Asianet News MalayalamAsianet News Malayalam

മോദി 2.0: ഇനി സ്വകാര്യവത്കരണമടക്കം വൻ സാമ്പത്തിക പരിഷ്കാരങ്ങൾ, നൂറ് ദിന കർമപരിപാടികളായി

എയർ ഇന്ത്യ അടക്കം 42 പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ സാധ്യതയുണ്ട്. പ്രതിവർഷം 6000 രൂപ ലഭിക്കുന്ന 'പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി' ഭൂരഹിത കർഷകർക്കും ലഭിച്ചേക്കും. 

privatisation and changes in economic sector big band reforms in bag 100 days
Author
New Delhi, First Published May 31, 2019, 1:42 PM IST

ദില്ലി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ ആദ്യ നൂറ് ദിവസത്തെ അജണ്ടകളിൽ വൻ സാമ്പത്തികപരിഷ്കാരങ്ങളുമെന്ന് സൂചന. വിദേശനിക്ഷേപവും പൊതുമേഖലയിലെ സ്വകാര്യവത്കരണവും, വ്യവസായങ്ങൾക്ക് വൻ സഹായവും കർഷകസഹായ പദ്ധതികളും സർക്കാരിന്‍റെ ആദ്യ നൂറ് ദിന കർമപരിപാടികളിൽ ഇടം നേടിയേക്കും. 

തൊഴിൽ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരാനാണ് സാധ്യത. എയർ ഇന്ത്യയടക്കം 42 പൊതുമേഖലാ കമ്പനികൾ സ്വകാര്യവത്കരിച്ചേക്കും, വ്യവസായങ്ങൾക്കായി ഭൂബാങ്ക് അടക്കമുള്ള മാറ്റങ്ങളും കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‍സിന് നൽകിയ അഭിമുഖത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിൽ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു . ഇന്ത്യ ഇടത്തരം വരുമാനക്കെണിയിലേക്ക് പോകുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ വിലയിരുത്തി .ഈ സാഹചര്യത്തിലാണ് രണ്ടാം മോദി സര്‍ക്കാര്‍  വൻ സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് ഊന്നൽ നല്‍കുന്നത് .

''വിദേശ നിക്ഷേപകർക്ക് സന്തോഷിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്. സാമ്പത്തിക രംഗത്ത് വൻ പരിഷ്കാരങ്ങൾ വരും. അടിസ്ഥാനപരമായ പല മാറ്റങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്'', രാജീവ് കുമാർ പറഞ്ഞു. നീതി ആയോഗിന്‍റെ ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 

മാറ്റങ്ങളുടെ ചുക്കാൻ പിടിക്കുക നീതി ആയോഗ് തന്നെയാകുമെന്നാണ് സൂചന. ആദ്യം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി ചെയ്ത സമൂല മാറ്റങ്ങളിലൊന്ന് ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് പുതിയ നീതി ആയോഗ് എന്ന ഭരണഘടനാസ്ഥാപനം രൂപീകരിക്കലായിരുന്നു. 

നരേന്ദ്രമോദിയുടെ ആദ്യമന്ത്രിസഭയിൽ ആദ്യം വാണിജ്യമന്ത്രിയായിരുന്ന നിർമലാ സീതാരാമൻ പുതിയ ധനമന്ത്രിയാകുമ്പോൾ, വൻ സ്ഥാനക്കയറ്റം ലഭിക്കുന്നത്. ആദ്യം സഹമന്ത്രിയായാണ് നിർമലാ സീതാരാമൻ അധികാരമേൽക്കുന്നത്. അവിടെ നിന്ന് അരുൺ ജയ്‍റ്റ്‍ലിക്ക് പകരം ധനമന്ത്രിപദം ലഭിക്കുന്ന നിർമലാ സീതാരാമൻ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽത്തന്നെയാണ് താക്കോൽ സ്ഥാനത്തേക്ക് എത്തുന്നത്. ധനവകുപ്പിൽ വൻ പരിഷ്കാരങ്ങൾ കൊണ്ടുവരുമ്പോൾ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും വിശ്വസ്തയായ നിർമലാ സീതാരാമനെത്തന്നെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നതും അതുകൊണ്ടു തന്നെ. 

