Asianet News MalayalamAsianet News Malayalam

ഗാന്ധിജിയെ അപമാനിച്ച പ്രഗ്യക്ക് മാപ്പില്ല; പ്രഗ്യയുടെ വാക്കുകൾ അതിദാരുണമെന്ന് മോദി

പ്രഗ്യയുടെ വാക്കുകൾ അതിദാരുണമെന്ന് മോദി പറഞ്ഞു. ഗാന്ധിയെ അപമാനിച്ച പ്രഗ്യക്ക് തനിക്കൊരിക്കലും മാപ്പ് കൊടുക്കാനാകില്ലെന്നും മോദി

modi against Pragya Singh Thakur's Nathuram Godse was a deshbhakt remark
Author
New Delhi, First Published May 17, 2019, 2:50 PM IST

ദില്ലി: ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമര്‍ശം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഗ്യയുടെ വാക്കുകൾ അതിദാരുണമെന്ന് മോദി പറഞ്ഞു. ഗാന്ധിയെ അപമാനിച്ച പ്രഗ്യക്ക് തനിക്കൊരിക്കലും മാപ്പ് കൊടുക്കാനാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ  തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യ സിങിന്റെ വിവാദ പരാമര്‍ശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

പരാമര്‍ശം വിവാദമാവുകയും തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ്  പരാതിയും നൽകുകയും ചെയ്തതോടെ ബിജെപി സ്ഥാനാര്‍ത്ഥിയെ തള്ളിപ്പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ചിരുന്നു. പ്രഗ്യയുടെ പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും പരാമര്‍ശത്തില്‍ പ്രഗ്യ പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട ബിജെപി പ്രഗ്യ മാപ്പു പറഞ്ഞുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് ബിജെപി പ്രവർത്തക എന്ന നിലയിൽ പാർട്ടി ലൈൻ ആണ് തന്റെയും ലൈൻ എന്നും പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും പ്രഗ്യ സിങ് ഠാക്കൂര്‍ വ്യക്തമാക്കിയത്. പ്രഗ്യ നിലപാട് പരസ്യമായി വ്യക്തമാക്കിയതോടെ ബിജെപി വീണ്ടും വെട്ടിലായിരിക്കുകയാണ്.

ആദ്യമായല്ല ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ഥി പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമര്‍ശങ്ങള്‍ ബിജെപിയെ കുഴപ്പത്തില്‍ ചാടിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ സാധ്വി പ്രഗ്യാ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് കാലത്തെ വിവാദ പരാമര്‍ശങ്ങള്‍ തുടങ്ങിയത് മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് കൊണ്ടായിരുന്നു. 

പുൽവാമ ഭീകരാക്രമണം ബിജെപി തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ആയിരുന്നു 2008 നവംബര്‍ 26 ന് മുംബൈയിൽ പാക് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പട്ടെ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് കൊണ്ട് അവര്‍ പ്രസ്താവന നടത്തിയത്. താൻ ശപിച്ചതിനാലാണ് കാര്‍ഖരെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും കാര്‍ഖരെ ദേശ വിരുദ്ധനാണെന്നും പ്രഗ്യാ സിങ്ങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. 

മലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ത്ര കര്‍ഖരെയാണ്. തെളിവില്ലെങ്കിൽ തന്നെ വിട്ടയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞെങ്കിലും കര്‍ഖരെ അനുവദിച്ചില്ല അതിനാല്‍ കര്‍ഖരയെ ശപിച്ചുവെന്നായിരുന്നു സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞത്. പരാമര്‍ശം ബിജെപിയ്ക്ക് അകത്തും പുറത്തും ഒരു പോലെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് പ്രഗ്യാസിങ്ങിന്‍റെ പ്രസ്താവന ബിജെപി തള്ളുകയായിരുന്നു ചെയ്തത്. കര്‍ഖരെയ്ക്ക് എതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യ സിങ് ഠാക്കൂറിന് നോട്ടീസ് നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയായിരുന്നു ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞത്. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നുമുള്ള പ്രഗ്യയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസ് നല്‍കിയിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios