Asianet News MalayalamAsianet News Malayalam

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചായാലും കനയ്യയെ തോൽപ്പിക്കണമെന്ന പരാമർശം; ശിവസേന നേതാവിന് നോട്ടീസ്

കനയ്യയ്ക്കെതിരെയുള്ള പരാമർശം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റാവത്തിന് തെരഞ്ഞെടുപ്പ് ഓഫീസർ നോട്ടീസ് നൽകിയത്. 

sena leader gets notice for remarks over kanhaiya kumar
Author
Mumbai, First Published Apr 2, 2019, 2:48 PM IST

മുംബൈ: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കനയ്യകുമാറിനെതിരെ വിവാദ പരാമർശം ഉയർത്തിയ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന് മുംബൈ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. കനയ്യയ്ക്കെതിരെയുള്ള പരാമർശം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റാവത്തിന് തെരഞ്ഞെടുപ്പ് ഓഫീസർ നോട്ടീസ് നൽകിയത്. 

കഴിഞ്ഞ ദിവസമാണ്  സേനാ മുഖപത്രമായ സാമ്‌നയിൽ എഴുതിയ ലേഖനത്തില്‍ കനയ്യയ്ക്കെതിരെ റാവത്ത് വിവാദ പരാമർശം ഉന്നയിച്ചത്. കനയ്യ വിഷക്കുപ്പിയാണെന്നും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചായാലും തോൽപ്പിക്കണമെന്നും ലേഖനത്തില്‍ റാവത്ത് ആവശ്യപ്പെട്ടു. കനയ്യ കുമാറിന്റെ വിജയം ഭരണഘടനയുടെ പരാജയമാണെന്നും റാവത്ത് ആരോപിച്ചു. കനയ്യ ലോക്സഭയിൽ എത്തില്ലെന്ന് ഉറപ്പാക്കണമെന്നും റാവത്ത് ലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം  തങ്ങൾ തെരഞ്ഞടുപ്പ് കമ്മീഷനെ ബഹുമാനിക്കുന്നുന്നവരാണെന്നും നോട്ടീസിൽ പ്രതികരിക്കുമെന്നും സമയം നൽകുകയാണെങ്കിൽ തന്റെ നിലപാട് വ്യക്തമാക്കുമെന്നും റാവത്ത് വാർത്താ ഏജൻസിയായ പിറ്റിഐയോട് പറഞ്ഞു.

ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റായ കനയ്യ കുമാർ ബെഗുസരായി മണ്ഡലത്തിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെയാണ് നേരിടുന്നത്. 
 

Follow Us:
Download App:
  • android
  • ios