Asianet News MalayalamAsianet News Malayalam

ശ്രീധരൻ പിള്ള മത്സരിച്ചേക്കില്ല; തൃശൂര്‍ തുഷാറിനെങ്കിൽ പത്തനംതിട്ട കെ സുരേന്ദ്രന്

തുഷാര്‍ വരുന്നതോടെ തൃശൂരിൽ അവസരം പോയ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഏറ്റവും ഒടുവിലെ നീക്കം. അങ്ങനെ എങ്കിൽ തെരഞ്ഞെടപ്പ് രംഗത്തു നിന്ന് ശ്രീധരൻ പിള്ള പിൻമാറിയേക്കും.

ps sreedharan pillai may not be contest in loksabha election
Author
Delhi, First Published Mar 16, 2019, 12:31 PM IST

ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് സൂചന. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ ശ്രീധരൻ പിള്ള ഉന്നമിട്ടത് പത്തനംതിട്ടയാണ്. എന്നാൽ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സര രംഗത്ത് വേണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. ഇതോടെ തൃശൂര്‍ മണ്ഡലം തുഷാറിന് വിട്ട് നൽകാൻ ബിജെപി നിര്‍ബന്ധിതരാകും. 

പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാട് കെ സുരേന്ദ്രൻ ബിജെപി കോര്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. തുഷാര്‍ വരുന്നതോടെ തൃശൂരിൽ അവസരം പോയ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഏറ്റവും ഒടുവിലെ നീക്കം. അങ്ങനെ എങ്കിൽ തെരഞ്ഞെടപ്പ് രംഗത്തു നിന്ന് ശ്രീധരൻ പിള്ള പിൻമാറുമെന്നാണ് സൂചന.

അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടി പത്തനംതിട്ടയിൽ അവകാശ വാദം ഉന്നയിച്ച് എംടി രമേശും രംഗത്തുണ്ട്. കോഴിക്കോട്ടേക്കാണ് ബിജെപി സംസ്ഥാന നേതൃത്വം എംടി രമേശിനെ പരിഗണിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിനില്ലെന്ന് എംടി രമേശ് നേരത്തെ നിലപാടെടുത്തിരുന്നു. 

സുരേഷ് ഗോപി മത്സര രംഗത്ത് ഉണ്ടായേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ദേശീയ നേതൃത്വം നിര്‍ബന്ധിച്ചാൽ മത്സരിക്കുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കൊല്ലത്ത് പൊതു സ്വതന്ത്രനെന്ന നിലയിൽ സിവി ആനന്ദബോസിനെ പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്‍റെതാകും.

പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ പേര് സംസ്ഥാന നേതൃത്വം പറയുമ്പോൾ സി കൃഷ്ണകുമാറിന്‍റെ പേര് വി മുരളീധര വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്. ആറ്റിങ്ങലിൽ പികെ കൃഷ്ണദാസ്, കണ്ണൂരിൽ സികെ പദ്മനാഭൻ,കോഴിക്കോട് എംടി രമേശ് ഇല്ലെങ്കിൽ കെപി ശ്രീശൻ, മാവേലിക്കരയിൽ പിഎം വേലായുധൻ എന്നിവര്‍ സാധ്യതാ പട്ടികയിൽ ഉണ്ട്.

പൊന്നാനിയിൽ എം ടി രമ മത്സരിക്കും. ചാലക്കുടിയിൽ എ എൻ രാധാകൃഷ്ണൻ പട്ടികയിലുണ്ടെങ്കിലും യുവമോര്‍ച്ച നേതാവ് എജെ അനൂപിനെയാണ് മുരളീധര വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. തെരഞ്ഞെടുപ്പ് സമിതിയോഗം ദില്ലിയിൽ നടക്കുന്നുണ്ടെങ്കിലും ആദ്യഘട്ട സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിൽ കേരളം ഉൾപ്പെടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. 

Follow Us:
Download App:
  • android
  • ios