Asianet News MalayalamAsianet News Malayalam

77 ല്‍ ജനസംഘത്തിനൊപ്പം മത്സരിച്ചത് സിപിഎമ്മിന് ഓര്‍മ്മയുണ്ടോ? കോലിബി ആരോപണം പൂഴിക്കടകനെന്നും മുല്ലപ്പള്ളി

1977 ല്‍ സി പി എം, ജനസംഘം ഉള്‍പ്പെടുന്ന ജനതാ പാര്‍ട്ടിയും തമ്മില്‍ പരസ്യമായ സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. അന്ന് പാലക്കാട് മത്സരിച്ച സി പി എം സ്ഥാനാര്‍ത്ഥി ടി ശിവദാസ മേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനിയും തര്‍ജ്ജിമ നടത്തിയത് ഒ രാജഗോപാലുമാണ്. അന്നു പിണറായി വിജയന്‍ കൂത്തുപറമ്പില്‍ ജനസംഘവുമായി ചേര്‍ന്ന് മത്സരിച്ചിട്ട് നേരിയ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ജനസംഘം സ്ഥാനാര്‍ത്ഥി കെ ജി മാരാര്‍ക്കു വേണ്ടി ഇ എം എസ് ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം നടത്തുകയും ചെയ്തു. വസ്തുത ഇതായിരിക്കെ സി പി എം  മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും മുല്ലപ്പള്ളി

kpcc president mullappally ramachandrans reaction on cpm allegation ko li bi
Author
Thiruvananthapuram, First Published Mar 21, 2019, 6:29 PM IST

തിരുവനന്തപുരം: യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥികളെ കണ്ട് ഞെട്ടിപ്പോയ സി പി എം, കൊലീബി ബന്ധം ആരോപിക്കുന്നത് തെരഞ്ഞെടുപ്പില്‍ അടിയറവ് പറയുന്നതിനു മുമ്പായി അവര്‍ നടത്തുന്ന അവസാനത്തെ പൂഴിക്കടകന്‍ അടവാണെന്ന് കെ പി സി സി  പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. ആര്‍ എസ് എസുമായി ഒരു കാലത്തും നീക്കുപോക്ക് ഉണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി പി എം ആരോപണം ഉന്നയിക്കുന്ന 5 സീറ്റിലും യു ഡി എഫ്. മിന്നുന്ന വിജയം നേടുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പരിഭ്രാന്തിയും മുന്‍കൂര്‍ ജാമ്യം തേടലുമാണ് കാണുന്നതെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.

ബി ജെ പി - സി പി എം ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ലാവ്‌ലിന്‍ കേസില്‍ കാണുന്നത്. ഈ കേസിലെ പ്രതിയായ കാനഡയിലെ എസ്.എന്‍.സി. ലാവ്‌ലിന്‍ വൈസ് പ്രസിഡന്റായിരുന്ന ക്ലൗഡ് ട്രൗഡലിനെ വാറണ്ട് പുറപ്പെടുവിച്ച് 6 വര്‍ഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെ സി ബി ഐ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സി ബിഐ 12 തവണയാണ് ലാവ്‌ലിന്‍ കേസ് മാറ്റി വച്ചത്. ജഡ്ജിമാര്‍ വാദം കേള്‍ക്കാന്‍ തയ്യാറായിട്ടും ദിവസങ്ങള്‍ക്കു മുമ്പ് സി ബി ഐ ആവശ്യപ്പെട്ട് കേസ് തുടരെ തുടരെ മാറ്റി വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായിയെ സഹായിക്കാനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

1977 ല്‍ സി പി എം, ജനസംഘം ഉള്‍പ്പെടുന്ന ജനതാ പാര്‍ട്ടിയും തമ്മില്‍ പരസ്യമായ സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. അന്ന് പാലക്കാട് മത്സരിച്ച സി പി എം സ്ഥാനാര്‍ത്ഥി ടി ശിവദാസ മേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനിയും തര്‍ജ്ജിമ നടത്തിയത് ഒ രാജഗോപാലുമാണ്. അന്നു പിണറായി വിജയന്‍ കൂത്തുപറമ്പില്‍ ജനസംഘവുമായി ചേര്‍ന്ന് മത്സരിച്ചിട്ട് നേരിയ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ജനസംഘം സ്ഥാനാര്‍ത്ഥി കെ ജി മാരാര്‍ക്കു വേണ്ടി ഇ എം എസ് ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം നടത്തുകയും ചെയ്തു. വസ്തുത ഇതായിരിക്കെ സി പി എം  മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.

1991 ല്‍ വടകരയില്‍ യു ഡി എഫിന് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. പ്രശസ്ത അഭിഭാഷകനായ രത്നസിംഗ്  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അദ്ദേഹത്തിന് വിപുലമായ സുഹൃത്ത് ബന്ധമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ നിരവധി സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ രത്നസിംഗിനെ സഹായിക്കാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെന്ന് ആരോപണം ലജ്ജാകരമാണ്. അത് കോണ്‍ഗ്രസിന്റെ തലയില്‍ വയ്ക്കുന്നത് ദുര്‍ബല വാദമാണ്. 1991 ന് ശേഷം  സി പി എം ഇത്തരം ബാലിശമായ ആരോപണം നിരന്തരം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങള്‍ ഇതിന് പിന്നിലെ സത്യവസ്ഥ തിരിച്ചറിയുന്നുണ്ട്. എന്നിട്ടും ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ തെറ്റിധാരണ പരത്താനാണ് സി പി എം ശ്രമിക്കുന്നത്.

ഗാന്ധി വധത്തെത്തുടര്‍ന്ന് 1948 ല്‍ ആദ്യമായി ആര്‍ എസ് എസിനെ നിരോധിച്ചത് നെഹ്രുവും, സര്‍ദാര്‍ വല്ലഭായ് പട്ടേലുമാണ്. അടിയന്തിരാവസ്ഥ കാലത്ത് വീണ്ടും ആര്‍ എസ് എസിനെ നിരോധിച്ചത് ഇന്ദിരാ ഗാന്ധിയാണ്. മതേതര രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് ആരംഭം മുതല്‍ ഹിന്ദു മഹാസഭയേയും, ആര്‍ എസ് എസിനേയും, മറ്റു സംഘപരിവാര്‍ സംഘടനകളേയും ശക്തമായി എതിര്‍ത്തും തുറന്നു കാട്ടുകയുമാണ് മുന്നോട്ട് പോയത്. ആര്‍ എസ് എസ്, സംഘപരിവാര്‍ ശക്തികളുമായി നീക്ക് പോക്കുണ്ടാക്കി മുന്നോട്ട് പോയ പാര്‍ട്ടി സി പി എമ്മാണ്. 1977 ലെ പോലെ കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റും ലഭിക്കില്ലായെന്ന് തിരിച്ചറിഞ്ഞ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പിച്ചും പേയും പറയുകയാണ്. ഗീബെല്‍സിനെപ്പോലെ കള്ളം പറയല്‍ കലയാക്കിയ സി പി എം. എന്നും നുണ പ്രചരിപ്പിക്കുന്നതില്‍ വൈരുദ്ധ്യം കാട്ടിയിട്ടുണ്ട്. കേരളീയ പൊതുസമൂഹം ഇത് നന്നായി തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios