Asianet News MalayalamAsianet News Malayalam

ക്രിമിനല്‍ കേസുകളുടെ വിവരം പരസ്യപ്പെടുത്താത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരം പത്രത്തിലും ടെലിവിഷനിലും പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം

must publish details of criminal case otherwise actions will be takes says  Kerala CEO Teeka Ram Meena
Author
Thiruvananthapuram, First Published Apr 17, 2019, 2:39 PM IST

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയ്യാറാകാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും ഇത് വഴിവച്ചേക്കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഇത് വകയിരുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരം പത്രത്തിലും ടെലിവിഷനിലും പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതിയുടെ അ‍ഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണിത്. അതാത് ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളില്‍ , വോട്ടടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മൂന്ന് തവണ പരസ്യം നല്‍കിയിരിക്കണം. ടെലിവിഷനില്‍ 7 സെക്കന്‍റ് ദൈര്‍ഘ്യമുള്ള പരസ്യമാണ് നല്‍കേണ്ടത്. ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഇത് വകയിരുത്തും. ഉത്തരവ് നടപ്പിലാക്കാന്‍ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയിട്ടുണ്ട്. 

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് പ്രമുഖ്യരാഷ്ട്രീയ കക്ഷികള്‍. 75 ലക്ഷം രൂപയാണ് സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക. പരസ്യത്തിനുള്ള ചെലവും ഇതില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍, തെരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലനാണ് പാര്‍ട്ടികളുടെ ആക്ഷപം. എന്നാല്‍ സുപ്രീംകോടതിയുടെ ഉത്തരവില്‍ ഇളവ് നല്‍കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന് കഴിയില്ല. 

സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളുടെ പേരിലുളള കേസ് വിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വോട്ടെടുപ്പിന് ശേഷം 30 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios