Asianet News MalayalamAsianet News Malayalam

എല്ലാം ശരിയായാല്‍ നോക്കാമെന്ന്‌ മായാവതി; പരാമര്‍ശം പ്രധാനമന്ത്രി പദത്തെക്കുറിച്ചെന്ന്‌ സൂചന

അംബേദ്‌കര്‍ നഗറില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ്‌ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ മായാവതി സൂചന നല്‍കിയത്‌.

Mayawati said that she may have to contest  from Uttar Pradesh's Ambedkar Nagar
Author
Ambedkar Nagar, First Published May 6, 2019, 3:05 PM IST

ലഖ്‌നൗ: ബിഎസ്‌പി നേതാവ്‌ മായാവതി ഉത്തര്‍പ്രദേശിലെ അംബേദ്‌കര്‍ നഗറില്‍ നിന്ന്‌ മത്സരിച്ചേക്കും. കാര്യങ്ങളെല്ലാം ശരിയായാല്‍ മത്സരിച്ചേക്കുമെന്നാണ്‌ മായാവതി ഇന്ന്‌ പറഞ്ഞിരിക്കുന്നത്‌. പ്രധാനമന്ത്രിപദം ലക്ഷ്യമിട്ടാണ്‌ മായാവതിയുടെ തീരുമാനമെന്നാണ്‌ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

അംബേദ്‌കര്‍ നഗറില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ്‌ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ മായാവതി സൂചന നല്‍കിയത്‌. "കാര്യങ്ങളെല്ലാം ശരിയായി വന്നാല്‍ ഞാനിവിടെ നിന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. കാരണം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാത കടന്നുപോകുന്നത്‌ അംബേദ്‌കര്‍ നഗറിലൂടെയാണല്ലോ". മായാവതി പറഞ്ഞു. 'നമോ' യുഗം അവസാനിച്ചുകഴിഞ്ഞതായും ഇത്‌ 'ജയ്‌ ഭീം' എന്ന്‌ ഉറക്കെ വിളിക്കുന്നവരുടെ സമയമാണെന്നും മായാവതി അഭിപ്രായപ്പെട്ടു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ബിജെപിയെ പരാജയപ്പെടുത്തുകയുമാണ്‌ തന്‍രെ ലക്ഷ്യമെന്നുമായിരുന്നു മായാവതി നേരത്തെ നിലപാടെടുത്തത്‌. മായാവതിയെ പ്രധാനമന്ത്രിപദത്തിലേക്ക്‌ പിന്തുണയ്‌ക്കുമെന്ന്‌ ബിഎസ്‌പിയുടെ സഖ്യകക്ഷിയായ എസ്‌പി പലതവണ ആവര്‍ത്തിച്ചിരുന്നു. ഇന്ത്യക്ക്‌ അടുത്ത പ്രധാനമന്ത്രിയെ മഹാസഖ്യം സമ്മാനിക്കുമെന്നും അതൊരു സ്‌ത്രീയാണെങ്കില്‍ താന്‍ കൂടുതല്‍ സന്തോഷിക്കുമെന്നും എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മുന്‍ നിലപാടില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള മായാവതിയുടെ പ്രസ്‌താവന.

Follow Us:
Download App:
  • android
  • ios