Asianet News MalayalamAsianet News Malayalam

'വീണ്ടും അധികാരത്തിലെത്തും', പ്രധാനമന്ത്രിയായ ശേഷം ആദ്യ വാർത്താ സമ്മേളനത്തിൽ മോദി

അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു. 

modi says he will be back to power in his first press meet along with amit shah
Author
New Delhi, First Published May 17, 2019, 5:37 PM IST

ദില്ലി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാർത്താ സമ്മേളനം ദില്ലിയിൽ. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഒപ്പമാണ് വാർത്താ സമ്മേളനം. പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദപരാമർശങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് വാർത്താ സമ്മേളനം. 

അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു. 

എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു. 

രണ്ടാം തവണയും ജനങ്ങളുടെ സർക്കാർ തുടർച്ചയായി അധികാരത്തിൽ വരികയാണ്. ഇത് ചരിത്രമാണ്. ഇത് രാഷ്ട്രീയഗവേഷകർ പഠിക്കേണ്ടതാണ് - മോദി പറഞ്ഞു. 

ജനാധിപത്യത്തിന്‍റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മൾ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരിൽ ഐപിഎൽ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, റംസാൻ നടക്കുന്നു, ഐപിഎൽ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സർക്കാരിന്‍റെ മാത്രം നേട്ടമല്ല. 

മെയ് 23-ന് ബിജെപി ഓഫീസിൽ നിന്ന് നിങ്ങൾക്ക് മധുരം ലഭിക്കുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ മോദി, പൂർണ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് അധികാരത്തിലേറിയ എൻഡിഎ സർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് അവകാശപ്പെട്ടു. 

മോദി പറഞ്ഞതിന്‍റെ പ്രസക്ത ഭാഗങ്ങൾ:

# പുതിയ ഭരണരീതിയാണ് ഇപ്പോൾ രാജ്യത്തുള്ളത്. 

# എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്. 

# ആ വികസനം ജനങ്ങൾക്ക് മനസ്സിലാകും, അതിനനുസരിച്ച് വോട്ട് ചെയ്യും

# അഞ്ച് വർഷത്തിനിടെ എന്‍റെ ഒരു പരിപാടി പോലും റദ്ദായിട്ടില്ല. പരമാവധി അച്ചടക്കത്തോടെ ഭരണം മുന്നോട്ടുപോയി.

അമിത് ഷാ പറഞ്ഞത്

ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. സാധാരണക്കാരന്‍റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയർന്നെന്നും, വികസനം വർദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികൾ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു. 

വൻഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാൻ കഴിഞ്ഞ ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു. കൃഷിക്കാർ മുതൽ, മധ്യവർഗക്കാർ വരെയുള്ളവർക്കായി പദ്ധതികൾ കൊണ്ടുവന്നു. ആയുഷ്മാൻഭാരത്, ജൻധൻയോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ എണ്ണിപ്പറയുന്നു. 

തെരഞ്ഞെടുപ്പ് രംഗത്താകട്ടെ ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് അമിത് ഷാ പറ‍ഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിയത്. ആറ് സർക്കാരുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇപ്പോൾ രാജ്യമെങ്ങുമുണ്ട്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ബിജെപി സർക്കാരുകൾ എത്തി. സഖ്യസർക്കാരുകൾ രൂപീകരിച്ചത് നേട്ടമാണെന്നും അമിത് ഷാ അവകാശപ്പെട്ടു. 

വിവാദപരാമർശം നടത്തിയവർക്കെതിരെ നടപടിയെന്ന് ഷാ

തെരഞ്ഞെടുപ്പ് കാലത്ത് മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പരാതികൾ പരിശോധിക്കാൻ പാർട്ടി സംവിധാനമുണ്ട്. അച്ചടക്ക സമിതിക്ക് മുമ്പാകെ ഈ പരാമർശങ്ങൾ നൽകിയിട്ടുണ്ട്. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ഷാ പറഞ്ഞു.

മഹാത്മാഗാന്ധിയെക്കുറിച്ച് അധിക്ഷേപപരാമർശങ്ങൾ നടത്തുന്നത് പാർട്ടിയുടെ രീതിയല്ല. അതിനെ പാർട്ടി സ്വീകരിക്കുന്നുമില്ല. പാർട്ടിയുടെ നിലപാട് അതല്ല. 

പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ സ്ഥാനാ‍ർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ഷാ അവരെ തള്ളിപ്പറഞ്ഞില്ല. പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപി ഖേദിക്കുന്നില്ല. സംഝോത എക്സ്പ്രസ് സ്ഫോടനത്തിൽ യഥാർത്ഥ പ്രതികളെ പിടിക്കാതെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു കോൺഗ്രസ്. അതിന്‍റെ ഭാഗമായാണ് പ്രഗ്യാ സിംഗിനെ പ്രതിയാക്കിയതെന്നും ഷാ പറഞ്ഞു. 

എല്ലാ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി മറുപടി പറയണോ?

പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനത്തിൽ സംസാരിച്ചെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചെങ്കിലും പാർട്ടി പ്രസിഡന്‍റുള്ളപ്പോൾ അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്ന് മോദി പറഞ്ഞു.

റഫാൽ ഉൾപ്പടെയുള്ള അഴിമതികളെക്കുറിച്ച് മോദി സംസാരിക്കണമെന്ന് രാഹുൽ ഗാന്ധി തത്സമയം തന്നെ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടതിന് ഷാ നൽകിയ മറുപടി പറഞ്ഞതിങ്ങനെയാണ്:

''റഫാൽ അഴിമതിയാരോപണത്തിന് രാജ്യത്തിന്‍റെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ തന്നെ പാർലമെന്‍റിൽ വന്ന് മറുപടി പറഞ്ഞതാണ്. മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കിൽ രാഹുൽ അത് സുപ്രീംകോടതിയിൽ പറയണമായിരുന്നു. അഞ്ച് വർഷത്തെ ഭരണത്തിനിടെ ഒരു അഴിമതിയാരോപണം കേട്ടിട്ടില്ലാത്ത സർക്കാരാണ് ഇത്'', അമിത് ഷാ പറഞ്ഞു. 

വീണ്ടും അധികാരത്തിൽ വരും

മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. 300 സീറ്റുകൾ മോദി സർക്കാർ നേടും. ഒറ്റയ്ക്ക് ഭൂരിപക്ഷം വീണ്ടും നേടാൻ മോദിയുടെ നേതൃത്വത്തിൽ സർക്കാരിന് കഴിഞ്ഞു. അത് ജനങ്ങൾക്ക് മനസ്സിലായെന്നും അവർ വോട്ട് ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. ഉത്തരേന്ത്യക്ക് പുറമേ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും കർണാടകത്തിലും മികച്ച മുന്നേറ്റം ബിജെപി ഉണ്ടാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. 

മമതയ്ക്ക് എതിരെ ഷാ

ബിജെപി ഹിംസാ പാർട്ടിയാണെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസ്താവനക്കെതിരെ അമിത് ഷാ രംഗത്തെത്തി. ബിജെപിയുടെ പ്രവർത്തകർ നിരന്തരം പശ്ചിമബംഗാളിൽ കൊല്ലപ്പെടുകയാണ്. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് മമത ഇത്തരം പരാമർശം നടത്തുന്നത്? ഷാ ചോദിച്ചു. 

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios