Asianet News MalayalamAsianet News Malayalam

ഭാര്യയുടെ പേര് യശോദബെൻ; മറ്റൊന്നും അറിയില്ലെന്ന് നരേന്ദ്ര മോദി

ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഭാര്യ യശോദബെൻ ആണെന്ന് വ്യക്തമാക്കിയിരിക്കുന്നത്

PM Narendra Modi doesnt know anything about spouse Jashodaben
Author
Varanasi, First Published Apr 26, 2019, 7:13 PM IST

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വാരണാസി മണ്ഡലത്തിൽ നിന്ന് തന്നെ ഇക്കുറിയും ജനവിധി തേടും. ഇതിനായി അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കഴിഞ്ഞ തവണ രണ്ട് സീറ്റിൽ നിന്ന് മത്സരിച്ച മോദി പക്ഷെ ഇക്കുറി ഒരു സീറ്റിൽ നിന്ന് മാത്രമാണ് ജനവിധി തേടുന്നത്. 

നാമനിർദ്ദേശ പത്രികയിൽ തന്റെയും കുടുംബത്തിന്റെയും വ്യക്തിവിവരങ്ങൾ അടക്കം രേഖപ്പെടുത്തേണ്ടതുണ്ട്. പ്രധാനമന്ത്രി സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യയുടെ പേര് ഒഴികെ അവരെ കുറിച്ചുള്ള യാതൊരു വിവരവും അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആദായനികുതി അടച്ചതിന്റെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടിടത്ത് ഭാര്യയുടെ പേരിന് താഴെ യശോദബെൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവരുടെ പാൻ നമ്പരോ, അവർ ആദായ നികുതി അടച്ചതിന്റെ രേഖകളോ കുറിച്ചിട്ടില്ല. ഇതിന്റെ സ്ഥാനത്ത് അറിയില്ല (NOT KNOWN) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യശോദബെന്നിന്റെ ആസ്തി ബാധ്യതാ വിവരങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് യാതൊരു അറിവുമില്ല. ഇവ രേഖപ്പെടുത്തേണ്ടിടത്തും അറിയില്ല എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യയുടെ പേരിൽ നിക്ഷേപങ്ങളോ, അവരുടെ ഉടമസ്ഥതയിൽ ഭൂമിയോ, കെട്ടിടങ്ങളോ എന്തെങ്കിലും ഉണ്ടോയെന്നും അറിയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഭാര്യയുടെ ജോലി എന്താണെന്നോ, അവരുടെ വരുമാനം എന്താണെന്നോ അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാമനിർദ്ദേശ പത്രികയിൽ താൻ 1967 ൽ ഗുജറാത്തിൽ നിന്ന് എസ്എസ്‌സി ബോർഡ് എക്സാം പാസായെന്ന് മോദി പറയുന്നു. 1978 ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം പാസായെന്നും 1983 ൽ അഹമ്മദാബാദിലെ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയെന്നും വ്യക്തമാക്കുന്നു. എന്നാൽ ബിരുദം നേടിയത് ഏത് വിഷയത്തിലാണെന്നോ, ബിരുദാനന്തര ബിരുദം നേടിയത് ഏത് വിഷയത്തിലാണെന്നോ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടില്ല.

മോദിയുടെ ആകെ ആസ്തി 2.51 കോടി രൂപയുടേതാണ്. ഇതിൽ ജംഗമസ്വത്ത് 1.41 കോടിയുടേതാണ്. മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്. മോദിയുടെ ജംഗമ സ്വത്തുക്കൾ 2014 ൽ നിന്ന് 2019 ലേക്ക് എത്തിയപ്പോൾ 114.15 ശതമാനമാണ് വർദ്ധിച്ചത്. 2014 ൽ 65.91 ലക്ഷം രൂപ മൂല്യമുള്ള ജംഗമസ്വത്താണ് ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നത്. നിക്ഷേപങ്ങൾക്ക് ലഭിച്ച പലിശയും പ്രധാനമന്ത്രി പദത്തിലെ വരുമാനവുമാണ് വരുമാനത്തിന്റെ സ്രോതസ്സായി പറയുന്നത്.

Follow Us:
Download App:
  • android
  • ios