Asianet News MalayalamAsianet News Malayalam

'കൊലയാളി' പരാമർശം: കെ കെ രമയ്ക്കെതിരെ നിയമനടപടിക്ക് പി ജയരാജൻ

കോഴിക്കോട് ആർഎംപി യോഗത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജൻ 'കൊലയാളി'യാണെന്ന് കെ കെ രമ പറഞ്ഞത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ്. 

p jayarajan to sue kk rama on the killer reference
Author
Vadakara, First Published Mar 18, 2019, 10:32 PM IST

വടകര: ആർഎംപി നേതാക്കളായ കെ കെ രമ, എൻ വേണു, പി കുമാരൻ കുട്ടി എന്നിവർക്കെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ നിയമനടപടിയിലേക്ക്. വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍  അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു എന്നാരോപിച്ചാണ് ജയരാജൻ മൂന്ന് നേതാക്കൾക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ്‌കമ്മീഷണര്‍ക്കും ചൊവ്വാഴ്ച പരാതി നൽകുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കോഴിക്കോട് ആർഎംപി യോഗത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജൻ 'കൊലയാളി'യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് പി ജയരാജന്‍റെ ആരോപണം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ തനിക്ക് ഒരു പങ്കുമില്ല. ആരോപണം പിന്‍വലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നുമാണ് വക്കീല്‍നോട്ടീസിലുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി ജയരാജനെ മത്സരിപ്പിക്കാനുള്ള നീക്കം വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സർവശക്തിയുമുപയോഗിച്ച് എതിർക്കുമെന്ന് നേരത്തേ ആർഎംപി വ്യക്തമാക്കിയിരുന്നു. പാർട്ടി യോഗത്തിന് ശേഷം വടകരയിൽ നിന്ന് കെ കെ രമ മത്സരിക്കില്ലെന്നും പകരം യുഡിഎഫിനെ പിന്തുണയ്ക്കും എന്നുമായിരുന്നു ആർഎംപിയുടെ നിലപാട്. 

Follow Us:
Download App:
  • android
  • ios