Asianet News MalayalamAsianet News Malayalam

രാഹുലിന് വേണ്ടി കേരളത്തിൽ പാകിസ്ഥാൻ പതാക വീശി പ്രചാരണം നടന്നെന്ന് ബിജെപി നേതാവ്

മുസ്ലീം ലീഗിന്‍റെ പതാകയാണ് പാകിസ്ഥാൻ പതാകയായി ബിജെപി നേതാവ് പ്രേരണ കുമാരി തെറ്റിദ്ധരിപ്പിക്കുന്നത്.  'ഞെട്ടിപ്പിക്കുന്നത്' എന്ന് വിശേഷിപ്പിച്ചാണ് മുസ്ലീം ലീഗിന്‍റെ പ്രകടനദൃശ്യങ്ങൾ പ്രേരണാകുമാരി ട്വീറ്റ് ചെയ്തത്.

Rahul Gandhis candidature is celebrating in Wayanadu waving Pakistan flags, alleges BJP
Author
Delhi, First Published Apr 1, 2019, 3:15 PM IST

ദില്ലി:കേരളത്തിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നതോടെ പാകിസ്ഥാൻ പതാകകൾ വീശി വയനാട്ടിൽ ആഘോഷം നടന്നുവെന്നാണ്  സുപ്രീം കോടതിയിലെ ബിജെപി ലീഗൽ സെൽ സെക്രട്ടറിയും സംഘപരിവാർ സംഘടനയായ പൂർവാഞ്ചൽ മോർച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയുടെ ട്വീറ്റ്. മുസ്ലീം ലീഗിന്‍റെ സന്തോഷപ്രകടനത്തിന്‍റെ വീഡിയോ ആണ് പാകിസ്ഥാൻ പതാക വീശിയുള്ള പ്രകടനം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രേരണാകുമാരി ട്വീറ്റ് ചെയ്തത്.

'ഞെട്ടിപ്പിക്കുന്നത്' എന്ന് വിശേഷിപ്പിച്ചാണ് മുസ്ലീം ലീഗിന്‍റെ പ്രകടനദൃശ്യങ്ങൾ പ്രേരണാകുമാരി ട്വീറ്റ് ചെയ്തത്. കോൺഗ്രസ് എന്തിനാണ് വയനാട് തെരഞ്ഞെടുത്തത് എന്നിപ്പോൾ മനസിലായില്ലേ എന്നും പ്രേരണാ കുമാരി ചോദിക്കുന്നു. നിരവധി പേരാണ് പാകിസ്ഥാൻ പതാക വീശിയുള്ള പ്രകടനം എന്ന് തെറ്റിദ്ധരിച്ച് പ്രേരണാകുമാരിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. പ്രകടനത്തിൽ വീശുന്നത് പാകിസ്ഥാന്‍റെ പതാകയല്ലെന്നും മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടേതാണെന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചെങ്കിലും പ്രേരണാകുമാരി അതിനോട് പ്രതികരിച്ചിട്ടില്ല.

വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹിന്ദു കാർഡ‍ിറക്കി പ്രചാരണം നടത്താനാണ് ബിജെപിയുടെ തീരുമാനം. മഹാരാഷ്ട്രയിലെ വാർദ്ധയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലും കോൺഗ്രസ് നേതാക്കൾ പാകിസ്ഥാനിൽ താരങ്ങളാകുന്നവരാണ് എന്ന് പറഞ്ഞിരുന്നു. ഹിന്ദുക്കളെ അപമാനിക്കുന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും സമാധാനപ്രിയരായ ഹിന്ദുക്കളെ കോൺഗ്രസ് ഭീകരർ ആയാണ് കാണുന്നതെന്നും മോദി തെര‌ഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസിന് ഭയമാണെന്നും വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെപ്പറ്റി മോദി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios