Asianet News MalayalamAsianet News Malayalam

പത്തനംതിട്ട ആര്‍ക്കൊപ്പം? പ്രതീക്ഷകള്‍ തെറ്റുമെന്ന് സര്‍വേ ഫലം, ആന്‍റോ ആന്‍റണിക്ക് വിജയം, സുരേന്ദ്രന്‍ രണ്ടാമത്

ഏറ്റവും വലിയ ത്രികോണ മത്സരം നടന്ന മണ്ഡലമായ പത്തനംതിട്ടയില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം. 

pathanamthitta k surendran veena george anto antony
Author
Kerala, First Published May 19, 2019, 8:45 PM IST

തിരുവനന്തപുരം: ഏറ്റവും വലിയ ത്രികോണ മത്സരം നടന്ന മണ്ഡലമായ പത്തനംതിട്ടയില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം. യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണി 34 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.   ബിജെപി ഏറെ വിജയ പ്രതീക്ഷ വച്ച മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി  കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു.

അതേസമയം എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 29 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് സര്‍വേ. ചാലക്കുടിയില്‍ സിറ്റിങ് എംപി കൂടിയായ ഇന്നസെന്‍റും, എന്‍ഡിഎ ഏറെ പ്രതീക്ഷ വയ്ക്കുന്ന താര സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും പരാജയപ്പെടും.  ചാലക്കുടിയില്‍ യുഡിഎഫിന്‍റെ ബെന്നി ബെഹ്നാന്‍ 46 ശതമാന വോട്ട് നേടി വിജയിക്കും. ഇന്നസെന്‍റിന് 37 ശതമാനം വോട്ടും എന്‍ഡിഎയയുടെ എഎന്‍ രാധാകൃഷ്ണന് 12 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു.

അതേസമയം തൃശൂരില്‍ എന്‍ഡിഎ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നും സര്‍വേ പറയുന്നു. യുഡിഎഫിന്‍റെ ടിഎന്‍ പ്രതാപന് 38 ശതമാനം വോട്ടും എല്‍ഡിഎഫിന്‍റെ രാജാജി മാത്യു തോമസിന് 35 ശതമാനം വോട്ടും പ്രവചിക്കുന്ന സര്‍വേ സുരേഷ് ഗോപിക്ക് 23 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. എറണാകുളത്ത് ഹൈബി ഈഡനും വിജയം ഉറപ്പിക്കുന്നതോടെ 12 മണ്ഡലങ്ങളുടെ ഫലം പുറത്തുവിടുമ്പോള്‍ രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് എ‍ല്‍ഡിഎഫിന് പ്രവചിക്കുന്നത്.

പാലക്കാടും കോഴിക്കോടും മാത്രമാണ് എല്‍ഡിഎഫിന് ലഭിക്കുക. പാലക്കാട് 41 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിക്കുന്നതെങ്കില്‍ 29 ശതമാനം വോട്ടുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പറയുന്നു. അങ്ങനെയെങ്കില്‍ പാലക്കാട് ആദ്യമായിട്ടായിരിക്കും ബിജെപി രണ്ടാം സ്ഥാനത്ത് എത്തുക.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന മണ്ഡലമാണ് വടകര. സിപിഎമ്മിന്‍റെ ശക്തനായ സ്ഥാനാര്‍ത്ഥി പി ജയരാജനും കോണ്‍ഗ്രസിന്‍റെ ശക്തനായ സ്ഥാനാര്‍ത്ഥി കെ മുരളീധരനും തമ്മിലായിരുന്നു വടകരയിലെ പ്രധാന മത്സരം

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി  കെ മുരളീധരന്‍ വിജയിക്കുമെന്നാണ് സര്‍വേ പ്രവചനം.  47 ശതമാനം വോട്ടുകള്‍ മുരളീധരന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍  42 ശതമാനം വോട്ടുകളാണ് ജയരാജന് ലഭിക്കുക. എന്‍ഡിഎയുടെ വികെ സജീവന് ഒമ്പത് ശതമാനം വോട്ട് മാത്രമാണ് ലഭിക്കുകയെന്നും സര്‍വേ ഫലം പറയുന്നു.

അതേസമയം കണ്ണൂരില്‍ 43 ശതമാനം വോട്ട് നേടി കെ സുധാകരന്‍ ജയിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതിക്ക് 41 ശതമാനവും എന്‍ഡിഎയുടെ സികെ പത്മനാഭന് 13 ശതമാനം വോട്ടും ലഭിക്കുമെന്ന് സര്‍വേ പറയുന്നു. 

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. യുഡിഎഫിന് 46 ശതമാനം വോട്ടുകള്‍ നേടും. എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍  33 ശതമാനം  വോട്ടുകള്‍ നേടും, ബിജെപിയുടെ രവീശതന്ത്രി കുണ്ടാര്‍ 18 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios