Asianet News MalayalamAsianet News Malayalam

മോദി കേരളത്തില്‍ മത്സരിക്കില്ല, പിണറായി കുറ്റിപ്പുറത്ത് നില്‍ക്കില്ല, രാഹുലിന് മാത്രം എന്താണ് പ്രത്യേകത

പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം സീറ്റിലാണോ മത്സരിച്ചത് അല്ല പകരം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ധര്‍മ്മടത്താണ്.  കേരളത്തില്‍ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള തിരുവനന്തപുരത്ത് വന്ന് മത്സരിക്കാന്‍ നരേന്ദ്രമോദി തയ്യാറാവുമോ...? അവരാരും അതു ചെയ്യില്ല വിജയസാധ്യതയില്ലാത്ത ഒരു സീറ്റില്‍ ഒരു നേതാവും മത്സരിക്കില്ല - ന്യൂസ് അവറില്‍ ജോസഫ് സി മാത്യൂസ്.  

Joseph c mathews in news hour
Author
Thiruvananthapuram, First Published Apr 1, 2019, 9:09 PM IST

തിരുവനന്തപുരം: വയനാട് സീറ്റിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദങ്ങളെ തള്ളി സാമൂഹിക നിരീക്ഷകന്‍ ജോസഫ് മാത്യു. പാര്‍ട്ടിക്ക് കരുത്തുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ അതിന്‍റെ നേതാവ് തീരുമാനിക്കുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസുമായി സഖ്യം പാടില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കിയ സിപിഎം ഇക്കാര്യത്തില്‍ ഇങ്ങനെ വെറളി പിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ജോസഫ് സി മാത്യു ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു 

ന്യൂസ് അവറില്‍ ജോസഫ് സി മാത്യു പറഞ്ഞത്.... 

ലോക്സഭാ മണ്ഡലങ്ങളെ വര്‍ഗ്ഗീയ അടിസ്ഥാനത്തില്‍ തരംതിരിച്ച് പകരം വീട്ടണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. അതെങ്ങനെ നടപ്പാക്കണമെന്ന് യുപിയില്‍ ഇന്ന് അഖ്ലാഖ് വധക്കേസ് പ്രതികളെ ഒപ്പം നിര്‍ത്തി യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് കാണിച്ചു തരുന്നുണ്ട്.  കശ്മീര്‍ വിഘടനവാദികളുടെ സ്വരത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിക്കുന്നത്.

ഇതൊന്നും പക്ഷേ പുതുമയുള്ള കാര്യമല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തലേ ദിവസം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗ്ഗനൈസറില്‍ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം എന്ന സങ്കല്‍പത്തെക്കുറിച്ച് ഗോള്‍വള്‍ക്കര്‍ പറയുന്നുണ്ട്. ഒരു ഹിന്ദു രാഷ്ട്രം എന്നാല്‍ ഹിന്ദുകള്‍ക്ക് വിധേയരായി ഇതരമതസ്ഥര്‍ ജീവിക്കുന്ന രാജ്യം അല്ലെങ്കില്‍ ഹിന്ദു ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ അവര്‍ ഒഴിഞ്ഞു പോകുന്ന രാജ്യം എന്നാണ് അദ്ദേഹം ആ മുഖപ്രസംഗത്തില്‍ പറയുന്നത്. ഇന്ന് ദേശാഭിമാനിയില്‍ വന്ന രാഹുലിനെതിരായ മുഖപ്രസംഗം കൂടി അതിനോട് നാം കൂട്ടിവായിക്കണം. വയനാട്ടിലെ മുസ്ലീങ്ങളുടെ വോട്ട് കണ്ടാണ് രാഹുല്‍ അവിടെ മത്സരിക്കുന്നതെന്നൊരു പരാമര്‍ശം ആ മുഖപ്രസംഗത്തിലുണ്ട്. 

പാര്‍ട്ടി ഏതോ ആവട്ടെ അതിന്‍റെ പ്രധാന നേതാവ് കിട്ടാവുന്നില്‍ ഏറ്റവും സുരക്ഷിതമായ സീറ്റിലാണ് മത്സരിക്കുക. പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം സീറ്റിലാണോ മത്സരിച്ചത് അല്ല പകരം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ധര്‍മ്മടത്താണ്.  കേരളത്തില്‍ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള തിരുവനന്തപുരത്ത് വന്ന് മത്സരിക്കാന്‍ നരേന്ദ്രമോദി തയ്യാറാവുമോ...? തിരുവനന്തപുരവും ഇന്ത്യയില്‍ തന്നെയല്ലേ. അവരാരും അതു ചെയ്യില്ല വിജയസാധ്യതയില്ലാത്ത ഒരു സീറ്റില്‍ ഒരു നേതാവും മത്സരിക്കില്ല. പ്രത്യേകിച്ച് ജയിച്ച് നിയമസഭാ കക്ഷി നേതാവായി നില്‍ക്കേണ്ട ഒരാളെ ഒരു പാര്‍ട്ടിയും ഒരു സാഹചര്യത്തിലും റിസ്ക്കുള്ള സീറ്റില്‍ നിര്‍ത്തില്ല. 

 ഇവര്‍ക്ക് ആര്‍ക്കും ബാധകമല്ലാത്ത എന്ത് ചട്ടമാണ് രാഹുല്‍ ഗാന്ധിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എതിരാളിയെ അയാളുടെ തട്ടകത്തില്‍ പോയി നേരിടാനുള്ള ധൈര്യം കാണിച്ച ഒരേയൊരു നേതാവ് ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാളാണ്. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ അവരുടെ മണ്ഡലത്തില്‍ പോയി തോല്‍പിച്ചാണ് അരവിന്ദ് കെജ്രിവാള്‍ നേതാവായി ഉയര്‍ന്നത്. 2014-ല്‍ വാരണാസിയില്‍ മോദിക്കെതിരേയും അദ്ദേഹം മത്സരിച്ചു. 

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പോലും കോണ്‍ഗ്രസുമായി സഹകരണമോ സഖ്യമോ പാടില്ലെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയപരിപാടി പറയുന്നത്. അങ്ങനെയുള്ള പാര്‍ട്ടി പിന്നെ എന്തിനാണ് രാഹുല്‍ ഗാന്ധി സഖ്യമര്യാദ കാണിച്ചില്ല എന്നൊക്കെ പറഞ്ഞു കരയുന്നത്. ശക്തനായ സ്ഥാനാര്‍ഥി വരുമ്പോള്‍ അതിനോട് ശരിയായ രീതിയില്‍ അല്ല സിപിഎം പ്രതികരിച്ചത്. ദേശാഭിമാനിയുടെ മുഖ്യപ്രസംഗത്തോടെ പാളിച്ച പൂര്‍ണമായി. എല്‍പി ക്ലാസിലെ കുട്ടികളെ പോലെ എന്തിനാണ് സിപിഎം രാഹുലിന്‍റെ വരവില്‍ ഇങ്ങനെ കിടന്ന് കരയുന്നതെന്ന് മനസ്സിലാവുന്നില്ല. ഏത് സ്ഥാനാര്‍ഥി വന്നാലും ശക്തമായി നേരിടുമെന്ന് ആര്‍ജ്ജവത്തോടെ പ്രഖ്യാപിക്കുകയായിരുന്നു ഈ ഘട്ടത്തില്‍ ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്. 

Follow Us:
Download App:
  • android
  • ios