Asianet News MalayalamAsianet News Malayalam

ആദ്യ 5 മണിക്കൂറിൽ 34% പേർ വോട്ട് ചെയ്തു: വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപക തകരാർ

കോവളം ചൊവ്വരയിലാണ് ഗുരുതരമായ തകരാർ കണ്ടെത്തിയിരിക്കുന്നത്. കൈപ്പത്തിക്ക് വോട്ട് കുത്തുമ്പോൾ തെളിയുന്നത് താമര ചിഹ്നം. 

glitches in voting machines in first hours
Author
Thiruvananthapuram, First Published Apr 23, 2019, 10:01 AM IST

തിരുവനന്തപുരം: ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് വ്യാപക ക്രമക്കേടുകളും പാകപ്പിഴകളുമാണ് കണ്ടെത്തുന്നത്. രാവിലെ ആറ് മണിക്ക് തുടങ്ങിയ മോക്ക് പോളിംഗ് പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും തകരാറിനെത്തുടർന്ന് മുടങ്ങി.

തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്ത് നമ്പർ 151-ൽ വോട്ടിംഗ് യന്ത്രത്തിൽ ഗുരുതരമായ തകരാറ് കണ്ടെത്തിയത്. കൈപ്പത്തി ചിഹ്നത്തിന് കുത്തുമ്പോൾ താമരയ്ക്കാണ് വോട്ട് വീഴുന്നത്. 76 വോട്ട് ചെയ്ത ശേഷം മാത്രമാണ് ഇത് കണ്ടെത്തിയത് എന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയുമായി. റീപോളിംഗ് വേണമെന്നാവശ്യപ്പെട്ട് ബൂത്തിൽ വലിയ ബഹളം നടന്നു.

എന്നാൽ വോട്ടിംഗ് യന്ത്രത്തിന് തകരാറില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി പറയുന്നത്. ബട്ടൺ അമരാത്തതായിരുന്നു പ്രശ്നമെന്ന് കളക്ടർ പറയുന്നു.

സംഭവം അന്വേഷിക്കണമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

യുഡിഎഫും എൽഡിഎഫും ശക്തമായ പ്രതിഷേധമാണ് ഇവിടെ നടത്തുന്നത്. രാജ്യമൊട്ടാകെ വോട്ടിംഗ് യന്ത്രത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് വിവാദങ്ങളുയരുമ്പോഴാണ് കേരളത്തിൽ ആദ്യമായി ഇത്തരമൊരു ഗുരുതരമായ പിഴവ് കണ്ടെത്തുന്നത്. ഇങ്ങനെയൊരു പാകപ്പിഴ ഉണ്ടായത് കണ്ടെത്താനും വൈകി എന്നത് വീഴ്‍ചയുടെ ഗൗരവം കൂട്ടുന്നു. 

മോക് പോളിംഗ് മുതൽ പാകപ്പിഴകൾ

കോഴിക്കോട്ടാണ് മോക് പോളിംഗിൽ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ് നടന്നത്. മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട മണ്ഡലത്തിൽപ്പോലും മോക് പോളിംഗ് തടസ്സപ്പെട്ടു. എറണാകുളത്ത് സെന്‍റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്യേണ്ടിയിരുന്ന സിറോ മലബാർ സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി പോളിംഗ് തടസ്സപ്പെട്ടതിനാൽ വോട്ട് ചെയ്യാതെ തിരികെപ്പോയി. 

പ്രധാനമണ്ഡലങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ഇങ്ങനെ: 

തിരുവനന്തപുരം

കോവളം ചൊവ്വരയിലെ 151-ാം നമ്പർ ബൂത്തിലാണ് ഗുരുതര പാകപ്പിഴ കണ്ടെത്തിയത്. കോവളത്തെ ബൂത്തിൽ 76 വോട്ടുകൾ ചെയ്ത ശേഷമാണ് പിഴവ് കണ്ടെത്തിയത്. കൈപ്പത്തി ചിഹ്നത്തിൽ കുത്തുമ്പോൾ വോട്ട് വീഴുന്നത് താമരയ്ക്കാണ്. 77-ാമത് ആൾ വോട്ട് ചെയ്തപ്പോഴാണ് ഈ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ബൂത്തിൽ വലിയ ബഹളമായി. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ റീ പോളിംഗ് വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങി. 

തുടർന്ന് പ്രിസൈഡിംഗ് ഓഫീസറടക്കം എത്തി യന്ത്രം പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യന്ത്രം മാറ്റി സ്ഥാപിച്ചു. പാർട്ടി ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണ് പുതിയ യന്ത്രം പരിശോധിച്ചത്. ചെയ്ത 76 വോട്ടുകളുടെയും വിവിപാറ്റ് പരിശോധിച്ച് ഒത്തു നോക്കി നടപടിയെടുക്കാമെന്നും പ്രിസൈഡിംഗ് ഓഫീസർ ഉറപ്പ് നൽകിയ ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. 

തിരുവനന്തപുരത്ത് നടൻ മോഹൻലാലും ഗവർണർ പി സദാശിവവും വോട്ട് ചെയ്തു. 

മലപ്പുറം

മലപ്പുറം ജില്ലയിലാണ് മോക് പോളിംഗിൽ വലിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. മോക് പോളിംഗ് നടത്തുന്നത് മൊബൈലിന്‍റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ്. എന്നാൽ ഇത് പ്രതിസന്ധിയല്ലെന്നും പോളിംഗിൽ തടസ്സമുണ്ടാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കനത്ത പോളിംഗാണ് മലപ്പുറത്ത് രേഖപ്പെടുത്തുന്നത്. പലയിടത്തും വോട്ടർമാരുടെ നീണ്ട നിരയാണ്. എന്നാൽ രാവിലെ മലപ്പുറത്ത് പലയിടത്തും മഴ പെയ്തതിനാൽ ആളുകളുടെ തിരക്ക് അൽപം കുറഞ്ഞിരുന്നു. മലപ്പുറം മുണ്ടൂപറമ്പിൽ ബൂത്തുകൾ തന്നെ മാറ്റി സ്ഥാപിക്കേണ്ടി വന്നു. മഴ പെയ്ത് പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാലാണ് ഇത്. 

കണ്ണൂർ

കണ്ണൂരിലും പലയിടത്തും രാവിലെ മോക് പോളിംഗ് യന്ത്രങ്ങളിലെ തകരാറ് മൂലം തടസ്സപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യേണ്ടിയിരുന്ന പിണറായിയിലെ 161-ാം ബൂത്തിൽ യന്ത്രത്തകരാർ കണ്ടെത്തി. ഇതേത്തുടർന്ന് ബൂത്തിൽ വോട്ടിംഗ് തുടങ്ങിയത് വൈകിയാണ്. ഇതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കാൻ കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നാണ് വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്. 

എറണാകുളം

എറണാകുളം കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ആകെ 2251 പോളിങ് സ്റ്റേഷനുകളാണ് എറണാകുളത്തുള്ളത്. എറണാകുളത്തും, കോതമംഗലത്തും എളമക്കരയിലുമടക്കം നിരവധി സ്ഥലങ്ങളിൽ മോക് പോളിംഗിൽ തടസ്സം നേരിട്ടതിനാൽ വ്യാപകമായി യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കേണ്ടി വന്നു. 

എറണാകുളം സെന്‍റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്യേണ്ടിയിരുന്ന സിറോ മലബാർ സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി ഏറെ നേരം കാത്ത് നിന്നാണ് വോട്ട് ചെയ്യാതെ മടങ്ങിയത്. അതേ വരിയിൽ സത്യദീപം എഡിറ്ററും എഴുത്തുകാരനുമായ ഫാദർ പോൾ തേലക്കാട്ടുമുണ്ടായിരുന്നു. 

ഇടുക്കി

ഇടുക്കി ജില്ലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പോളിംഗ് സ്റ്റേഷനുകളിലൊന്നായ ഇടമലക്കുടിയിലെ ബിഎസ്എൻഎൽ - ഇന്‍റർനെറ്റ് സൗകര്യം കാട്ടാന ആക്രമണത്തിൽ തകർന്നു. വയർലെസ് മാത്രമാണ് ആശയ വിനിമയ ഉപാധി. പോളിംഗിന് പോയവർ തിരിച്ച് വന്നാലേ ഫോട്ടോ, വീഡിയോ എന്നിവ ലഭിക്കൂ. അവിടെ നിന്നുള്ള വേറെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല.

തൃശ്ശൂർ

തൃശ്ശൂരിലും രാവിലെ പലയിടങ്ങളിലും മോക്ക് പോളിംഗ് സംവിധാനം തടസ്സപ്പെട്ടിരുന്നു. നടനും ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ഇന്നസെന്‍റ് അടക്കം നിരവധിപ്പേർ രാവിലെത്തന്നെ വോട്ട് ചെയ്തു. 

പത്തനംതിട്ട

പത്തനംതിട്ടയിൽ മോക്ക് പോളിംഗിനിടെ വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തിയതായി പരാതിയെത്തി. ചെന്നീർക്കര 180-ാം നമ്പർ, കലഞ്ഞൂർ 162-ാം നമ്പർ, തോട്ടപ്പുഴശ്ശേരി 55-ാം നമ്പർ, കോന്നി 155-ാം നമ്പർ , ഇലന്തൂർ 131-ാം നമ്പർ, 132--ാം നമ്പർ എന്നീ ബൂത്തുകളിൽ കോൺഗ്രസ്സ്, ബിജെപി ചിഹ്നങ്ങളിൽ വോട്ട് വീഴുന്നില്ലെന്നായിരുന്നു പരാതി. ഇത് പരിഹരിച്ച് ഇവിടങ്ങളിലേക്ക് പുതിയ യന്ത്രങ്ങളെത്തിച്ചു. 

Follow Us:
Download App:
  • android
  • ios