Asianet News MalayalamAsianet News Malayalam

'ഈശ്വർ ചന്ദ്രയുടെ തകർത്ത പ്രതിമക്ക് പകരം പുതിയത് നിർമിക്കും', മമതയെ വെല്ലുവിളിച്ച് മോദി

തൃണമൂൽ കോൺഗ്രസിന്‍റെ ഗുണ്ടകളാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമകൾ തകർത്തതെന്ന് ആരോപിച്ച മോദി, പഞ്ചലോഹങ്ങൾ കൊണ്ട് പ്രതിമ പുനർനിർമിക്കുമെന്ന് പ്രഖ്യാപിച്ചു. 

PM Modi Promises Grand Vidyasagar Statue Amid Battle With Trinamool
Author
Kolkata, First Published May 16, 2019, 1:17 PM IST

കൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കിയതിനെച്ചൊല്ലി കൊമ്പു കോർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. അക്രമത്തിൽ തകർക്കപ്പെട്ട ബംഗാൾ നവോത്ഥാന നായകൻ ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ പുനർനിർമിക്കുമെന്ന് മോദി ഉത്തർപ്രദേശിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചു.

പ്രതിമ തകർത്തത് എബിവിപി പ്രവർത്തകരാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് വീഡിയോകൾ പുറത്തു വിട്ടിരുന്നു. ബംഗാൾ ജനതയുടെ വികാരപ്രശ്നം കൂടിയായ പ്രതിമ തകർക്കൽ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് മോദിയുടെ പ്രഖ്യാപനം. മോദിക്കെതിരെ മമത പ്രധാന പ്രചാരണായുധമാക്കുന്നതും പ്രതിമ തകർത്തത് തന്നെയാണ്. 

''അമിത് ഷായുടെ റാലിക്കിടെ തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് നമ്മൾ കണ്ടതാണ്. ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ അവർ തകർത്തു. അത്തരം ആളുകൾക്കെതിരെ കർശനനടപടി വേണ്ടേ?'', മോദി ഉത്തർപ്രദേശിലെ മാവുവിൽ നടത്തിയ റാലിയിൽ ചോദിച്ചു. 

''വിദ്യാസാഗറിന്‍റെ ദർശനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് ബിജെപി. പഞ്ചലോഹങ്ങൾ കൊണ്ട്, ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ അതേ സ്ഥാനത്ത് പണിയും'', മോദി പ്രഖ്യാപിച്ചു. 

എന്നാൽ ഇതിനോട് തൃണമൂൽ വക്താവ് ഡെറക് ഒബ്രയൻ പ്രതികരിച്ചത് രൂക്ഷഭാഷയിലാണ്: 

''മോദീ, സ്ഥിരം നുണയാ'', എന്നായിരുന്നു ഡെറക് ഒബ്രയന്‍റെ ട്വീറ്റ്. 

അമിത് ഷായുടെ 'ജയ് ശ്രീറാം' റാലിയിൽ അക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് അസാധാരണ നീക്കത്തിലൂടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെര. കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചത്. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം, തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. തെരഞ്ഞെടുപ്പുകൾ റദ്ദാക്കാനോ, നീട്ടി വയ്ക്കാനോ, സ്ഥാനാർത്ഥികൾക്ക് നേരെ നടപടിയെടുക്കാനോ മാത്രമേ ഇതുവരെ ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുള്ളൂ. 

Follow Us:
Download App:
  • android
  • ios