Asianet News MalayalamAsianet News Malayalam

ഒരു മണ്ഡലത്തിലെ അഞ്ച് വിവി പാറ്റ് മെഷീനുകളുടെ രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി

ജനാധിപത്യത്തിൽ എല്ലാവരേയും കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് വിധി പുറപ്പെടുവിച്ചത്. നിലവിൽ ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു മെഷീനിലെ രസീതുകൾ മാത്രമാണ് എണ്ണുന്നത്.

SC Directs ECI To Increase VVPAT Verification From One EVM To Five EVMs Per Constituency
Author
Delhi, First Published Apr 8, 2019, 12:45 PM IST

ദില്ലി:എല്ലാ മണ്ഡലങ്ങളിലേയും അഞ്ച്  വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി. അൻപത് ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. വിവി പാറ്റ് രസീതുകൾ എണ്ണാൻ വലിയ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങൾ നീളുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.

ജനാധിപത്യത്തിൽ എല്ലാവരേയും കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് വിധി പുറപ്പെടുവിച്ചത്. നിലവിൽ ഒരു മണ്ഡലത്തിലെ ഒരു മെഷീനിലെ രസീതുകൾ മാത്രമാണ് എണ്ണുന്നത്. ഇത് അഞ്ചാക്കി ഉയർത്തുന്നതുകൊണ്ട് ഗണ്യമായ സമയവ്യത്യാസം ഫലപ്രഖ്യാപനത്തിൽ ഉണ്ടാകാനിടയില്ല. ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പരാതിയുണ്ടെങ്കിൽ വീണ്ടും വോട്ടെണ്ണൽ നടത്താം. അപ്പോൾ വേണ്ടിവന്നാൽ മുഴുവൻ വിവിപാറ്റ് രസീതുകളും എണ്ണാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നിലപാട് അറിയിച്ചത്. വിവി പാറ്റ് എണ്ണിയാൽ വോട്ടെണ്ണൽ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഫലം അറിയാൻ കാത്തിരിക്കാൻ തയ്യാറാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാൽ മെയ് 23 ന് നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒൻപത് ദിവസമെങ്കിലും വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഏതായാലും ഒടുവിൽ ഒരു മണ്ഡലത്തിലെ അഞ്ച് മെഷീനുകളുടെ രസീതുകൾ എണ്ണാൻ സുപ്രീം കോടതി വിധിക്കുകയായിരുന്നു.


എന്താണ് വിവിപാറ്റ്?

വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും. അതിനാണ് വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോ​ഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാർഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാൻ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനത്തിലുണ്ട്. വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടുകൾ ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രത്തിൽ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന ഘട്ടത്തിൽ വിവിപാറ്റ് സംവിധാനം വളരെ ഉപകാ​രപ്രദമാണ്. 

വിവിപാറ്റുകളുടെ പ്രവര്‍ത്തന രീതി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്പോള്‍ അത് വിവിപാറ്റിലും രേഖപ്പെടുന്നു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് ഒരു കടലാണ് അച്ചടിച്ചു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടർന്ന് വോട്ടർമാർക്ക് ആ പേപ്പർ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്‍റ് സമയം നൽകും. 

എന്നാൽ ആ രസീതുകൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല. അതത് ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടികളിൽ രസീതുകൾ നിക്ഷേപിക്കണം. ഇത്തരത്തിൽ പേപ്പർ രസീതുകൾ ബോക്സുകളിൽ നിക്ഷേപിക്കുന്നത് കൊണ്ട് വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ ഇവ എണ്ണാൻ സാധിക്കും. വിവിപാറ്റ് മെഷിനുകൾ വോട്ടര്‍മാർക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യയിൽ ആദ്യമായി വിവിപാറ്റ് സംവിധാനം ഉപയോ​ഗിച്ചത് 2013ൽ നാ​ഗാലാന്‍റിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്.

Follow Us:
Download App:
  • android
  • ios