമാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എൻ രാധാകൃഷ്ണന്‍ ആശ്വാസമായത്.

Follow Us:
Download App:
  • android
  • ios