രാജ്യത്തെ സങ്കീർണമായ തൊഴിൽ നിയമങ്ങളിൽ അടിമുടി മാറ്റങ്ങൾ വരുമെന്നും ജൂലൈയിൽ തുടങ്ങുന്ന പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽത്തന്നെ പുതിയ തൊഴിൽ നിയമഭേദഗതി അവതരിപ്പിക്കപ്പെടുമെന്നും രാജീവ് കുമാർ പറയുന്നു. മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ കൊണ്ടുവന്ന തൊഴിൽ നിയമഭേദഗതികളിൽ പലതും തൊഴിലാളി യൂണിയനുകളുടെ വൻ എതിർപ്പ് നേരിട്ടിരുന്നു. 

44 തൊഴിൽ നിയമങ്ങളെ, നാല് കോഡുകളാക്കി തിരിക്കാനാണ് പുതിയ നിയമഭേദഗതി ലക്ഷ്യമിടുന്നത്. വേതനം, വ്യവസായവികസനം, സാമൂഹ്യസുരക്ഷ, തൊഴിൽ സുരക്ഷ എന്നീ വിഭാഗങ്ങളാക്കി തൊഴിൽ നിയമങ്ങളെ തരം തിരിച്ച് ഒറ്റ കുടക്കീഴിൽ കൊണ്ടുവരും. അങ്ങനെ സങ്കീർണമായ തൊഴിൽ നിയമങ്ങളെ ലളിതമാക്കും. പക്ഷേ അതിനൊപ്പം നിയമങ്ങളെ ഉദാരമാക്കുമോ എന്ന് കണ്ടറിയണം.

പൊതുമേഖലാ കമ്പനികൾ ഉപയോഗിക്കാതിരിക്കുന്ന, ഭൂമിയും മറ്റ് വസ്കുക്കളുടെയും വിവരങ്ങൾ ശേഖരിച്ച് ഭൂബാങ്ക് ഉണ്ടാക്കിയ ശേഷം അത് വിദേശനിക്ഷേപകർക്ക് നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. നഷ്ടത്തിലായ പൊതുമേഖലയുടെ വസ്തുക്കൾ ഉപയോഗിക്കാൻ സർക്കാർ കണ്ടെത്തിയ വഴി ഇതാണ്. വിദേശനിക്ഷേപം ആവശ്യമുള്ള മേഖലകൾ കണ്ടെത്തി അവർക്ക് സഹായകമായ വിവരങ്ങൾ നൽകാനും അതിന് തയ്യാറാകുന്ന കമ്പനികളുടെ ക്ലസ്റ്ററുകൾ രൂപീകരിക്കാനും സർക്കാർ തയ്യാറെടുക്കുന്നു.

എയർ ഇന്ത്യയടക്കം സർക്കാരിന്‍റെ കീഴിലുള്ള 42 കമ്പനികൾ പൂർണമായും സ്വകാര്യവത്കരിക്കാനാണ് സാധ്യത. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദേശനിക്ഷേപത്തിനുള്ള പരിധി എടുത്തു കളയാനും സാധ്യതയുണ്ട്. 

സർക്കാരിന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ മൊത്തം ഒരു കമ്പനിയുടെ കീഴിൽ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. പല മന്ത്രാലയങ്ങളുടെ കീഴിലല്ലാതെ ഒറ്റ കമ്പനിയാകും ഇനി എല്ലാ സർക്കാർ സ്ഥാപനങ്ങളും നിയന്ത്രിക്കുക. 

Follow Us:
Download App:
  • android
  • ios