Asianet News MalayalamAsianet News Malayalam

കാസര്‍ഗോട്ടെ വാടക വീട്ടില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്ന പരാതിയുമായി രാജ്മോഹൻ ഉണ്ണിത്താൻ

തെരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്നാണ് സ്ഥാനാർത്ഥിയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മേൽപ്പറമ്പിലെ വാടക വീട്ടിലായിരുന്നു ഉണ്ണിത്താന്റെ താമസം.

rajmohan unnithan alleges theft of election campaign fund
Author
Kasaragod, First Published May 10, 2019, 11:01 PM IST

കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്ന പരാതിയുമായി കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താൻ പരാതി നൽകി.

തെരഞ്ഞെടുപ്പ്  പ്രഖ്യാപിക്കുന്നതിന് മുമ്പെ തുടങ്ങിയതാണ് കാസർഗോട്ടെ കോൺഗ്രസിൽ പ്രശ്നങ്ങൾ. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പൊട്ടിത്തെറിയുടെ വക്കിലെത്തിയെങ്കിലും എല്ലാം പറഞ്ഞൊതുക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടെടുപ്പടക്കം അവസാനിച്ചെങ്കിലും വിവാദങ്ങൾ പടരുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്നാണ് സ്ഥാനാർത്ഥിയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മേൽപ്പറമ്പിലെ വാടക വീട്ടിലായിരുന്നു ഉണ്ണിത്താന്റെ താമസം. 

പ്രചാരണത്തിനായി കൊല്ലത്ത് നിന്നും പാർട്ടി പ്രവർത്തകരും സുഹൃത്തുകളും എത്തിയിരുന്നു. ഇതിൽ ഒരു പ്രാദേശിക നേതാവ് തെരഞെടുപ്പ് ഫണ്ടിൽ നിന്നും എട്ട് ലക്ഷത്തോളം രൂപാ മോഷ്ടിച്ചെന്നാണ് ആരോപണം. തിരികെ ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഉണ്ണിത്താൻ അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്തെത്തി ഈ നേതാവിനോട് പണത്തിന്റെ കണക്ക് ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാതിരുന്നതോടെയാണ് പരാതി നൽകിയത്. ഭീഷണി കോൾ വന്ന ഫോൺ നമ്പറടക്കം പരാതിയിലുണ്ട്. പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് എസ്ഐയെ ചുമതലപ്പെടുത്തി.

പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിക്കുമ്പോഴും ഉണ്ണിത്താൻ പ്രതികരിക്കാൻ തയ്യാറാകുന്നില്ല. എതായാലും പുതിയ വിവാദത്തിലും പരാതിയിലും കാസർഗോട്ടെ നേതാക്കളില്ലല്ലോ എന്ന ആശ്വാസത്തിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.

Follow Us:
Download App:
  • android
  • ios