Asianet News MalayalamAsianet News Malayalam

'ശബരിമല' സജീവമാക്കാൻ ബിജെപി: ചട്ടം ലംഘിച്ചും ശരണം വിളിച്ച് പ്രചാരണം, കൂടെ കർമസമിതിയും

തൽക്കാലം പെരുമാറ്റച്ചട്ടങ്ങളൊന്നും നോക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ ശ്രീധരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പെരുമാറ്റച്ചട്ടം ബാധകമല്ലെന്ന് ശബരിമല കർമസമിതിയും പറയുന്നു. 

sabarimala active campaign in election
Author
Thiruvananthapuram, First Published Apr 13, 2019, 1:27 PM IST

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം ലംഘിച്ചും ശബരിമല സജീവചർച്ചാ വിഷയമാക്കാൻ ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് പോയതിന് പിറ്റേന്നാണ് ശബരിമലയെ ചുറ്റിപ്പറ്റിത്തന്നെ പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. ഹിന്ദു ഭൂരിപക്ഷമേഖലകളിൽ ശബരിമല വിഷയമുന്നയിക്കുമ്പോൾ കിട്ടുന്ന പിന്തുണയാണ് ബിജെപിയെ തന്ത്രം മാറ്റാൻ പ്രേരിപ്പിച്ച ഘടകം. ശരണം വിളിച്ച് പ്രചാരണയോഗങ്ങളിൽ പ്രസംഗം തുടങ്ങാനാണ് ബിജെപി സ്ഥാനാർത്ഥികൾക്ക് നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.

ശബരിമല കർമസമിതിയും പൂർണപിന്തുണയുമായി ബിജെപിക്കൊപ്പമുണ്ട്. എന്നാൽ ലക്ഷ്മണരേഖ മറികടന്നാൽ കർശനനടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.

ശബരിമലയല്ല പ്രധാനചർച്ചാ വിഷയമെന്നാണ് ആദ്യം ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നത്. ശബരിമല ഉയർത്തിക്കാട്ടി വോട്ട് പിടിക്കുമെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവന ശ്രീധരൻ പിള്ള അന്ന് തള്ളിപ്പറയുകയും ചെയ്തു. സംസ്ഥാനാദ്ധ്യക്ഷൻ താനാണെന്നും പ്രചാരണവിഷയമെന്താണെന്ന് താൻ പറയുമെന്നുമായിരുന്നു അന്ന് ശ്രീധരൻ പിള്ള പറഞ്ഞത്. എന്നാലിപ്പോൾ ശ്രീധരൻ പിള്ള വീണ്ടും നിലപാട് മാറ്റി:

''ശബരിമല ഞങ്ങളുടെ ആത്മാവിൽ അധിഷ്ഠിതമായ പ്രശ്നമാണ്. അത് ജനങ്ങളുടെ സജീവശ്രദ്ധയിൽ വരണം. അതിനെ നിയന്ത്രിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പുണ്ട്. കോടതി പറയുന്ന കാര്യങ്ങളെ എതിർക്കുന്നതിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നുമില്ലല്ലോ'', പിള്ള ഇപ്പോൾ പറയുന്നു.

 പത്തനംതിട്ടയിൽ കെ സുരേന്ദ്രനും തൃശ്ശൂരിൽ സുരേഷ് ഗോപിക്കും കിട്ടുന്ന പിന്തുണയാണ് ബിജെപിയെ മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്. വിശ്വാസ സംരക്ഷണത്തിനായി ബിജെപി  മാത്രമാണുണ്ടായിരുന്നതെന്ന് ഒരു വിഭാഗമാളുകൾ വിശ്വസിക്കുകയും പിന്തുണയറിയിച്ച് രംഗത്ത് വരികയും ചെയ്യുന്നു. ഈ വിഭാഗത്തെ മുഴുവൻ വോട്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെയാണ് പ്രധാനമന്ത്രിയെ സാക്ഷിയാക്കി വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന എൻഡിഎ പ്രചാരണ പരിപാടിയിലും ശ്രീധരൻ പിള്ള ഇതേ നിലപാട് ആവർത്തിച്ചത്.  

ബിജെപിക്ക് പൂർണ പിന്തുണയുമായി ശബരിമല കർമസമിതിയുമുണ്ട്. പെരുമാറ്റച്ചട്ടം ബാധകമല്ലെന്നാണ് ശബരിമല കർമസമിതി നേതാവ് ചിദാനന്ദപുരി വ്യക്തമാക്കുന്നത്. കർമസമിതി രാഷ്ട്രീയപ്രസ്ഥാനമല്ല, പാർട്ടിയല്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല - ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പെരുമാറ്റച്ചട്ടങ്ങൾ ബാധകവുമല്ല - എന്നാണ് ചിദാനന്ദ പുരി പറയുന്നത്.

എന്നാൽ, ബിജെപി പച്ചയായി വര്‍ഗീയത പറയുന്നുവെന്ന് ഇടത് പക്ഷം കുറ്റപ്പെടുത്തുന്നു. ശബരിമല തന്നെ ചട്ടം ലംഘിച്ചും ഉയർത്തിപ്പിടിക്കുന്ന ബിജെപിയുടെ നിലപാട് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന കണക്ക് കൂട്ടലിലാണ് എൽഡിഎഫ്. സമൂഹത്തെ വേര്‍തിരിക്കുന്ന പ്രസ്താവനകള്‍‍ക്കെതിരെ മതനിരപേക്ഷ വോട്ടുകള്‍ സമാഹരിക്കപ്പെടുമെന്നാണ് അവരുടെ പ്രതീക്ഷ. വിശ്വാസികൾക്കൊപ്പമാണെങ്കിലും ആളുകളെ വേർതിരിക്കുന്ന ബിജെപിയുടെ വർഗീയ നിലപാടിനെതിരാണെന്നാണ് കോൺഗ്രസും വ്യക്തമാക്കുന്നത്. 

എന്നാൽ ലക്ഷ്മണ രേഖ കടന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കുന്നു. എന്നാൽ ആചാരസംരക്ഷണത്തെക്കുറിച്ച് പറയുകയും, ശബരിമല എന്ന വാക്കുച്ചരിക്കാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രിയെ മീണ പുകഴ്‍ത്തുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios