Asianet News MalayalamAsianet News Malayalam

പ്രിയങ്ക ​വെറുതെ സമയം പാഴാക്കുന്നു; ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നിടങ്ങളില്‍ പ്രചാരണത്തിന് പോയില്ല; കെജ്രിവാൾ

'ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ല'- കെജ്രിവാൾ പറഞ്ഞു

priyanka gandhi wasting her time in campaigning says kejriwal
Author
Delhi, First Published May 8, 2019, 6:24 PM IST

ദില്ലി: ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിൽ പോകാതെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി വെറുതെ സമയം പാഴാക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിൽ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കനിരിക്കെയാണ് കെജ്രിവാളിന്റെ വിമർശനം.

'പ്രിയങ്ക അവരുടെ സമയം വെറുതെ പാഴാക്കുകയാണ്. എന്തുകൊണ്ടാണ് അവർ രാജസ്ഥാനിലോ മധ്യപ്രദേശിലോ പ്രചാരണ പ്രവർത്തനങ്ങൾക്കായി പോകാത്തത്? ഉത്തർപ്രദേശിൽ ബിഎസ്പിക്കും എസ്പിക്കുമെതിരെയാണ് പ്രിയങ്ക പ്രചാരണം നടത്തിയത്. ദില്ലിയിൽ ആം ആദ്മിക്കെതിരെയും. ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ല'- കെജ്രിവാൾ പറഞ്ഞു.

നേരത്തെ ദില്ലിയിൽ എഎപി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസാണ് സഖ്യത്തിന് തടസ്സം നില്‍ക്കുന്നതെന്നായിരുന്നു ആം ആദ്മിയുടെ ആരോപണം. തുടർന്ന് നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് കെജ്രിവാൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി.

2014 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ആകെയുള്ള ഏഴ് സീറ്റും നേടിയത് ബിജെപിയാണ്. എന്നാല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ട് നേടി. ഈ സാഹചര്യം ഒഴിവാക്കാൻ ആം ആദ്മി പാര്‍ട്ടിയാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് മുന്‍കൈ എടുത്തത്. ത്രികോണ മത്സരം ഒഴിവാക്കുന്നതിന് ബിജെപിയെ മുഖ്യശത്രുവായി കാണണം എന്ന്  അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

ഷീലാ ദീക്ഷിതിന്‍റെ എതിർപ്പ് കാരണം നീക്കം ആദ്യം ഉപേക്ഷിച്ചെങ്കിലും ദില്ലിയുടെ ചുമതലയുള്ള പിസി ചാക്കോ വീണ്ടും സഖ്യനീക്കങ്ങൾക്ക് മുൻകൈയ്യെടുത്തു. എതിർപ്പ് തുടർന്നെങ്കിലും തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു കൊണ്ട് ഷീലാ ദീക്ഷിത് കത്ത് നല്കി. എഴിൽ രണ്ട് സീറ്റ് കോൺഗ്രസിനു നല്കാം എന്ന് വ്യക്തമാക്കിയ എഎപി പിന്നീട് മൂന്ന് സീറ്റ് നൽകാം എന്ന നിലപാടിലേക്ക് എത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios