Asianet News MalayalamAsianet News Malayalam

പാലാ വിജയം മുങ്ങിച്ചാകുമ്പോൾ കിട്ടിയ കച്ചിത്തുരുമ്പ്; മുഖ്യമന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി

യഥാർത്ഥ ജനവിധി വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ കാണാമെന്ന് മുഖ്യമന്ത്രിക്ക് കെപിസിസി അദ്ധ്യക്ഷന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മേനി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി അഹങ്കരിക്കുകയാണെന്നും മേനി പറയാൻ ഈ ഫലം ഉപകരിക്കില്ലെന്നും മുല്ലപ്പള്ളി.

mullappally ramachandran challenges cm pinarayi vijayan
Author
Kochi, First Published Sep 29, 2019, 9:03 PM IST

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിലേത് രാഷ്ട്രീയ ജനവിധി അല്ല ,മറിച്ച് വൈകാരിക ഫലം മാത്രമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മേനി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ അഹങ്കരിക്കുന്നതെന്നും മുങ്ങിച്ചാകുന്ന മനുഷ്യന് കിട്ടിയ കച്ചിത്തുരുമ്പ് പോലെയാണ് മുഖ്യമന്ത്രി പാലാ തെരഞ്ഞെടുപ്പിനെ കണ്ട് ആഹ്ലാദിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു. ഒരു തരത്തിലും മേനി പറയാൻ തെരഞ്ഞെടുപ്പ് ഫലം ഉപകരിക്കില്ല. യഥാർത്ഥ രാഷ്ട്രീയ ജനവിധി വരുന്ന 5 ഉപതെരഞ്ഞെടുപ്പിൽ കാണാമെന്നും  പിണറായി വിജയനെ വെല്ലുവിളിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എറണാകുളത്ത് യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ കെപിസിസി അദ്ധ്യക്ഷൻ വിമർശനം ഉന്നയിച്ചത്. അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാർ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ആർജവമുണ്ടെങ്കിൽ കിഫ്ബി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചു. ഇടപാടുകൾ സുതാര്യമെങ്കിൽ കണക്കുകൾ മറച്ചു വെയ്ക്കുന്നത് എന്തിനെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്റെ ചോദ്യം. ദുരന്തങ്ങൾ വന്നപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ പകച്ചു പോയ , കാര്യപ്രാപ്തിയില്ലാത്ത സർക്കാരും മുഖ്യമന്ത്രിയും ആണ് കേരളത്തിലേതെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനൊപ്പം യുഡിഎഫ് നേതാക്കൾ പ്രതിക്കൂട്ടിലായ പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ ക്രമക്കേടിനെ കുറിച്ചും മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിച്ചു. നിർമാണ ക്രമക്കേടിലെ അന്വേഷണം കോൺഗ്രസ്‌ സ്വാഗതം ചെയ്യുന്നുവെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. അന്വേഷണം നടത്തി കുറ്റവാളികൾക്ക് എതിരെ നടപടി എടുക്കണം എന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios