Asianet News MalayalamAsianet News Malayalam

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 23 ന്; പ്രചാരണത്തിന് നാൽപ്പതിലേറെ ദിവസം

കേരളത്തിൽ ഏപ്രിൽ 23നാകും വോട്ടെടുപ്പ്. കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി പൂർത്തിയാക്കും. കൃത്യം ഒരു മാസം കഴിഞ്ഞ് മെയ് 23ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

Loksabha elections in Kerala will take place in a single phase on April 23
Author
Delhi, First Published Mar 10, 2019, 6:10 PM IST

ദില്ലി: രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളത്തിൽ ഏപ്രിൽ 23നാകും വോട്ടെടുപ്പ്.  മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി പൂർത്തിയാക്കും. പരസ്യപ്രചാരണത്തിന് ഇന്നുമുതൽ നാൽപ്പത്തി മൂന്ന് ദിവസമാണ് കേരളത്തിലെ സ്ഥാനാർത്ഥികൾക്ക് കിട്ടുക. കൃത്യം ഒരു മാസം കഴിഞ്ഞ് മെയ് 23ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

മാർച്ച് 28ന് കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ഏപ്രിൽ നാല് ആണ്  നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ അഞ്ചിന് നാമനിർദ്ദേശ പത്രികകളുടെ സൂഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ചതിലും വൈകിയെങ്കിലും കേരളത്തിലെ പ്രചാരണത്തിന് പത്തു ദിവസമെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി അധികം ലഭിക്കും.

വിഷു, ഈസ്റ്റർ അടക്കമുള്ള എല്ലാ ആഘോഷങ്ങളും കഴിഞ്ഞതിന് ശേഷമാണ് കേരളത്തിലെ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത ചൂടിൽ നാൽപ്പത്തിമൂന്ന് ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിവരും എന്നത് കേരളത്തിലെ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വെല്ലുവിളിയാകും. ദീർഘമായ പ്രചാരണ കാലം മുന്നണികളുടെ തെരഞ്ഞെടുപ്പ് ചെലവും ഗണ്യമായി വർദ്ധിപ്പിക്കും.

Follow Us:
Download App:
  • android
  • ios