Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായില്ല; നാളെ വരുമോ തീരുമാനം?

എല്ലാ നേതാക്കളുമായും ഒരു ധാരണയിലെത്തി, പിണക്കങ്ങളൊക്കെ പരിഹരിച്ച് ഒരു തീരുമാനത്തിലെത്തിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. 

pathanamthitta bjp candidate will be decided tomorrow
Author
New Delhi, First Published Mar 21, 2019, 8:38 PM IST

ദില്ലി: ബിജെപിക്ക് വിജയസാധ്യത കൽപിക്കപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ മാത്രം പ്രഖ്യാപിക്കാതെയാണ് ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറങ്ങുന്നത്. പത്തനംതിട്ട മണ്ഡലത്തിന് വേണ്ടി വലിയ തമ്മിലടിയാണ് പാർട്ടിയ്ക്കകത്ത് നടന്നത്. ആദ്യമൊക്കെ പി എസ് ശ്രീധരൻ പിള്ളയുടെ പേര് പറഞ്ഞുകേട്ട പത്തനംതിട്ടയിൽ ആർഎസ്എസ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന് വേണ്ടി ഇടപെട്ടതാണ് വഴിത്തിരിവായത്.

ഇതോടെ, പത്തനംതിട്ടയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടെടുത്തു ശ്രീധരൻ പിള്ള. ബിജെപി സംസ്ഥാനാധ്യക്ഷന് സീറ്റില്ലെന്നുറപ്പായതോടെ പാർട്ടിയിൽ തന്നെ ഉടലെടുത്ത ഭിന്നതകളെ പറഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുകയാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. ഇനി സംസ്ഥാനതലത്തിൽ പത്തനംതിട്ടയെച്ചൊല്ലി ഒരു ചർച്ചയുണ്ടാകില്ലെന്നുറപ്പാണ്.

Read More: ശ്രീധരൻപിള്ള പത്തനംതിട്ടയിൽ തന്നെ മത്സരിക്കാൻ പരിശ്രമിക്കുന്നതെന്തിന്?

സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ബിജെപിയുടെ 14 സീറ്റിൽ 13 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്.

പത്തനംതിട്ടയ്ക്ക് വേണ്ടി ശ്രീധരൻ പിള്ള കാത്തിരുന്നപ്പോൾ ഓർക്കാപ്പുറത്ത് ഇടപെട്ടത് ആർഎസ്എസ്സാണ്. മുൻപ് ആർഎസ്എസ് നേതൃത്വത്തിന് അനഭിമതനായിരുന്ന കെ സുരേന്ദ്രൻ പക്ഷേ ശബരിമല പ്രക്ഷോഭത്തിനെല്ലാം ശേഷം, ആർഎസ്എസ്സുമായി ഒത്തുതീർപ്പിലെത്തി. പ്രശ്നങ്ങളെല്ലാം സുരേന്ദ്രനും ആ‌ർഎസ്എസ് നേതൃത്വവും പറഞ്ഞു തീർത്തെന്നാണ് സൂചന. അങ്ങനെയാണ് സുരേന്ദ്രനു വേണ്ടി സമ്മർദ്ദം ശക്തമാക്കി ആർഎസ്എസ് നേതൃത്വം രംഗത്തു വരുന്നത്. 

പക്ഷേ നേരത്തേ തന്നെ, പത്തനംതിട്ട മണ്ഡലത്തിനായി എം ടി രമേശും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഭൂരിപക്ഷം 1,38,954 വോട്ടുകളായി ഉയർത്തിയ കാര്യമാണ് എം ടി രമേശ് ചൂണ്ടിക്കാട്ടുന്നത്. 16 ശതമാനമായി വോട്ട് വിഹിതം കൂട്ടിയത് തന്‍റെ കൂടി പ്രവ‍ർത്തനഫലമാണെന്ന് എം ടി രമേശ് അവകാശപ്പെടുന്നുണ്ട്.

ഏറ്റവുമൊടുവിൽ രംഗത്തെത്തിയത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് അൽഫോൺസ് കണ്ണന്താനത്തോട് മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അപ്പോൾ അൽഫോൺസ് കണ്ണന്താനം പറഞ്ഞതിങ്ങനെയാണ്. പത്തനംതിട്ടയാണ് തന്‍റെ കർമമണ്ഡലം. കേന്ദ്രനേതൃത്വത്തിനോട് സീറ്റ് ചോദിച്ചിട്ടുണ്ടെന്നും അവസരം കിട്ടിയാൽ തീർച്ചയായും മത്സരിക്കുമെന്നും കണ്ണന്താനം അന്ന് പറഞ്ഞു. 

ഇടയ്ക്ക് കൊല്ലത്ത് കണ്ണന്താനത്തെ മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കണ്ണന്താനം ഉയർത്തിയത്. 

അങ്ങനെ, നാല് പേരാണ് പത്തനംതിട്ടയ്ക്ക് വേണ്ടി മാത്രം പോരടിച്ചത്. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന്‍റെ ശക്തമായ പിന്തുണ സുരേന്ദ്രനുള്ളതിനാൽ ശ്രീധരൻ പിള്ളയ്ക്കും എം ടി രമേശിനും ഇനി പ്രതീക്ഷ വേണ്ട. 

Follow Us:
Download App:
  • android
  • ios