Asianet News MalayalamAsianet News Malayalam

കാനനപാതയില്‍ പിണറായിക്ക് കാലിടറിയതെങ്ങനെ; ശബരിമലയില്‍ ബിജെപിക്ക് പിഴച്ചതെവിടെ

എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് പൊതു തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വം നല്‍കിയിരിക്കുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങിലൊന്നാണ് യു ഡി എഫ് നേടികൊണ്ടിരിക്കുന്നത്

sabarimala issue helps udf to big victory
Author
Thiruvananthapuram, First Published May 23, 2019, 1:39 PM IST

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതോടെയാണ് കേരള രാഷ്ട്രീയം പുതിയ ദിശയിലേക്ക് മാറിയത്. എന്ത് വിലകൊടുത്തും യുവതികളെ പ്രവേശിപ്പിക്കുമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും നിലപാടെടുത്തതോടെ അയ്യപ്പ ഭക്തന്‍മാർ തെരുവിലിറങ്ങി. സംഘപരിവാർ നേതൃത്വത്തില്‍ ബിജെപിയായിരുന്നു തെരുവിലെ പ്രക്ഷോഭങ്ങള്‍ നയിച്ചത്. കേരളത്തിലെ രാഷ്ട്രീയ പോരാട്ടം സിപിഎമ്മും സംഘപരിവാറും തമ്മിലേക്ക് മാറുന്നുവെന്ന് തോന്നിപ്പിക്കുന്ന നിലയിലായിരുന്നു കാര്യങ്ങള്‍.

യു ഡി എഫും കോണ്‍ഗ്രസും ചിത്രത്തിലില്ലെന്ന് ഓരോ നിമിഷവും ഇടത് പക്ഷ-സംഘപരിവാർ അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു. സോഷ്യല്‍ മീഡിയയിലെ മുന്‍തൂക്കം ഇവർ നന്നായി ഉപയോഗിക്കുകയും ചെയ്തു. വിശ്വാസ സംരക്ഷണത്തിനായി കാനനപാതയില്‍ ജനങ്ങള്‍ കലാപം സൃഷ്ടിക്കുമ്പോള്‍ യു ഡി എഫും കോണ്‍ഗ്രസു എവിടെയാണെന്ന ചോദ്യം സംഘപരിവാർ നേതാക്കള്‍ പരസ്യമായി തന്നെ ചോദിച്ചു.

യുവതികളുടെ ശബരിമല പ്രവേശനത്തിനായി നിലയുറപ്പിച്ചത് ഇടതുപക്ഷമാണെന്നും അതുകൊണ്ടുതന്നെ സ്ത്രീകളുടെ വോട്ട് ഉറപ്പാണെന്നുമായിരുന്നു എല്‍ ഡി എഫ് ക്യാമ്പുകളിലെ അടക്കം പറച്ചില്‍. നവോത്ഥാനത്തിന്‍റെ മതിലുകെട്ടി ഇടതുപാർട്ടികള്‍ കരുത്തുകാട്ടിയതും അവര്‍ എടുത്തുകാട്ടി. കേരളത്തെ കലാപഭൂമിയാക്കാന്‍ സംഘപരിവാർ ശ്രമിക്കുമ്പോള്‍ യു ഡി എഫ് എവിടെയാണെന്ന ചോദ്യമാണ് ഇടതു നേതാക്കള്‍ ചോദിച്ചത്.

എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് പൊതു തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വം നല്‍കിയിരിക്കുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങിലൊന്നാണ് യു ഡി എഫ് നേടികൊണ്ടിരിക്കുന്നത്. ഈ വമ്പന്‍ ജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി നേതാക്കള്‍ ചൂണ്ടാകാട്ടുന്നത് ശബരിമല വിഷയത്തിലെടുത്ത തന്ത്രപരമായ സമീപനമാണെന്നാണ്.

യുവതി പ്രവേശനക്കാര്യത്തില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ സംസ്ഥാന സർക്കാർ സാവകാശം തേടണമെന്നായിരുന്നു യു ഡി എഫും കോണ്‍ഗ്രസും പരസ്യമായി ആവശ്യപ്പെട്ടത്. ആരുടെയും വിശ്വാസത്തെയും ആചാരത്തെയും വേദനപ്പിക്കാനും മുറിവേല്‍പ്പിക്കാനുമില്ലെന്നും അവർ വ്യക്തമാക്കി. ഒപ്പം തന്നെ കേരളത്തെ കലാപഭൂമിയാക്കാനുള്ള പ്രക്ഷോഭങ്ങള്‍ നടത്തില്ലെന്നും നേതാക്കള്‍ നിലപാടെടുത്തു. അതേസമയം തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുളളവർ ശബരിമലയില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങി.

മാസങ്ങള്‍ക്കിപ്പുറം തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ പൂർത്തിയാകുമ്പോള്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും യു ഡി എഫും സ്വീകരിച്ച നിലപാടിനാണ് കേരളം കൈയ്യടിക്കുന്നതെന്ന് വ്യക്തമാകും. ശബരിമല ഏറ്റവും അധികം ചർച്ചയായ പത്തനംതിട്ടയിലടക്കം തിളക്കമാർന്ന വിജയം നേടാന്‍ കാരണവും മറ്റൊന്നല്ല. 

 

Follow Us:
Download App:
  • android
  • ios