Asianet News MalayalamAsianet News Malayalam

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലഭിക്കും

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം സീറ്റ് അനുവദിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു. 

iuml declares candidates for loksabha polls
Author
Kozhikode Beach, First Published Mar 9, 2019, 1:20 PM IST

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീംലീഗ് പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം സീറ്റ് അനുവദിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടെന്നും ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിച്ചെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ വിശദകരിക്കുന്നതിനെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. 

പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് പകരം പികെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈദരലി തങ്ങളെ സന്ദര്‍ശിച്ച പൊന്നാനി മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായെങ്കിലും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്ന പക്ഷം കേന്ദ്രമന്ത്രിയാവാന്‍ സാധ്യതയുള്ള ആളാണ് പികെ കുഞ്ഞാലിക്കുട്ടിയെന്നും അതിനാല്‍ അദ്ദേഹത്തെ സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം ഒടുവില്‍ ഉണ്ടായെന്നാണ് സൂചന. 

രണ്ട് സീറ്റ് മാത്രം സ്വീകരിച്ച് ലീഗ് ഇപ്പോള്‍ വിട്ടുവീഴ്ച്ച ചെയ്യുന്നു. മൂന്നാമതൊരു സീറ്റിന് ലീഗിന് എല്ലാ അര്‍ഹതയും ഉണ്ട്. എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചും മുന്നണിയുടെ കെട്ടുറപ്പിനായും മൂന്നാം സീറ്റില്‍ ലീഗ് വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നും തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഹൈദരലി തങ്ങള്‍ പറഞ്ഞു. രണ്ടാമത്തെ രാജ്യസഭാ സീറ്റ് മുസ്ലീംലീഗിന് തരാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ പാര്‍ട്ടിക്ക് ലഭിച്ച ഒരു സീറ്റില്‍ നവാസ് ഗനി മത്സരിക്കുമെന്ന് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

കേരളത്തിലെ ഇരുപത് സീറ്റില്‍ യുഡിഎഫിന് ഉറപ്പുള്ള രണ്ട് സീറ്റുകളാണ് മലപ്പുറവും പൊന്നാനിയുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് വേണ്ടി വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ മുൻപ് പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാമതും പൊന്നാനിയിൽ മത്സരിക്കാനുള്ള ദൗത്യം പാര്‍ട്ടി ഏൽപിച്ചതിൽ സന്തോഷമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios