Asianet News MalayalamAsianet News Malayalam

മത്സരിക്കില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി; ദില്ലിക്ക് പോകാതെ കേരളത്തിലേക്ക് മടങ്ങി

ഒരു കാരണവശാലും മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻചാണ്ടി ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി. ആന്ധ്രയിൽ നിന്ന് ഉമ്മൻചാണ്ടിയെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിച്ചു എന്ന വാർത്തകൾക്കിടെയാണ് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയത്.

Oommen Chandi confirms again that he will not contest in Loksabha election
Author
Kottayam, First Published Mar 16, 2019, 8:45 PM IST

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന കടുത്ത സമ്മർദ്ദത്തിനിടെ ഒരു കാരണവശാലും മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻചാണ്ടി ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി. ആന്ധ്രയിൽ നിന്ന് ഉമ്മൻചാണ്ടിയെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിച്ചു എന്ന വാർത്തകൾക്കിടെയാണ് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയത്. താൻ സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലെന്നും 

തന്നെ സ്ഥാനാർത്ഥിയാക്കിയത് മാധ്യമങ്ങളാണെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

ഒന്നിൽ കൂടുതൽ പേരുകൾ ഉയർന്ന മണ്ഡലങ്ങളിലെ ചർച്ചകളാണ്  ദില്ലിയിൽ നടക്കുന്നതെന്നും സ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ വരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ അവസാനം നിമിഷം വരെയും വലിയ സമ്മര്‍ദ്ദമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉമ്മൻചാണ്ടിക്ക്  ഉണ്ടായത്. 

കോൺഗ്രസിന് ഏറ്റവും വിജയ സാദ്ധ്യത കണക്കാക്കുന്ന വയനാട് സീറ്റ് ടി സിദ്ദിഖിന് നൽകണമെന്ന് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വയനാട് ഐ ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റാണെന്നും ഷാനിമോൾ ഉസ്മാനോ കെ പി അബ്ദുൾ മജീദിനോ സീറ്റ് നൽകണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വയനാട് സീറ്റിനെ ചൊല്ലി തെരഞ്ഞെടുപ്പ് സമിതിയിൽ ഇപ്പോഴും തർക്കം തുടരുകയാണ് എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ദില്ലി യാത്ര ഒഴിവാക്കി ഉമ്മൻചാണ്ടി കേരളത്തിലേക്ക് മടങ്ങിയത്.

സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്കൊപ്പം പങ്കെടുത്തിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. അതിനുശേഷം ആന്ധ്രയിൽ പോകേണ്ട അത്യാവശ്യം ഉണ്ടായെന്നും എംഎൽഎ റോസമ്മ ചാക്കോയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാനാണ് കേരളത്തിലേക്ക് മടങ്ങിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഉമ്മൻചാണ്ടി മത്സരിച്ചാൽ അത് യുഡിഎഫിന്‍റെ വിജയത്തിന് മുതൽക്കൂട്ടാകും എന്ന് തുടക്കം മുതൽ വിലയിരുത്തലും ഉണ്ടായിരുന്നു. മത്സരിക്കുന്ന സാഹചര്യം ഉണ്ടായാൽ പത്തനംതിട്ട മണ്ഡലമാണ് ഉമ്മൻചാണ്ടിക്ക് വേണ്ടി പരിഗണിച്ചിരുന്നത്. 

Follow Us:
Download App:
  • android
  • ios